പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കും... - Bahrain Keraleeya Samajam

Breaking

Friday, July 8, 2011

പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കും...

45 ദിവസം നീളുന്ന കേരളീയ സമാജം വേനല്‍ക്യാമ്പിന് ഈ മാസം 10ന് തുടക്കമാകും. ആഗസ്റ്റ് 25 വരെ നടക്കുന്ന ക്യാമ്പില്‍ 5- 17 പ്രായക്കാരായ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിനോദത്തിനൊപ്പം കുട്ടികളുടെ അറിവും സാമൂഹികമായ ഇടപെടല്‍ശേഷിയും സാംസ്‌കാരികാടിത്തറയും പോഷിപ്പിക്കുംവിധമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ലോകത്തുനിന്ന് പുറംലോകത്തെ കളികളിലേക്കും കാര്യങ്ങളിലേക്കുമുള്ള സഞ്ചാരം. നടനും ഗായകനും തിയറ്റര്‍ ആക്റ്റിവിസ്റ്റുമായ പി.ആര്‍ ജിജോയ് ആണ് ക്യാമ്പ് ഡയറക്ടര്‍.

സംഗീതം, നാടകം, അഭിനയം, പെയിന്റിംങ്, സ്‌ക്രിപ്റ്റ്, ക്രാഫ്റ്റ് തുടങ്ങി അഭിരുചിക്കനുസരിച്ച് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ക്യാമ്പ്. ഇതോടൊപ്പം ശില്‍പശാലകളും കൗണ്‍സലിങും നീന്തല്‍ പോലുള്ള വ്യായാമങ്ങളുമുണ്ട്. കുട്ടികള്‍ തന്നെ രൂപപ്പെടുത്തുന്ന നാടകത്തോടെയാണ് ക്യാമ്പ് അവസാനിക്കുക. 100ഓളം പേരെ പ്രതീക്ഷിക്കുന്നു. കൗമാരപ്രായക്കാരെ ഉദ്ദേശിച്ച്, പ്രവാസജീവിതത്തില്‍ നഷ്ടമാകുന്ന പരമ്പരാഗത മൂല്യങ്ങളും ശീലങ്ങളും സഹവര്‍ത്തിത്വവും സ്വയം പര്യാപ്തതയും കഥകളിലൂടെയും കളിയിലൂടെയും പഠിപ്പിക്കുന്ന ക്ലാസുകളുണ്ടാകുമെന്ന് ക്യാമ്പ് കണ്‍വീനര്‍ മോഹിനി തോമസ് പറഞ്ഞു. യോഗ, കരാട്ടെ, ബാഡ്മിന്റന്‍, ചെസ് സുഡോകു തുടങ്ങിയ കായിക വിനോദങ്ങളും പരിശീലിപ്പിക്കും. പുതിയ സൗഹൃദങ്ങളുണ്ടാക്കുന്നതുമുതല്‍ ഉള്ളിലെ കഴിവും ആശയങ്ങളും ധൈര്യത്തോടെ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് ക്യാമ്പ് അവസരമൊരുക്കും.

ഒരു വേദിയിലും കയറാത്ത കുട്ടികളാണ് സാധാരണ ക്യാമ്പിനെത്താറെന്നും ക്യാമ്പ് കഴിഞ്ഞാല്‍ ഒരു പരിപാടിയെങ്കിലും ആത്മവിശ്വാസത്തോടെയും മികവോടെയും അവതരിപ്പിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നുണ്ടെന്നും കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി പറഞ്ഞു. വിനോദയാത്ര, ചലച്ചിത്രപ്രദര്‍ശനം, വ്യക്തിത്വവികസന പരിപാടി, പ്രൊഫഷനല്‍ ക്ലാസുകള്‍ എന്നിവയുമുണ്ട്. ക്യാമ്പിന്റെ ഭാഗമായി സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട നാടക കലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും.

വെള്ളി, ശനി ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ 12.30 വരെയാണ് ക്യാമ്പ്. ഈ മാസം ഒമ്പതിന് വൈകീട്ട് 7.30ന് രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവരുമായി നടക്കുന്ന കൂടിക്കാഴ്ചയോടെ ക്യാമ്പിന് തുടക്കമാകും. അംഗങ്ങളുടെ മക്കള്‍ക്ക് 35 ദിനാറും അല്ലാത്തവര്‍ക്ക് 40 ദിനാറുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വാഹന ചാര്‍ജ് ഇതിനുപുറമേ. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ മോഹിനി തോമസുമായി (39804013) ബന്ധപ്പെടാം.

ആക്റ്റിങ് സെക്രട്ടറി കെ.എസ് സജുകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages