മനാമ: ബഹ്‌റിൻ കേരളീയ സമാജത്തിന്‍റെ ലൈബ്രറി വിഭാഗം നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് പദ്മശ്രി മധു നിർവ്വഹിക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത്, സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ മലയാള പുസ്തകമുള്ള ലൈബ്രറിയെ വീണ്ടും വിപുലപ്പെടുതുന്നതിന്റെ ഭാഗമായാണ് ‘അക്ഷരഖനി’ എന്ന പേരിൽ പ്രവർത്തോദ്ഘാടനം നടത്തുന്നതെന്ന് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ വ്യക്തമാക്കി.
മലയാള പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം പുസ്തകങ്ങൾ സമാജം ലൈബ്രറിയിൽ ഉണ്ട്. നോവൽ, കഥ, കവിത, നാടകം കുറ്റാന്വേഷണകഥകൾ, ചെറുകഥകൾ, ആത്മീയപരമായും ശാസ്ത്രപരവുമായ പുസ്തകങ്ങളും, റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ പൊതുവായ അറിവ് നൽകുന്ന പുസ്തകങ്ങളും ഇപ്പോൾ തന്നെ സമാജം വായനശാലയിൽ ലഭ്യമാണ്. കുട്ടികളിലെ പുസ്തക വായനാശീലത്തെ പ്രോത്സാഹിപ്പിക്കാൻ കുട്ടികൾക്കായി പ്രത്യേക ഒരു വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. സമാജത്തിന്‍റെ അംഗങ്ങൾക്കും, അല്ലാത്തവർക്കും സാമൂഹിക സാംസ്കാരിക പ്രാദേശിക സംഘടനകൾക്കും ഈ അക്ഷരഖനിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. ഈ സംരംഭത്തിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ (39215128), ലൈബ്രറി കൺവീനർ രഞ്ജിത്ത് തരോൾ (36170555) എന്നിവരുമായി ബന്ധപ്പെടുക.
No comments:
Post a Comment