സമാജം സാഹിത്യ ശില്‍പ്പശാല എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും - Bahrain Keraleeya Samajam

Breaking

Friday, August 27, 2010

സമാജം സാഹിത്യ ശില്‍പ്പശാല എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും

ബഹ്‌റൈന്‍ കേരളീയ സമാജം, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജിസിസി സാഹിത്യ ശില്‍പ്പശാല സെപ്തംബര്‍ 9 ന് വൈകിട്ട് ഡയമണ്ട് ജൂബിലി ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പത്തുമുതല്‍ 12 വരെ നടക്കുന്ന ശില്‍പ്പശാലക്ക് മുകുന്ദന്‍ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരൂപകന്‍ ഡോ. കെ. എസ്. രവികുമാറാണ് ക്യാമ്പ് ഡയറക്ടര്‍. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി എന്നിവര്‍ ക്യാമ്പില്‍ ക്ലാസെടുക്കും. അംഗങ്ങളായും അതിഥികളായും നൂറിലധികം പേര്‍ പങ്കെടുക്കും. ശില്‍പ്പശാലയുടെ രജിസ്‌ട്രേഷന്‍ 30 ന് അവസാനിക്കും. സൗദി, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നായി 50 പേരെയും ബഹ്‌റൈനില്‍നിന്ന് 75 പേരെയുമാണ് ക്യാമ്പിന് പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍നിന്നും 40 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ പേര്‍ സൗദിയില്‍ നിന്നാണ്. ബഹ്‌റൈനില്‍നിന്നും 50 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ രചനകള്‍ മൂല്യനിര്‍ണയം നടത്തിയായിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരെ കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു. സെപ്തംബര്‍ പത്തിന് രാവിലെ 'കഥാ രചനാനുഭവം' എന്ന വിഷയത്തില്‍ എം മുകുന്ദന്‍ ക്ലാസെടുക്കും. തുടര്‍ന്ന് അതിഥികള്‍ കഥാ അനുഭവങ്ങള്‍ പങ്കുവക്കും. വൈകിട്ട് ക്യാമ്പംഗങ്ങളുടെ കഥാ വായനയും സാഹിത്യകാരന്‍മാരുമായുള്ള മുഖാമുഖവും നടക്കും. 11 ന് രാവിലെ ചെറുകഥാ ചരിത്രം സംബന്ധിച്ച് ക്ലാസുണ്ടാകും. തുടര്‍ന്ന് 'ചെറുകഥ- രൂപം, ഘടന' എന്ന വിഷയത്തില്‍ ക്ലാസും വൈകിട്ട് കവികളുടെ കൂട്ടായ്മയും വിവിധ കലാസാംസ്‌കാരിക പരിപാടികളും കഥാ വായനയും നടക്കും. 12 ന് രാവിലെ 'നോവല്‍ എന്ന സാഹിത്യരൂപം' വിഷയത്തില്‍ ക്ലാസ്. തുടര്‍ന്ന് അംഗങ്ങളുടെ നോവല്‍ ചര്‍ച്ച. വൈകിട്ട് ക്യാമ്പ് സമാപിക്കും.ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സമാജം ഒരുക്കും. വിസ ചാര്‍ജ് പങ്കെടുക്കുന്നര്‍ തന്നെ വഹിക്കണം. എന്നാല്‍ വിസ സംബന്ധമായ സഹായം ആവശ്യമുള്ളവര്‍ക്ക് സമാജവുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ജിസിസിയില്‍ ആദ്യമായാണ് ഇത്തരമൊരു ശില്‍പ്പശാലയെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി ആദ്യമായി വിദേശത്ത് നടത്തുന്ന ക്യാമ്പാണിത്. നാലു ദിവസത്തെ ക്യാമ്പിനായി വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ശില്‍പ്പശാലയുടെ അനുബന്ധ പരിപാടിയായി വെള്ളിയാഴ്ച രാവിലെ പത്തിന് സമാജത്തില്‍ എഴുത്തച്ഛന്‍ മുതലുള്ള സാഹിത്യ പ്രതിഭകളുടെ കാരിക്കേച്ചര്‍ രചന നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് അബ്ദുറഹിമാന്‍, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമാണി, ട്രഷറര്‍ എം സജുകുമാര്‍, ജയന്‍ എസ് നായര്‍, സജി കുടശ്ശനാട്, ഗിരീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Pages