അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരി തെളിയും - Bahrain Keraleeya Samajam

Breaking

Wednesday, December 15, 2010

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരി തെളിയും

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള 17ന് വൈകിട്ട് മൂന്നരക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകനും ജൂറി ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തി അംഗമായ ജൂറി തെരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്‌റൈന്‍ സിനിമാ ക്ലബിന്റെ സഹകരണത്തോടെ സമാജം സംഘടിപ്പിക്കുന്ന ഈ മേള അന്താരാഷ്ട്ര ചലച്ചിത്ര കലണ്ടറില്‍ ബഹ്‌റൈനും സ്ഥാനം നേടികൊടുക്കും. അടൂരും സൂര്യ കൃഷ്ണമൂര്‍ത്തിയും രണ്ടു ദിവസവും മേളയില്‍ പങ്കെടുക്കും.
മേളയിലേക്ക് ഇന്ത്യ, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഹംഗറി, ബ്രിട്ടന്‍ എന്നിവടങ്ങളില്‍നിന്നായി 57 എന്‍ട്രി ലഭിച്ചു. ഇതില്‍നിന്നും 20 ചിത്രങ്ങളാണ് ജൂറി അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. ഇവയാണ് മേളയില്‍ പൊതുജനങ്ങള്‍ക്കുമുന്‍പില്‍ പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യ ദിവസം പത്തു ചിത്രങ്ങളും രണ്ടാം ദിവസമായ വെള്ളിയാഴച രാവിലെ പത്തുമുതല്‍ ബാക്കി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, സൂര്യകൃഷ്ണമൂര്‍ത്തി എന്നിവരുമായി ഓപ്പണ്‍ ഫോറവും ഉണ്ടാകും. രാത്രി എട്ടിന് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് നടക്കും. മികച്ച ചിത്രത്തിന് ആയിരം ഡോളര്‍ ലഭിക്കും. മികച്ച സംവിധയകന്‍, മികച്ച നടന്‍, നടി എന്നിവര്‍ക്ക് 500 ഡോളര്‍ വീതമാണ് സമ്മാനം. മികച്ച ഛായഗ്രാഹകന്‍, മികച്ച എഡിറ്റര്‍, മികച്ച സംഗീതം എന്നീ അവാര്‍ഡുമുണ്ട്.
പ്രദര്‍ശിപ്പിക്കുന്ന അറബിക് ചിത്രങ്ങള്‍: മ്രൈബി (ബഹ്‌റൈന്‍, സംവിധാനം-അലി അല്‍ അലി), മുഷ്റ്റാഷ് (സൗദി, മെഗ്ദാദ് അല്‍ കൗഫ്), തെന്‍ബക് (യുഇഎ, അബ്ദുല്ല ഹസന്‍ അഹമ്മദ്) മലയാള ചിത്രങ്ങള്‍: ഡോര്‍ ടു ഡോര്‍, 90 സിഎം, എഗ്ഗ് ആന്റ് എബ്ബി (മൂന്നു ചിത്രങ്ങളും സംവിധാനം: നരണിപ്പുഴ ഷാനവാസ്), ഹൗറ്റു യൂസ് എ ഗണ്‍ (സജീവ് പാഴൂര്‍), കഫീന്‍ (ഹരീഷ് മേനോന്‍), ദി കോള്‍ (സുധാ ഷാ), റിവോള്‍വ് (സക്കറിയ), കേള്‍ക്കുന്നുണ്ടോ (ഗീതു മോഹന്‍ദാസ്), ഹാബിറ്റ് (കെ ജെ സിജ), പന്തിഭോജനം(ശ്രീബാല മേനോന്‍), ചാരുലതയുടെ ബാക്കി (സംഗീത പത്മനാഭന്‍), ദി മിറാഷ് (അപര്‍ണ വാരിയര്‍), ആതിര (അജന്‍), യെല്ലോ ഗ്ലാസ് (ഹര്‍ഷാദ്), ദ വെ ഷീ ഈസ് വെനെറേറ്റഡ് ഇന്‍ ലവ് (മണിലാല്‍). വിറ്റല്‍ (മറാത്തി, വിനോദ് ചോളിപറമ്പില്‍), വെയിറ്റിംഗ് വിമണ്‍ (ഹിന്ദി, അഞ്ജലി മേനോന്‍) എന്നീ ചിത്രങ്ങളും സ്‌ക്രീനിംഗിനുണ്ട്.
കഴിഞ്ഞ ദിവസം സമാജത്തില്‍ പ്രദര്‍ശിപ്പിച്ച ആറു ചിത്രങ്ങളില്‍ ഹരീഷ് മേനോന്‍ സംവിധാനം ചെയ്ത കഫീന്‍ മാത്രമാണ് മേളയില്‍ ഇടം കണ്ടത്.
ആദ്യമായാണ് ബഹ്‌റൈനില്‍ അന്താരാഷ്ട്ര ഹ്രസ്വ ചലചിത്ര മേള നടക്കുന്നത്. ഇത് സമാജത്തിന്റെ സ്വപന്മായിരുന്നുവെന്ന് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. സിനിമയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരു കൂട്ടം ആസ്വാദകരും ചലച്ചിത്രപ്രവര്‍ത്തകരും സമാജത്തിലുണ്ട്. മേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 39656410, bksfilmfestival@gmail.com
വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ സുരേഷ് കരുണാകരന്‍, സമാജം വൈസ് പ്രസിഡന്റ് കെ അബ്ദുറഹിമാന്‍, സമാജം ഫിലിംക്ലബ് ചെയര്‍മാന്‍ അജിത് നായര്‍, അശോക് കുമാര്‍ (പ്രൈംസോണ്‍), ജി ഗിരീഷ് എന്നിവരും പങ്കെടുത്തു.

No comments:

Pages