ഡോ. രവി പിള്ളയ്ക്ക് സ്വീകരണം - Bahrain Keraleeya Samajam

Monday, May 24, 2010

demo-image

ഡോ. രവി പിള്ളയ്ക്ക് സ്വീകരണം

മനാമ:രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച, പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രമുഖ വ്യവസായി ഡോ. രവി പിള്ളയെ കേരളീയ സമാജം ആദരിക്കുന്നു. വ്യാഴാഴ്ച രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജം ഹാളില്‍ സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയില്‍ ഇന്ത്യയില്‍നിന്നും ബഹ്‌റൈനില്‍നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി വി രാധാക്യഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈനിലെ എല്ലാ പ്രവാസി സംഘടനകളുടെയും സഹകരണത്തോടെയാണ് സ്വീകരണം സംഘടിപ്പിക്കന്നത്.ബഹ്‌റൈന്‍ തൊഴില്‍കാര്യമന്ത്രി ഡോ. മജീദ് മൊഹ്‌സിന്‍ അല്‍ അലവി, ബഹ്‌റൈന്‍ വാര്‍ത്താവിതരണവകുപ്പ് മന്ത്രാലയം മുന്‍ അസി. അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ മഹ്മൂദ്, കേരള കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. പ്രശസ്ത പിന്നണിഗായകരായ എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ്, ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ ഫെയിം അരുണ്‍ഗോപന്‍, ദുര്‍ഗാ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. പരിപാടിക്കുള്ള പ്രവേശനം സൗജന്യമാണ്. ഏഴു മണിക്കുമുമ്പ് ഹാളിലെത്തണം. ഹാരാര്‍പ്പണം നടത്താനാഗ്രഹിക്കുന്ന സംഘടനകള്‍ ചൊവ്വാഴ്ചയ്ക്കുമുമ്പ് കമ്മിറ്റിയെ വിവരമറിയിക്കേണ്ടതാണ്. വലിയ ജനത്തിരക്കു പ്രതീക്ഷിക്കുന്നതിനാല്‍ സമാജം അങ്കണത്തില്‍ കാര്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പകരം സെഗയ്യ മദര്‍കെയറിനടുത്തുള്ള കാര്‍ പാര്‍ക്കിങ്ങില്‍ കാറുകള്‍ പാര്‍ക്കു ചെയ്യേണ്ടതാണെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഗള്‍ഫില്‍ വ്യവസായം ചെയ്യുന്ന ഡോ. രവിപിള്ളയുടെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നവരില്‍ വിവിധരാജ്യക്കാരുണ്ടെങ്കിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ. എന്നീ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന വ്യവസായം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയെന്നത് നിസ്സാരകാര്യമല്ല. വ്യവസായ സാമ്രാജ്യം ഇനിയും വികസിപ്പിക്കുക, തന്റെ മാനസിക സംതൃപ്തിക്കായി മാത്രം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക എന്നതാണ് രവിപിള്ള ആഗ്രഹിക്കുന്നത്. രണ്ടര ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക ടേണ്‍ ഓവറുള്ള ഇദ്ദേഹത്തിന്റെ വ്യവസായ ഗ്രൂപ്പിന് അന്താരാഷ്ട്ര തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു കൂടാതെ ബഹ്‌റൈന്‍ കേരളീയ സമാജം കെട്ടിട നിര്‍മാണഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കി സഹായിച്ച വ്യക്തിയെന്ന നിലയിലും സ്നേഹാദരങ്ങള്‍ക്ക് അര്‍ഹനാണ് ഡോ. രവി പിള്ള. ഈ പരിപാടിയില്‍ എല്ലാവരും ഭാഗഭാക്കാവണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വീകരണക്കമ്മിറ്റിയംഗങ്ങളായ ജി.കെ.നായര്‍, മധു മാധവന്‍, കെ.എസ്. സജുകുമാര്‍, വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.

Pages