സമാജത്തിലെ എംബസി 'സെസി'ല്‍ കോണ്‍സുലര്‍ ഓഫീസറുടെ സേവനം - Bahrain Keraleeya Samajam

Breaking

Tuesday, July 20, 2010

സമാജത്തിലെ എംബസി 'സെസി'ല്‍ കോണ്‍സുലര്‍ ഓഫീസറുടെ സേവനം

കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 'സെസി'ല്‍ രേഖകളുടെ അറ്റസ്‌റ്റേഷനും അഫിഡവിറ്റിനും വേണ്ടി കോണ്‍സുലര്‍ ഓഫീസറുടെ സേവനം ലഭ്യമാക്കാന്‍ എംബസി തീരുമാനിച്ചു.

ആഗസ്റ്റ് മുതല്‍ എല്ലാ മാസത്തെയും ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ വൈകീട്ട് ആറുമുതല്‍ ഏഴുവരെ 'സെസി'ല്‍ എംബസിയില്‍ നിന്നുള്ള കോണ്‍സുലര്‍ ഓഫീസറുണ്ടായിരിക്കും. ജോലി സമയത്ത് എംബസിയില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സമാജത്തിലെ പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷകരുടെ പ്രതികരണം പരിശോധിച്ച് മൂന്നുമാസത്തിനുശേഷം പുതിയ സംവിധാനത്തെക്കുറിച്ച് അവലോകനം നടത്തും.

സമാജം സെസിന്റെ ഒമ്പതുമാസത്തെ പ്രവര്‍ത്തനം വിജയകരമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലര്‍ ഓഫീസറുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് അന്നത്തെ കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത 'സെസ്' ഇതുവരെ 2000ലേറെ പേര്‍ പ്രയോജനപ്പെടുത്തി. പാസ്‌പോര്‍ട്ട് പുതുക്കല്‍, നവജാതശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, മേല്‍വിലാസത്തിലെ മാറ്റം, പുതുതായി പേരു ചേര്‍ക്കല്‍ എന്നിവയാണ് 'സെസി'ല്‍ ചെയ്തുകൊടുക്കുന്നത്. പ്രോസസിംഗ് ചാര്‍ജായി 500 ഫില്‍സ് ഈടാക്കും.

പ്രത്യേക പരിശീലനം ലഭിച്ച 15 സ്ത്രീകളാണ് 'സെസി'ന് നേതൃത്വം നല്‍കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. സെസ്' സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കോ- ഓഡിനേറ്റര്‍ ടി.ജെ ഗിരീഷുമായി (39885506) ബന്ധപ്പെടാം.

No comments:

Pages