ദശാബ്ദങ്ങള്‍ക്കിപ്പുറം കേരള സമാജത്തില്‍ വീണ്ടും ഒരു നാടക കളരി ഒരുങ്ങുകയാണ്. പ്രൊഫഷണല്‍, അമേച്വര്‍ നാടക പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായ ബഹ്‌റൈന്‍ മലയാളിസമൂഹത്തിനു ശാസ്ത്രീയമായ നാടകപരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാടക പരിശീലനക്കളരി ബഹ്‌റൈനിലെ നാടക പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമാകുയാണ്. ചലച്ചിത്ര താരവും തിയേറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയനുമായ പി ആര്‍ ജിജോയ് നേതൃത്വം നല്‍കുന്ന ഈ നാടക ക്യാമ്പില്‍ ബഹ്‌റൈനിലെ 40 ഓളം നാടകപ്രേമികളാണ് പങ്കെടുക്കുന്നത്.
നാട്ടില്‍ വിവിധ പ്രൊഫഷണല്‍- അമേച്വര്‍ നാടക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ മുതല്‍ നടകാഭിരുചിയുള്ള പുതുമുഖങ്ങള്‍ വരെയുള്ള പതിനഞ്ചു മുതല്‍ അറുപതു വയസ്സുവരെയുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വനിതാ നാടക പ്രവര്‍ത്തകരുടെ സജീവമായ സാന്നിധ്യവും ക്യാമ്പിലുണ്ട്.
അഭിനയം, സംവിധാനം, തിരക്കഥരചന, ചമയം തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരേ മേല്‍ക്കൂരക്കു കീഴില്‍ ചെറുസംഘങ്ങളാക്കി തിരിച്ചുള്ള പരിശീലനക്കളരി പതിനാലു ദിവസം നീണ്ടു നില്‍ക്കും. ഓരോരുത്തരുടെ അഭിരുചികള്‍ തിരിച്ചറിയുകയും ആ മേഖലയില്‍ ശാസ്ത്രീയമായ ശിക്ഷണം നല്‍കുകയും ചെയ്യാന്‍ ഉതകുന്ന തരത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ഡയരക്ടര്‍ ജിജോയ് പറഞ്ഞു. പ്രശസ്ത സാഹിത്യ കൃതികളുടെ നാടക രൂപങ്ങള്‍, തല്‍സമയ നാടക രചന, അവതരണം തുടങ്ങിയ കൂട്ടായ പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ നടന്നു വരുന്നു. കൂടാതെ തീയേറ്റര്‍ ഗെയിംസുകള്‍ വഴി വ്യക്തിഗത അഭിരുചികള്‍ കണ്ടെത്തുകയും ക്യാമ്പില്‍ ഉരുത്തിരിയുന്ന പ്രതിഭകളെ പരമാവധി ഉപയോഗപ്പെടുത്തി ഓരോ ക്യാമ്പ് അംഗത്തിനും പ്രാതിനിധ്യം നല്‍കുന്ന വിധത്തില്‍ അഗസ്‌റ് 18 നു സമാജത്തില്‍ ക്യാമ്പ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന ലഘുനാടകങ്ങള്‍, രംഗ ഭാഷ്യങ്ങള്‍, മറ്റു കലാ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി കലാസന്ധ്യ നടത്താനും പരിപാടിയുണ്ട്
അരങ്ങിലെത്തുന്ന നടന്റെ അടിസ്ഥാന ഉപകരണങ്ങള്‍ എന്ന് വിശേഷിപ്പിക്കപെടുന്ന ശബ്ദം, മനസ്സ്, ശരീരം എന്നിവയുടെ ക്രമീകരണത്തിനുതകുന്ന വ്യായാമ മുറകള്‍ ക്യാമ്പില്‍ അഭ്യസിപ്പിക്കുന്നുണ്ട്. വ്യക്തിത്വവികസനം, നേതൃത്വ പാടവം, ആശയ സംവേദനം എന്നീ കഴിവുകളെ വികസിപ്പിക്കുന്ന തരത്തില്‍ ക്യാമ്പിന്റെ ഓരോ ദിവസവും ശ്രദ്ധയോടെ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് ജിജോയ് കൂട്ടിച്ചേര്‍ത്തു.
പ്രവാസത്തിന്റെ പരിമിതികള്‍ മൂലം ശാസ്ത്രീയ പരിശീലനം നേടാന്‍ കഴിയാതെ പോവുന്ന ബഹ്‌റൈന്‍ മലയാളികളെ മുന്നില്‍ കണ്ടാണ് ഇത്തരം ക്യാമ്പുകള്‍ രൂപപെടുത്തിയിരിക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി പറഞ്ഞു. ഗള്‍ഫ് ചരിത്രത്തിലാദ്യമായി സമാജം ഡ്രാമ ക്ലബും റേഡിയോ വോയിസും സംയുക്തമായി നടത്തിയ ജി സി സി റേഡിയോ നാടകോത്സവം ഗള്‍ഫ് മേഖലയില്‍ റേഡിയോ നാടകങ്ങളുടെ തിരിച്ചു വരവിനു തന്നെ കാരണമായി. ഈ വര്‍ഷവും റേഡിയോ നാടകോത്സവ പ്രവര്‍ത്തനങ്ങളുമായി സമാജം ഡ്രാമ ക്ലബ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് .അതോടൊപ്പം വിവിധ നാടക മത്സരങ്ങള്‍, പ്രൊഫഷണല്‍ നാടകങ്ങള്‍, കുട്ടികളുടെ നാടക മത്സരം എന്നിവയും സമാജം കലാവിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ട്.
No comments:
Post a Comment