കേരളീയ സമാജം ബാലകലോത്സവം മേയ് 12 മുതല്‍ - Bahrain Keraleeya Samajam

Breaking

Wednesday, April 20, 2016

കേരളീയ സമാജം ബാലകലോത്സവം മേയ് 12 മുതല്‍

ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബാലകലോത്സവം മേയ് 12 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഏപ്രില്‍ 25 ആണെന്ന് ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.സമാജം അംഗങ്ങളുടെ കുട്ടികള്‍ക്ക് പുറമെ, ബഹ്റൈനില്‍ പഠിക്കുന്ന മുഴുവന്‍ മലയാളി വിദ്യാര്‍ഥികള്‍ക്കും ബാലകലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. 500 ഓളം കുട്ടികള്‍ വിവിധ കലാ- സാഹിത്യമത്സരങ്ങളില്‍ മാറ്റുരക്കുന്ന പരിപാടി പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണ്. കേരള സംസ്ഥാന സ്കൂള്‍ കലോത്സവ രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്. 47 ഓളം ഇനങ്ങളില്‍ അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ചുള്ള മത്സരങ്ങള്‍ നടത്തും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്നവര്‍ക്ക് കലാതിലകം, കലാപ്രതിഭ അവാര്‍ഡുകള്‍ സമ്മാനിക്കും. അതോടൊപ്പം ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ് അവാര്‍ഡും നല്‍കും. നാട്യരത്ന, സംഗീതരത്ന, സാഹിത്യരത്ന അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി ആറ് ഇനങ്ങളില്‍ മത്സരിക്കാം. ഗ്രൂപ്പ് മൂന്ന്, നാല്,അഞ്ചില്‍ പെട്ടവര്‍ക്ക് മലയാള പ്രസംഗ മത്സരത്തിലും നിബന്ധനകള്‍ക്ക് വിധേയമായി പങ്കെടുക്കാം. വെള്ളി -ശനി ദിവസങ്ങളില്‍ കാലത്തും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ രാത്രി ഏഴുമണി മുതലും ആണ് മത്സരങ്ങള്‍ നടക്കുക. www.bksbahrain.com എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി രാത്രി എട്ടു മണി മുതല്‍ സമാജത്തില്‍ പ്രത്യേകം കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട് . വിശദ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ഡി.സലീമുമായി (39125889) ബന്ധപ്പെടാം.

No comments:

Pages