പതിറ്റാണ്ടുകള്‍ക്കുമുമ്പ് “വികടയോഗി'എന്ന നാടകത്തിനുവേണ്ടി രൂപപ്പെട്ട കൂട്ടായ്മയില്‍ നിന്നും പടര്‍ന്നുപന്തലിച്ച നാടകചരിത്രത്തില്‍ അവിസ്മരണീയ നിമിഷം രേഖപ്പെടുത്തി നടന്‍ തിലകന്റെ സാന്നിധ്യത്തില്‍ കേരളീയ സമാജത്തില്‍ സമാജം സ്കൂള്‍ ഓഫ് ഡ്രാമക്ക് തിരശ്ശീല ഉയര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ സമാജത്തിന് സമര്‍പ്പിച്ച മനോഹരമായ യവനികക്കുമുന്നില്‍ തിലകന്‍ നിലവിളക്ക് കൊളുത്തിയപ്പോള്‍ നാട്ടിലെ നാടകക്കാലം സദസ്യരുടെ ഹൃദയത്തില്‍ തെളിഞ്ഞുവന്നു. പ്രവാസികളുടെ അടുത്ത തലമുറയെക്കൂടി സമാജത്തിന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ വളര്‍ത്തിവിടണമെന്നും അങ്ങനെ ഈ സംവിധാനത്തെ അനന്തമായി നിലനിര്‍ത്തണമെന്നും തിലകന്‍ അഭ്യര്‍ഥിച്ചു.
അഭിനയജീവിതത്തില്‍ സ്വന്തം കൈകള്‍ കൊണ്ട് തുടക്കം കുറിക്കുന്ന രണ്ടാമത്തെ നാടകസമിതിയാണിതെന്ന് തിലകന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 1955ല്‍ ജന്മനാടായ മുണ്ടക്കയത്ത് രൂപവത്കരിച്ച “മുണ്ടക്കയം നാടക കലാസമിതി' യാണ് ആദ്യത്തേത്. സമിതിയുടെ പേര് ഒരു ബോര്‍ഡില്‍ താന്‍ തന്നെ എഴുതി സ്ഥാപിച്ചാണ് അത് ഉദ്ഘാടനം ചെയ്തത്.
തൊഴില്‍ തേടിയെത്തിയ നിങ്ങള്‍ക്ക് തൊഴില്‍ കിട്ടിയപ്പോള്‍, ഉള്ളില്‍ ഇരുട്ടുബാക്കിയാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. ആ ഇരുട്ടകറ്റാനാണ് വിളക്കുകൊളുത്തി ഡ്രാമ സ്‌കൂള്‍ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ചെറിയ കാല്‍വെപ്പല്ല; അദ്ദേഹം പറഞ്ഞു.
സിനിമ ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോഴാണ് തന്നെ സിനിമയില്‍ നിന്ന് പുറത്താക്കുന്നത്. സിനിമ ഒരു കലാലോകം ആണെന്നും കലാകാരന്റെ ഹൃദയമുള്ള ആരെങ്കിലും സിനിമയില്‍ ഉണ്ടെന്നും ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോകുകയാണ്.
അമ്പലപ്പുഴയില്‍ “അക്ഷരജ്വാല' എന്നൊരു നാടകസമിതിയുണ്ടാക്കിയതായും ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകമാണ് ആദ്യമായി കളിക്കാന്‍ പോകുന്നതെന്നും തിലകന്‍ പറഞ്ഞു. ആത്മസംതൃപ്തി വേണമെങ്കില്‍ നാടകം കളിക്കണം. ഓരോ അഭിനയമുഹൂര്‍ത്തവും ഓരോ ധ്യാനമാണ്. അഭിനയം ആരോഗ്യത്തിനുവരെ ആരോഗ്യകരമായ കാര്യമാണ്. അതുകൊണ്ടാണ് സിനിമയിലെ ഒരുമാതിരി പാമ്പുകളൊക്കെ കൊത്തിയിട്ടും താന്‍ മരിക്കാതിരിക്കുന്നത്. ഞാന്‍ ചിരഞ്ജീവിയാണ്, സ്വയം ആഗ്രഹിക്കുന്ന സമയത്തേ ഞാന്‍ മരിക്കൂവെന്നും തിലകന്‍ പറഞ്ഞു.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. തിലകന്റെ പുതിയ നാടകസംഘത്തിന്റെ ആദ്യ നാടകത്തിന് ബഹ്‌റൈനില്‍ വേദി നല്‍കണമെന്നും നാടകം അവതരിപ്പിക്കാന്‍ സമാജം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ ആദ്യ ബുക്കിംഗായി ഇത് സ്വീകരിക്കുന്നുവെന്ന് തിലകന്‍ മറുപടി നല്‍കി.
ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, പി ടി തോമസ്, സജു കുടശ്ശനാട് എന്നിവര്‍ വേദിയിലുണ്ടായിരുന്നു. ചടങ്ങിന് മുമ്പായി തിലകന്റെ സിനിമാഭിനയജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഫിലിം ക്ലബ് കണ്‍വീനര്‍ അജിത് നായരാണ് ഡോക്യുമെന്ററി തയാറാക്കിയത്. മോഹന്‍രാജാണ് സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍.
No comments:
Post a Comment