‘ജാലക”ത്തിന്റെ ഇലക്ട്രോണിക് പതിപ്പ് നടി കലാരഞ്ജിനി പ്രകാശനം ചെയ്തു - Bahrain Keraleeya Samajam

Breaking

Tuesday, July 5, 2011

‘ജാലക”ത്തിന്റെ ഇലക്ട്രോണിക് പതിപ്പ് നടി കലാരഞ്ജിനി പ്രകാശനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ മുഖ മാസികയായ ‘ജാലക”ത്തിന്റെ ഇലക്ട്രോണിക് പതിപ്പ് നടി കലാരഞ്ജിനി പ്രകാശനം ചെയ്തു. ഇ-വായന പ്രോത്സാഹിപ്പിക്കാനും ജാലകം രചനകളെ വിശാലമായ സൈബര്‍ ലോകത്തേക്ക് എത്തിക്കുന്നതിനുമാണ് ഇ-ജാലകം തുടങ്ങിയത്. ഈ വര്‍ഷത്തെ ജാലകത്തിന്റെ പ്രിന്റഡ് എഡിഷന്റെ പ്രകാശനം ആദ്യകോപ്പി തസ്നീം സലീമിന് നല്‍കി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷണപിള്ള നിര്‍വഹിച്ചു.

2000ല്‍ ആരംഭിച്ച ജാലകം സമാജം അംഗങ്ങളുടെയും ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെയും സര്‍ഗാത്മക രചനകളും കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവയ്ക്കാനുള്ള വേദിയായി മാറിയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ബെന്യാമിനടക്കം ഒട്ടേറെ പേര്‍ മുന്‍ വര്‍ഷങ്ങളില്‍ ജാലകത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്.

സമാജം സാഹിത്യവേദിയുടെ സജീവ പങ്കാളിത്തത്തോടെ ഡി. സലീമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ എഡിറ്റോറിയല്‍ ബോര്‍ഡാണ് ഈ വര്‍ഷത്തെ ജാലകത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിന്‍ എഴുതുന്ന ‘മണലെഴുത്ത്” എന്ന പംക്തി, മലയാള ഭാഷയുടെ ഭാവി തേടുന്ന ലേഖനങ്ങള്‍, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വായനാമുറി, കരിയര്‍ ഗൈഡന്‍സ്, കഥ, കവിത, നുറുങ്ങുകള്‍, വാര്‍ത്താ ചിത്രങ്ങള്‍ എന്നിവയാണ് ജൂണ്‍ ലക്കത്തിലെ ഉള്ളടക്കം. ജൂലൈ ലക്കത്തിലേക്കുള്ള സൃഷ്ടികള്‍ സമാജം ഓഫിസിലോ bksbahrain@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 3665376 (ബിനോജ് മാത്യു), 39125889 (ഡി. സലീം). സമാജം വെബ്സൈറ്റില്‍ (bahrainkeraleeyasamajam.com)- ഇ-ജാലകം ലഭ്യമാണ്. സമാജം അംഗങ്ങള്‍ക്ക് ജാലകത്തിന്റെ കോപ്പികള്‍ ഇ-മെയിലായി അയച്ചു കൊടുക്കും. അതോടൊപ്പം പ്രിന്റ് ചെയ്ത മാസിക സമാജം ഓഫിസിലും ലഭ്യമാണ്.

No comments:

Pages