കേരള സംഗീത നാടക അക്കാദമിയുടെ കേരളത്തിനുപുറത്തെ ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം കേരളീയ സമാജത്തില്‍ അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തതോടെ കേരളവും ബഹ്‌റൈനും തമ്മിലുള്ള കലാ-സാംസ്‌കാരിക വിനിമയ പരിപാടിക്ക് തുടക്കമായി. കേരളീയ സമാജത്തെ അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും ചെയര്‍മാന്‍ കൈമാറി. അക്കാദമി അഫിലിയേഷന്‍ ലഭിക്കുന്ന ആദ്യ മറുനാടന്‍ മലയാളി സംഘടനയാണ് കേരളീയ സമാജം.
കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ കൈമാറ്റം, പ്രവാസി കലാകാരന്മാരെ ആദരിക്കുന്ന പ്രതിഭാ സംഗമം, കേരളീയ കലകളുടെ അവതരണം, ശില്‍പശാലകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മുകേഷും അക്കാദമി സെക്രട്ടറി സി. രാവുണ്ണിയും മലയാളി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. അടുത്തമാസം ബഹ്‌റൈനില്‍ നാടകക്യാമ്പ് നടക്കും. മോഹിനിയാട്ടവും കഥകളിയും നന്നായി അറിയാവുന്ന ആയിരക്കണക്കിനുപേര്‍ കേരളത്തിലുണ്ട്. ഇവര്‍ അവസരങ്ങള്‍ക്കുവേണ്ടി അക്കാദമിയെ സമീപിക്കുന്നു. ഇവര്‍ക്ക് മറുനാടന്‍ മലയാളി കേന്ദ്രങ്ങളിലൂടെ അവസരമൊരുക്കുമെന്ന് രാവുണ്ണി പറഞ്ഞു. മറുനാടന്‍ മലയാളികളുടെ കലാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചിട്ടപ്പെടുത്തുകയുമാണ് അക്കാദമിയുടെ ലക്ഷ്യം. മറുനാടന്‍ മലയാളികളുടെ നേതൃത്വത്തില്‍ കലകളുടെ അഭ്യാസവും അവതരണവും നടക്കുന്നുണ്ട്. ഇവക്ക് ഏകീകൃത സിലബസുണ്ടാകണം.
ഒരു അക്കാദമി ചെയ്യുന്നതിനേക്കാള്‍ മികച്ചതും വിപുലവുമായ പ്രവര്‍ത്തനമാണ് കേരളീയ സമാജം നടത്തുന്നതെന്ന് രാവുണ്ണി പറഞ്ഞു. ഇത്തരം കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഔപചാരികമായി കണ്ണിചേര്‍ക്കുകയാണ് അക്കാദമി. ഒരു വര്‍ഷം അഞ്ചു പരിപാടികള്‍ ഇന്ത്യക്ക് പുറത്ത് സംഘടിപ്പിക്കും. ഇവിടെനിന്നുണ്ടാകുന്ന ചെറിയ കാര്യങ്ങളെപ്പോലും വലിയ ആവേശത്തോടെയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിലെ ഏതു മലയാളി സംഘടന മുന്നോട്ടുവന്നാലും എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ അക്കാദമി സന്നദ്ധമാണെന്ന് മുകേഷ് പറഞ്ഞു. പ്രവാസ ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ കലക്ക് സമര്‍പ്പിക്കുന്നവരുടെ ന്യായമായ പരാതിയായിരുന്നു, അവര്‍ക്ക് കേരളത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്നില്ല എന്നത്. ഇത്തരം കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണ് എക്സ്റ്റന്‍ഷന്‍ കേന്ദ്രങ്ങള്‍. എക്സ്റ്റന്‍ഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് സമാജത്തിന്റെ ചില നിര്‍ദേശങ്ങള്‍ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ചെയര്‍മാന്റേയും സെക്രട്ടറിയുടെയും മുന്നില്‍ വച്ചു.
അക്കാദമി അവാര്‍ഡ് നൈറ്റ് ബഹ്‌റൈനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സംഘടിപ്പിക്കുക, കലാകാരന്മാരുടെ കൈമാറ്റം, വര്‍ഷങ്ങളായി ജീവിതം കലയ്ക്ക് സമര്‍പ്പിച്ചു കഴിയുകയും ഒരുതരത്തിലുള്ള അംഗീകാരവും ലഭിക്കാത്തവരുമായ പ്രതിഭയുള്ള പ്രവാസി കലാകാരന്മാരെ ആദരിക്കുക എന്നിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഇവ പരിഗണിക്കാമെന്ന് മുകേഷ് ഉറപ്പുനല്‍കി. ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, കെ.എസ്. സജുകുമാര്‍, ജയന്‍ എസ്. നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Wednesday, October 6, 2010
Home
Unlabelled
സംഗീതനാടക അക്കാദമി സാംസ്‌കാരിക വിനിമയ പരിപാടിക്ക് തുടക്കമായി
സംഗീതനാടക അക്കാദമി സാംസ്‌കാരിക വിനിമയ പരിപാടിക്ക് തുടക്കമായി
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment