അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്ര മേള, 17,18 തിയ്യതികളില്‍ - Bahrain Keraleeya Samajam

Tuesday, December 14, 2010

demo-image

അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്ര മേള, 17,18 തിയ്യതികളില്‍

Loggo_7852
ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ ഹ്രസ്വചലച്ചിത്ര മേള, ബഹ്‌റൈന്റെ ദേശീയ ദിനമായ ഡിസംബര്‍ 17, 18 തീയതികളില്‍ കേരളീയ സമാജം ജൂബിലി ഹാളില്‍ അരങ്ങേറുന്നു. 17ന് വൈകിട്ട് 3.30ന് നടക്കുന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങില്‍ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയ്ക്ക് തിരിതെളിയ്ക്കും. സൂര്യാകൃഷ്ണമൂര്‍ത്തിയടക്കം നിരവധി പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും.


പ്രൈം സോണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ ഹ്രസ്വചലചിത്രമേള. ലോക പ്രശസ്ത ചലച്ചിത്രമേളകളുടെ പട്ടികയിലിടം നേടും വിധം സംഘടിപ്പിക്കപ്പെടുന്ന മേള വരും വര്‍ഷങ്ങളിലും തുടര്‍ന്നു പോകാനുള്ള ആവേശത്തിലാണ് സംഘാടകര്‍.

ഗള്‍ഫ് മേഖലയുടെ സാംസ്‌കാരിക സിരാകേന്ദ്രമായി ബഹ്‌റൈനെ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ നിര്‍ണ്ണായക പ്രചോദനമായേക്കാവുന്ന ഈ മേളയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം ഹ്രസ്വചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടത്. ഇതില്‍ നിന്നും ഒരു വിദഗ്ധ ജൂറി തിരഞ്ഞെടുത്ത ഇരുപത് ചിത്രങ്ങള്‍ രണ്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കും. അടൂര്‍ഗോപാലകൃഷ്ണനാണ് ജൂറി ചെയര്‍മാന്‍.

നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍:

വിറ്റല്‍ (മറാത്തി) സംവിധാനം: വിനോദ് ചോളിപറമ്പില്‍, മ്രെയ്ബി (അറബി) സംവിധാനം: അലി അല്‍ അലി, കഫീന്‍ (മലയാളം) സംവിധാനം: ഹരീഷ് മേനോന്‍, ഡോര്‍ ടു ഡോര്‍ (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, ദി കാള്‍ (മലയാളം) സംവിധാനം: സുധാ ഷാ, റിവോള്‍വ് (മലയാളം) സംവിധാനം: സക്കറിയ, 90 സെന്റീമിറ്റര്‍ (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, മസ്താഷ് (അറബി) സംവിധാനം: മെഗ്ദാദ് അല്‍ കൌഫ്, എഗ്ഗ് അന്റ് അബ്ബി (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ്, കേള്‍ക്കുന്നുണ്ടോ (മലയാളം) സംവിധാനം: ഗീതു മോഹന്‍ ദാസ്, ഹൌ റ്റു യൂസ് എ ഗണ്‍ (മലയാളം) സംവിധാനം: സജീവ് പാഴൂര്‍, ഹാബിറ്റ് (മലയാളം) സംവിധാനം: കെ. ജെ. സിജ, പന്തിഭോജനം (മലയാളം) സംവിധാനം: ശ്രീബാലാ മേനോന്‍, തെമ്പാക്ക് (അറബി) സംവിധാനം: അബ്ദുള്ളാ ഹസന്‍ അഹമ്മദ്, ചാരുലതയുടെ ബാക്കി (മലയാളം) സംവിധാനം: സംഗീതാ പത്മനാഭന്‍, ദി മിറാജ് (മലയാളം) സംവിധാനം: അപര്‍ണ്ണാ വാരിയര്‍, ആതീര (മലയാളം) സംവിധാനം: അജന്‍, യെല്ലോ ഗ്ലാസ് (മലയാളം) സംവിധാനം: ഹര്‍ഷാദ്, വെയിറ്റിംഗ് വുമണ്‍ (ഹിന്ദി) സംവിധാനം: അഞ്ജലി മേനോന്‍, ദി വെയ് ഷീ ഈസ് വെനിറേറ്റഡ് ഇന്‍ ലവ് (മലയാളം) സംവിധാനം: മണിലാല്‍

അന്തിമ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍ പതിനേഴാം തീയതിയിലെ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷവും പതിനെട്ടാം തീയതി രാവിലെ പത്തുമണി മുതലും പൊതുജനങ്ങള്‍ക്കായി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രദര്‍ശിപ്പിക്കും.

പതിനെട്ടാം തീയതി വൈകിട്ട് നടക്കുന്ന സമാപനചടങ്ങില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം എന്നി
വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളും നല്‍കുന്നു. മികച്ച ചിത്രത്തിന് ആയിരം യുഎസ് ഡോളറും മികച്ച സംവിധായകനും നടനും നടിക്കും അഞ്ഞൂറ് യുഎസ് ഡോളര്‍ വീതവും ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ മുഴുവന്‍ സിനിമാ പ്രേമികള്‍ക്കും സൗജന്യമായി പ്രദര്‍ശനം കാണുവാനുള്ള അവസരമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ സുരേഷി കരുണാകരനുമായി ബന്ധപ്പെടുക. ഫോണ്‍: 39656410, ഈമെയില്‍: bksfilmfestival@gmail.com.

Pages