Friday, October 7, 2016

സമാജത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഓണ്‍ലൈന്‍ മുഖാമുഖം

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ്യ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ‘പുതിയ സര്‍ക്കാര്‍, പുതിയ മന്ത്രി’ എന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന അഭിമുഖം 28ന് വൈകീട്ട് അഞ്ചുമണിക്ക് സമാജം ഹാളിലാണ് സംഘടിപ്പിക്കുന്നത്. ‘വിദ്യാഭാസം ലാഭനഷ്ടക്കണക്കില്‍ പെടുത്തണോ?’എന്ന പേരില്‍ നേരത്തെ നടത്തിയ പരിപാടിയുടെ തുടര്‍ച്ചയാണിത്. ഇതില്‍ ബഹ്റൈന്‍ സ്കൂളുകളില്‍ മലയാളം പഠിക്കുന്ന കുട്ടികളെയും അധ്യാപകരെയും കേരളീയ സമാജം മലയാളം പാഠശാലയിലെ കുട്ടികളെയും പങ്കെടുപ്പിച്ച് ഏറ്റവും നല്ല ചോദ്യത്തിന് സമ്മാനം നല്‍കും. ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ട്. ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം bkspvedi@gmail.com. സമാജം ഓഫിസില്‍ നേരിട്ടും ചോദ്യങ്ങള്‍ ഏല്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക. സ്ഥിതി വിവരകണക്കുകള്‍, നയപരമായ വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങള്‍ 20ന് മുമ്പ് ലഭിച്ചാല്‍ മാത്രമേ കൃത്യമായ മറുപടി ലഭിക്കൂ എന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യവേദി സെക്രട്ടറി സുധി പുത്തന്‍വേലിക്കര (33143351), കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍ (39175836) എന്നിവരുമായി ബന്ധപ്പെടാം. ആര്‍ക്കും മുഖാമുഖത്തില്‍ പങ്കെടുക്കാം.കഴിഞ്ഞ മാസങ്ങളില്‍ ധനകാര്യമന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍, ഭക്ഷ്യ- സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമന്‍ എന്നിവരുമായി സമാജം ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചിരുന്നു. ഇതില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

Wednesday, October 5, 2016

ബഹ്‌റൈന്‍ കേരളീയ സമാജം ഗാന്ധിജയന്തി ആഘോഷം.

കേരളീയ മേളകലയിലെ പ്രമുഖര്‍ എത്തും

കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
പ്രവാസ ലോകത്ത് കേരളീയ മേളകലയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജവും ബഹ്റൈനിലെ മലയാളി വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ ‘സോപാനം വാദ്യകലാസംഘവും’ ചേര്‍ന്ന് രണ്ടു ദിവസം നീളുന്ന മേളോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20,21 തിയതികളില്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. തൃശൂര്‍ പൂരത്തിലെ ‘ഇലഞ്ഞിത്തറമേള’ത്തിന് ഉള്‍പ്പെടെ നേതൃത്വം വഹിക്കുന്ന പെരുവനത്തിന്‍െറ സാന്നിധ്യം പ്രവാസികള്‍ക്ക് ആഹ്ളാദകരമായ അനുഭവമാകും. കേരളത്തില്‍ നിന്ന് 35ഓളം വാദ്യകലാകാരന്‍മാര്‍ പെരുവനത്തോടൊപ്പം ചേരും. ബഹ്റൈനില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടെ 135ഓളം പേര്‍ ഒരുമിച്ചാണ് മേളോത്സവം നടത്തുക. ഇന്ത്യക്ക് പുറത്ത് ഇത്രയും പേര്‍ അണിനിരക്കുന്ന കേരളീയ മേളകലാവിരുന്ന് ഇത് ആദ്യമാണെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേളിക്കൈ, സോപാനം, പാണ്ടിമേളം, പഞ്ചവാദ്യം, ഇരട്ട തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയും ശതപഞ്ചാരിമേളവുമാണ് പ്രധാന പരിപാടികള്‍. ഒക്ടോബര്‍ 20ന് വൈകീട്ട് 7.30ന് സദനം വാസുദേവനും ചെറുതാഴം ഗോപാലകൃഷ്ണനും ചേര്‍ന്ന് കേളിക്കൈ അവതരിപ്പിക്കും. തുടര്‍ന്ന് അമ്പലപ്പുഴ ശരത്തിന്‍െറയും സന്തോഷ് കൈലാസിന്‍െറയും നേതൃത്വത്തില്‍ സോപാന സംഗീതം അവതരിപ്പിക്കും. 8.45നാണ് പാണ്ടിമേളം. ഇതിന് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 21ന് കാലത്ത് നടക്കുന്ന പഞ്ചവാദ്യത്തിന് കാഞ്ഞിലശ്ശേരി പത്മനാഭന്‍ നേതൃത്വം നല്‍കും. വൈകീട്ട് ഇരട്ട തായമ്പക സദനം രാജേഷ്, കാഞ്ഞിലശ്ശേരി റിജില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക. കൊമ്പുപറ്റ് മച്ചാട് സുബ്രഹ്മണ്യനും സംഘവും കുഴല്‍പറ്റ് കീഴൂട്ട് നന്ദനും സംഘവും അവതരിപ്പിക്കും. 101 നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ ‘ഗുരുവന്ദനം’ നൃത്തപൂജ നടക്കും. ഭരത്ശ്രീ രാധാകൃഷ്ണനാണ് ഇത് ഒരുക്കുന്നത്. രാത്രി എട്ടിന് നടക്കുന്ന ശതപഞ്ചാരി മേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. പരിപാടിയോടനുബന്ധിച്ച് സോപാനം വാദ്യകലാസംഘത്തിന്‍െറ പ്രഥമ ‘തൗര്യത്രികം’ വാദ്യകലാ പുരസ്കാരം സദനം വാസുദേവന് സമര്‍പ്പിക്കും. 50001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, ജന.കണ്‍വീനര്‍ എം.പി.രഘു, സന്തോഷ് കൈലാസ് (സോപാനം വാദ്യകലാസംഘം), ദേവദാസ് കുന്നത്ത്, മനോഹരന്‍ പാവറട്ടി, സിറാജ് കൊട്ടാരക്കര, അജിത് മാത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, September 28, 2016

"Geethmala"

മുഹമ്മദ് റഫി , കിഷോർ കുമാർ, മുകേഷ് എന്നിവരുടെ കാലഘട്ടം ഹിന്ദി സിനിമാ സംഗീതത്തിൻറെ ഒരു സുവർണ്ണ കാലഘട്ടമായിരുന്നു. ലോകമുള്ളിടത്തോളം കാലം മരിക്കാത്ത ഒട്ടേറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഇവരുടെ തിരഞ്ഞെടുത്ത ഗാനങ്ങൾ BKS നാദബ്രഹ്മം മ്യൂസിക് ക്ലബ്ബ് ഇരുപതോളം വാദ്യ കലാകാരന്മാരുടെ അകമ്പടിയോടെ മ്യൂസിക് സിറ്റി ഓർക്കസ്ട്രയുടെ സഹകരണത്തോടെ സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകീട്ട് 7.30ന് ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു. തെന്നിന്ത്യൻ മുഹമ്മദ് റാഫി എന്നു വിളിക്കുന്ന ശ്രീ കൊച്ചിൻ ആസാദ്, മുകേഷിൻറെ ശബ്ദ തനിമയുള്ള ശ്രീ .നയൻ ഷാ , ബഹറിനിലെ കിഷോർ കുമാർ ശ്രീ .രഞ്ജിത്ത് കുമാർ , ഹിന്ദി ഗാനാലാപനത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ശ്രീമതി.പ്രീതി വാര്യർ, നന്ദകുമാർ മേനോൻ എന്നിവർ നമ്മെ ആ പഴയ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഈ ഗാനവിരുന്നിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം തികച്ചും സൗജന്യം...!!

Saturday, September 24, 2016

കേരളീയ സമാജത്തില്‍ സദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി

കേരളീയ സമാജത്തിലെ ഓണസദ്യ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ഓണസദ്യയില്‍ 5000ത്തിലധികം പേര്‍ പങ്കെടുത്തു. കാലത്ത് 10.30 ന് തുടങ്ങി സദ്യ വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്റൈന്‍ പ്രവാസി സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത സദ്യയോടെ സമാജത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി. പ്രശസ്ത പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. നാലുതരം പായസങ്ങളുമായാണ് സദ്യ തയാറാക്കിയത്. സമാജത്തില്‍ സദ്യക്കത്തെിയവരുടെ തിരക്കുമൂലം സെഗയ മേഖലയിലാകെ വാഹനങ്ങളായിരുന്നു. പലരും ദൂരെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നാണ് വന്നത്.

Friday, September 23, 2016

കേരളീയ സമാജം ഓണസദ്യ ഇന്ന്


കേരളീയ സമാജത്തില്‍ ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍

ബഹ്റൈന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തിലുള്ള ഓണസദ്യ ഇന്ന് നടക്കും. ഇതോടെ, സമാജത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. ഇതിനായി അദ്ദേഹം രണ്ടുദിവസം മുമ്പ് തന്നെ എത്തിയിട്ടുണ്ട്. സദ്യക്കുള്ള തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാജത്തില്‍ സജീവമാണ്. ഇത്തവണ 5000 പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്നത്. കാലത്ത് 11 മണിയോടെ സദ്യ തുടങ്ങും.

Wednesday, September 21, 2016

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ ചർച്ച സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  കഥ  ചർച്ച  സംഘടിപ്പിക്കുന്നു. സപ്തംബർ  28  ബുധനാഴ്ച വൈകീട്ട് എട്ടു മണിക്കാണ് 'മലയാള കഥകളിൽ  ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ബിരിയാണി  എന്ന കഥയെ ആസ്പദമാക്കി കൊണ്ടുള്ള  കഥകളുടെ  പുതുവഴികൾ' എന്ന് പേരിൽ  പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  മലയാള കഥകളിലെ  പുതിയ കഥാകൃത്തുക്കളെയും  അവരുടെ ഭാവനാ  ശൈലിയും അവർ മുന്നോട്ടു വെക്കുന്ന  പ്രമേയ പരമായ പ്രത്യേകത കളെയും വിശകലനം ചെയ്യുന്ന പരിപാടിയിൽ പ്രമുഖർ   വിഷയാവതരണം നടത്തും. തുടർന്നു  കഥയെ ക്കുറിച്ച് ചർച്ച യും നടക്കും . 
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം  സാഹിത്യ വിഭാഗം സെക്രട്ടറി  സുധി  (39168899 ) സാഹിത്യ വേദി കണ്‍വീനർ  ജയകൃഷ്ണൻ   (33537007  ) എന്നിവരെ വിളിക്കാവുന്നതാണ്.