എംബസിക്കെതിരെയുള്ള അപവാദ പ്രചാരണം തള്ളികളയുക: കേരളീയ സമാജം - Bahrain Keraleeya Samajam

Breaking

Monday, July 12, 2010

എംബസിക്കെതിരെയുള്ള അപവാദ പ്രചാരണം തള്ളികളയുക: കേരളീയ സമാജം

ഇന്ത്യന്‍ എംബസിക്കെതിരെ ചില പ്രത്യേക കേന്ദ്രളില്‍നിന്നും ഉയരുന്ന ആരോപണങ്ങളും അസത്യ പ്രചാരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.മൂന്നുലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്തുത്യര്‍ഹവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ എംബസി കാഴ്ചവെക്കുന്നത്. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ എംബസിക്ക് കഴിയുന്നു. എല്ലാ മാസവും നടക്കുന്ന ഓപ്പണ്‍ഹൗസില്‍ നൂറുകണക്കിന് പരാതികളാണ് പരിഹരിക്കപ്പെടുന്നത്.ബഹ്‌റൈനിലെ ഇന്ത്യന്‍ സംഘടനകളെയാകെ കൂട്ടിയോജിപ്പിച്ചുള്ള എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പൊതുമാപ്പ് വേളയില്‍ എംബസി നടത്തിയ ഇടപെടല്‍ ഏവര്‍ക്കും ബോധ്യമുള്ളതാണ്. അതുപോലെ ഇപ്പോഴത്തെ ഈസി എക്‌സിറ്റ് പദ്ധതിയിലും എംബസി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ കോണ്‍സുലര്‍ സേവനം സ്വകാര്യവല്‍ക്കരിച്ചിരിക്കയാണ്. എന്നാല്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനം സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കിയിട്ടില്ല. പ്രവാസികളെ കൂട്ടിയോജിപ്പിച്ച് എംബസി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കരുത്തുപകര്‍ന്നത്. പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി മേല്‍നോട്ടത്തില്‍ നടത്തുന്ന രണ്ടു ഇന്‍ഷുറന്‍സ് പദ്ധതികളും എംബസിയുടെ ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ അളവുകോലാണ്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും കരുത്തും പിന്തുണയും നല്‍കിവരുന്ന പ്രസ്ഥാനമാണ് ബഹ്‌റൈന്‍ കേരളീയ സമാജം. എംബസിക്ക് സര്‍വ്വവിധ കരുത്തും നല്‍കാന്‍ സമാജത്തിന് ബാധ്യയുണ്ട്. അതിന്റെ ഭാഗമാണ് എംബസി പ്രവര്‍ത്തനങ്ങള്‍ക്ക് സമാജത്തില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതും കോണ്‍സുലര്‍ എക്‌സ്റ്റന്‍ഷന്‍ സെന്ററര്‍ സമാജത്തില്‍ ആരംഭിച്ചതും. മൂന്നുലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മാഭിമാനമാണ് ഇന്ത്യന്‍ എംബസിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.പത്രത്താളുകളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രം കേരളീയ സമാജത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില കുത്സിതശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Pages