റേഡിയോ നാടകകാലത്തിന്റെ 'ഫസ്റ്റ് ബെല്‍' - Bahrain Keraleeya Samajam

Breaking

Friday, August 6, 2010

റേഡിയോ നാടകകാലത്തിന്റെ 'ഫസ്റ്റ് ബെല്‍'

ഒരുകാലത്ത് മലയാളിയുടെ കേള്‍വിയെ സര്‍ഗാത്മകമാക്കിയിരുന്ന റേഡിയോ നാടകങ്ങള്‍ പ്രവാസികളുടെ കേള്‍വിയിലേക്ക് വീണ്ടുമെത്തുന്നു. കേരളീയ സമാജം നാടക ക്ലബും റേഡിയോ വോയ്‌സും ചേര്‍ന്ന് ജി.സി.സി തല റേഡിയോ നാടകമല്‍സരത്തിന്- 'ഫസ്റ്റ് ബെല്‍'- വേദിയൊരുക്കുന്നു. മല്‍സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 15ഓളം നാടകങ്ങള്‍ റേഡിയോ വോയ്‌സ് പ്രക്ഷേപണം ചെയ്യും. റേഡിയോ നാടകങ്ങള്‍ക്കായി ജി.സി.സിയില്‍ നടക്കുന്ന ആദ്യ മല്‍സരമാണിതെന്ന് സമാജം- റേഡിയോ വോയ്‌സ് പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശബ്ദത്താല്‍ സൃഷ്ടിക്കപ്പെടുന്ന നവരസങ്ങളെയും ഭാവപ്രപഞ്ചത്തെയും സ്വന്തം ഇഷ്ടത്തിനൊത്ത് സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന ഈ കലാവിദ്യയുടെ ഒരുകാലത്തെ പ്രേക്ഷകസമൂഹമാണ് ഇന്നത്തെ പ്രവാസി തലമുറ. മലയാളി കാതുതുറന്നുപിടിച്ച് കണ്ടിരുന്ന ഈ അരങ്ങ് മലയാളത്തിലെ പല പ്രമുഖ നടീനടന്മാരും സംവിധായകരും സമ്പന്നമാക്കിയിരുന്നു. ദൃശ്യമാധ്യമങ്ങളുടെ റിയാലിറ്റി ഷോകള്‍ കവര്‍ന്നെടുത്ത ആ കാതുകളെ വീണ്ടെടുക്കുകയാണ് 'ഫസ്റ്റ് ബെല്‍'. നാടകത്തെ കൂടുതല്‍ ജനകീയമാക്കുകയും പ്രവാസികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്തുകയുമാണ് മല്‍സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

25-30 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് മല്‍സരത്തിനയക്കേണ്ടത്. മൗലികമോ അല്ലാത്തതോ ആയ രചനകളുടെ നാടകാവിഷ്‌കാരങ്ങളാകാം. സ്‌ക്രിപ്റ്റ് പരിശോധനക്ക് സമാജം ഓഫീസിലോ റേഡിയോ വോയ്‌സ് ഓഫീസിലോ ഈ മാസം 31നുമുമ്പ് എത്തിക്കണം. കവറിനുമുകളില്‍ 'ജി.സി.സി റേഡിയോ നാടക മല്‍സരം' എന്ന് എഴുതണം. സ്‌ക്രിപ്റ്റുകള്‍ pr@radiovoicebahrain.com, bksschoolofdrama@ gmail.com എന്നീ ഇ മെയിലുകളിലും അയക്കാം. അയക്കുന്നയാളുടെ കോണ്‍ടാക്റ്റ് നമ്പറും വേണം. തെരഞ്ഞെടുക്കപ്പെടുന്ന സ്‌ക്രിപ്റ്റുകളുടെ റേഡിയോ ആവിഷ്‌കാരത്തിന്റെ സി.ഡികള്‍ സപ്തംബര്‍ 25നകം ലഭിക്കണം. ഓരോ ദിവസവും പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങളെക്കുറിച്ച്, അവതരണത്തിനുശേഷം 20 മിനിറ്റ് വിശകലനങ്ങളുണ്ടാകും. ഇതില്‍ നാടകപ്രവര്‍ത്തകരും ശ്രോതാക്കളും പങ്കെടുക്കും. പ്രമുഖരടങ്ങിയ വിധികര്‍ത്താക്കളാണ് സമ്മാനാര്‍ഹമായ നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മികച്ച നാടകം, സംവിധായകന്‍, നടന്‍, നടി, ജനപ്രിയ നാടകം എന്നിവക്ക് അവാര്‍ഡ് നല്‍കും. അവതരണയോഗ്യമായ നാടകങ്ങളുടെ അണിയറ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവകുമാര്‍ (39879796), പ്രദീപ് പുറവങ്കര (36458398) എന്നിവരുമായി ബന്ധപ്പെടാം.

സമാജം ആക്റ്റിംഗ് പ്രസിഡന്റ് കെ.എസ് സജുകുമാര്‍, ജന. സെക്രട്ടറി എന്‍.കെ വീരമണി, ശിവകുമാര്‍, ടി.ജെ ഗിരീഷ്, സജി കുടശ്ശനാട്, റേഡിയോ വോയ്‌സ് പ്രതിനിധികളായ സന്തോഷ് പാലി, പ്രദീപ് പുറവങ്കര, അമീര്‍ വാടിക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages