പ്രവാസികളുടെ സാഹിത്യപ്രവര്‍ത്തനത്തിന് ഉണര്‍വേകാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു - Bahrain Keraleeya Samajam

Breaking

Sunday, August 29, 2010

പ്രവാസികളുടെ സാഹിത്യപ്രവര്‍ത്തനത്തിന് ഉണര്‍വേകാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു


പ്രവാസികള്‍ക്കിടയിലെ സാഹിത്യപ്രവര്‍ത്തനത്തിന് പുതിയൊരുണര്‍വുണ്ടായ സമയത്താണ് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹായത്തോടെ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ക്യാമ്പ് ഈ ഉണര്‍വിന് കൂടുതല്‍ ഉത്തേജനമാകുമെന്നും സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എം. മുകുന്ദന്‍, കെ.പി രാമനുണ്ണി, ഡോ. കെ.എസ് രവികുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരുമായുള്ള പുതിയ പ്രവാസി എഴുത്തുകാരുടെ കൂടിക്കാഴ്ചകളും സംവാദങ്ങളും ഇതിനുള്ള സാഹചര്യമൊരുക്കും. നിരവധി പുതിയ എഴുത്തുകാരെ കണ്ടെത്താനും അവര്‍ക്ക് സമകാലിക രചനാസങ്കേതങ്ങളെക്കുറിച്ച് അറിവ് പകരാനുമുള്ള ഫലപ്രദമായ വേദിയായി ക്യാമ്പ് മാറുമെന്നാണ് പ്രതീക്ഷ.
സപ്തംബര്‍ ഒമ്പതിന് വൈകീട്ട് എം മുകുന്ദന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.
10ന് രാവിലെ ക്യാമ്പിന് തുടക്കമാകും. 'കഥ; രചനാനുഭവം' എന്ന വിഷയത്തില്‍ എം. മുകുന്ദന്‍ ക്ലാസെടുക്കും. തുടര്‍ന്ന് അതിഥികളുടെ കഥാ രചനാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകീട്ട് ക്യാമ്പ് അംഗങ്ങളുടെ കഥാ വായനയും എഴുത്തുകാരുമായുള്ള മുഖാമുഖവും. 11ന് രാവിലെ കഥാചരിത്രം സംബന്ധിച്ച ക്ലാസ്. തുടര്‍ന്ന് കഥ- രൂപം, ഘടന എന്ന ക്ലാസ്. വൈകീട്ട് കവികളുടെ കൂട്ടായ്മയും കലാ സാംസ്‌കാരിക പരിപാടികളും. തുടര്‍ന്ന് കഥാ വായന. 12ന് രാവിലെ 'നോവല്‍ എന്ന സാഹിത്യരൂപം' എന്ന വിഷയത്തില്‍ ക്ലാസ്, അംഗങ്ങളുടെ നോവല്‍ ചര്‍ച്ച എന്നിവയുണ്ടാകും. വൈകീട്ട് ക്യാമ്പ് സമാപിക്കും.
നോവല്‍, കഥ എന്നിവയെ ആധാരമാക്കി സാഹിത്യ അക്കാദമി തയാറാക്കിയ സിലബസ് അനുസരിച്ചാണ് ശില്‍പശാല നടത്തുന്നത്. ഡോ. കെ.എസ് രവികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി വിദേശത്ത് നടത്തുന്ന ആദ്യ സാഹിത്യക്യാമ്പുകൂടിയാണിത്. ബഹ്‌റൈനിലെ കവികളും ചിത്രകാരന്മാരും പങ്കെടുത്ത അനുബന്ധ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ബഹ്‌റൈനില്‍ നിന്ന് 50 പേരും ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 40 പേരും ഇതുവരെ ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍. 150ഓളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം 30ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണ- താമസ ചെലവുകള്‍ സമാജം വഹിക്കും. ബഹ്‌റൈന് പുറത്തുനിന്നുവരുന്നവരില്‍ അര്‍ഹരായവരുടെ വിസ സംബന്ധമായ ചെലവുകളും സമാജം വഹിക്കും. ഇത് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.
ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, ജയന്‍ എസ് നായര്‍, സജി കുടശ്ശനാട്, ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages