കേരളോത്സവത്തിന് ഒന്നിന് തിരിതെളിയും - Bahrain Keraleeya Samajam

Breaking

Thursday, December 30, 2010

കേരളോത്സവത്തിന് ഒന്നിന് തിരിതെളിയും

കലയുടെ വര്‍ണസംഗമത്തിന് ബഹ്‌റൈന്‍ കേരളീയ സമാജം വീണ്ടും വേദിയൊരുക്കുന്നു. നൃത്തവൈവിധ്യങ്ങളും സംഗീതത്തിന്റെ സഞ്ചാര വഴികളും മാപ്പിളപാട്ടിന്‍ ഇശലുകളും ആസ്വാദനത്തിന്റെ കുളിര്‍ കോരിയിടുന്നതാവും 2011 ജനുവരി മാസം. അഞ്ചുവര്‍ഷത്തിനുശേഷമാണ് സമാജം വീണ്ടും കേരളോത്സവത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒരുമാസത്തോളം നീളുന്ന കേരളോത്സവം ജനുവരി ഒന്നിന് രാത്രി എട്ടിന് പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും. അംബാസഡര്‍ മോഹന്‍കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സമാജം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാപരമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം സമാജം അംഗങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം നടത്തുന്നത്. സമാജം അംഗങ്ങളെ സരയു, കാവേരി, നിള, സൗപര്‍ണിക, ഗംഗ എന്നിങ്ങളെ അഞ്ചു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ക്യാപ്ടനും നാല് വൈസ് ക്യാപ്ടന്‍മാരുമാണ് ഓരോ ടീമിനെയും നയിക്കുക. ഗ്രൂപ്പുകളുടെ റിഹേഴ്‌സല്‍ ക്യാമ്പ് സജീവമായി നടക്കുന്നു.
ഇരുപത് വ്യക്തിഗത ഇനങ്ങളിലും എട്ട് ടീം ഇനങ്ങളിലുമാണ് മത്സരങ്ങള്‍. ഇതില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒരാള്‍ക്ക് ആറ് ഇനങ്ങളില്‍ പങ്കെടുക്കാം. പത്തിനങ്ങളില്‍ പൊതുവായ മത്സരം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ട്രോഫികളാണ് സമ്മാനം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പുരുഷനും സ്ത്രീക്കും യഥാക്രമം കലപതി, കലാശ്രീ പട്ടങ്ങള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് സമ്മാനിക്കും. വിധി നിര്‍ണയത്തിന് ഗ്രേഡിങ് രീതിയും ഉണ്ടാകും. വിധികര്‍ത്താക്കള്‍ പുറത്തുനിന്നുള്ളവരാകും.
സമാജം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കേരളോത്സവത്തില്‍ പങ്കെടുക്കില്ല. എന്നാല്‍, അവരുടെ കുടുംബങ്ങള്‍ക്ക് പങ്കെടുക്കാം. അംഗങ്ങളുടെ മക്കളില്‍ 18 വയസ് തികയാത്തവര്‍ക്ക് പങ്കെടുക്കാന്‍ പാടില്ല. മൊത്തം 900ലേറെ മത്സരങ്ങള്‍ ഉണ്ടാകും. ജനുവരി രണ്ടിന് വേദി ഒന്നില്‍ സ്ത്രീകളുടെ സിനിമാ ഗാനാലപന മത്സരത്തോടെ വ്യക്തിഗത മത്സരങ്ങള്‍ ആരംഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവ മത്സരത്തിനില്ല. ഗ്രൂപ്പ് ഇനത്തില്‍ എന്‍ട്രി സ്വീകരിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായിരുന്നു. ആവശ്യമാണെങ്കില്‍ രണ്ടുദിവസം കൂടി നല്‍കും.
പ്രധാന ഓഡിറ്റോറിയം, രാമചന്ദ്രന്‍ ഹാള്‍, യൂസഫലി ഹാള്‍ എന്നീ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍. മൂന്നിന് മധുപാലുമായി സമാജത്തില്‍ കൂടിക്കാഴ്ച നടക്കുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ട്രഷറര്‍ കെ എസ് സജുകുമാര്‍, സംഘാടക സമിതി ഭാരവാഹികളായ ശിവകുമാര്‍, സജി, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

No comments:

Pages