എല്ലാ പ്രവാസികള്‍ക്കുമായി എല്ലാം തികഞ്ഞ ഓണം - Bahrain Keraleeya Samajam

Breaking

Monday, August 9, 2010

എല്ലാ പ്രവാസികള്‍ക്കുമായി എല്ലാം തികഞ്ഞ ഓണം

തിരുവോണത്തിലൂടെ മലയാളി സാക്ഷാല്‍ക്കരിക്കാനാഗ്രഹിക്കുന്ന ഉല്‍സവാന്തരീക്ഷം കേരളീയ സമാജം പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരുക്കുന്നു. പൂക്കളം മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യവരെ എല്ലാം തികഞ്ഞതും എല്ലാ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതുമായ ഓണത്തിനാണ് ഇത്തവണ ബഹ്‌റൈന്‍ വേദിയാകുന്നത്. ഘോഷയാത്ര, ആറന്മുള്ള വള്ളസദ്യ, കര്‍ഷകനൃത്തം, തിരുവാതിര തുടങ്ങി കേരളത്തിന്റെ ഓണക്കാലം അതേപടി 10 ദിവസത്തെ പരിപാടികളിലൂടെ പുനരാവിഷ്‌കരിക്കപ്പെടും. കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ കൂട്ടായ്മയിലാണ് ഓണാഘോഷമൊരുക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാടന്‍കലാകാരന്‍ സി.ജെ കുട്ടപ്പന്റെ നേതൃത്വത്തില്‍ പ്രവാസി കലാകാരന്മാരടങ്ങുന്ന നാടന്‍ കലാ സംഘം കേരളത്തിന്റെ നാടന്‍കലകള്‍ അതേ തനിമയോടെ അവതരിപ്പിക്കും. നാടന്‍പാട്ടിനുപുറമേ കുമ്മാട്ടി, വള്ളപ്പാട്ട്, പുലികളി, ഓണക്കളം, കാളകളി തുടങ്ങിയ പരിപാടികളുണ്ട്. തെയ്യം കെട്ടുന്നതുമുതല്‍ ആടുന്നതുവരെയുള്ള ഘട്ടങ്ങള്‍ ആവിഷ്‌കരിക്കുന്ന ഡെമോണ്‍സ്‌ട്രേഷന്‍, പ്രേക്ഷകരെ പങ്കെടുപ്പിച്ച് സ്‌റ്റേജിലും കളത്തിലുമായി നടത്തുന്ന പൊലിയാട്ടം എന്നിവ ഈ വര്‍ഷത്തെ സവിശേഷ ഇനങ്ങളാണ്.
ഘോഷയാത്ര, അത്തപ്പൂക്കളം, തിരുവാതിര എന്നീ ഗ്രൂപ്പ് മല്‍സരങ്ങളും പുരുഷന്മാരുടെ സ്ത്രീ വേഷം, പായസം എന്നീ വ്യക്തിഗത മല്‍സരങ്ങളും ഇത്തവണയുണ്ട്. പള്ളിയോടങ്ങളില്‍ വഞ്ചിപ്പാട്ട് പാടി പരിചയമുള്ള എട്ടുപേരുടെ കൂട്ടായ്മ ഇത്തവര ഓണാഘോഷത്തിനുണ്ട്.
പത്തുദിവസത്തെ ആഘോഷം ഈ മാസം 12ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.30ന് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഘോഷയാത്രാ മല്‍സരത്തോടെയാണ് ആഘോഷം തുടങ്ങുക.13ന് രാവിലെ 9.30മുതല്‍ അത്തപ്പൂക്കള മല്‍സരം. 10.30ന് സത്യന്‍ അന്തിക്കാടുമായി 'വീണ്ടും ചില സിനിമാക്കാര്യങ്ങള്‍' മുഖാമുഖം. വൈകീട്ട് ആറിന് തിരുവാതിര മല്‍സരം. തുടര്‍ന്ന് സി.ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍.
14ന് 'ഉത്രാടപ്പൂനിലാവ്', തുടര്‍ന്ന് നാടന്‍ കലാപരിപാടികള്‍. 15ന് രാത്രി എട്ടിന് സ്വാതന്ത്ര്യദിന പരിപാടികളും നാടന്‍കലകളും. 16ന് സോപാനം വാദ്യകലാസംഘത്തിന്റെ അഷ്ടപദി. തുടര്‍ന്ന് നാടന്‍പാട്ട്, അമ്മന്‍കുടം, സംഘനൃത്തം, പി.ആര്‍ ജിജോയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍. 17ന് ഓണപ്പുലരി, വഞ്ചിപ്പാട്ട്, ആവണിക്കിനാവുകള്‍, സംഘഗാനം, ഒപ്പന, ഓണത്തുമ്പി, ഓണംകളി എന്നീ പരിപാടികള്‍. 18ന് ജുഗല്‍ ബന്ദി, ഫ്യൂഷന്‍ നൃത്തം, മൈം, ശ്രാവണസന്ധ്യ. 19ന് നാടന്‍പാട്ട്, പുരുഷന്മാരുടെ സ്ത്രീ വേഷമല്‍സരം, കര്‍ഷകനൃത്തം, ഭാസ്‌കരപ്പൊതുവാള്‍ നയിക്കുന്ന പരിപാടികള്‍. 20ന് വൈകീട്ട് 4.30ന് പായസ മല്‍സരം.
രാത്രി ഏഴിന് സമാപനസമ്മേളനത്തെതുടര്‍ന്ന് സ്റ്റാര്‍ സിംഗര്‍ ഗായകരായ അരുണ്‍ ഗോപന്‍, പ്രീതി വാര്യര്‍, അഞ്ജു ജോസഫ്, സുധീഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള. സപ്തംബര്‍ മൂന്നിന് രാത്രി 7.30ന് ഓണസദ്യയോടെ പരിപാടികള്‍ സമാപിക്കും. ഓണസദ്യക്ക് ഇത്തവണ ചാര്‍ജ് ഈടാക്കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.
സമാജം ആക്റ്റിംഗ് പ്രസിഡന്റ് കെ.എസ് സജുകുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ മനോജ് മാത്യു, സജി കുടശ്ശനാട്, ടി.ജെ ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages