ഒമാന്‍-കേരള സാഹിത്യ പുരസ്കാരം ബെന്യാമിന് - Bahrain Keraleeya Samajam

Breaking

Tuesday, February 21, 2012

ഒമാന്‍-കേരള സാഹിത്യ പുരസ്കാരം ബെന്യാമിന്

ആദ്യ ഒമാന്‍-കേരള സാഹിത്യ പുരസ്കാരത്തിന് പ്രവാസി നോവലിസ്റ്റ് ബെന്യാമിനെ തെരഞ്ഞെടുത്തു. 'ആടുജീവിതം' എന്ന നോവലിലൂടെ പ്രവാസികളുടെ വായനാശീലത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് കണക്കിലെടുത്താണ് ബെന്യാമിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഒമാനിലെ അല്‍ബാജ് ബുക്സ് ജനറല്‍ മാനേജര്‍ പി.എം. ഷൗക്കത്തലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം ഒന്നിന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സമ്മാനിക്കും. വരും വര്‍ഷങ്ങളില്‍ മലയാളത്തിലെ മികച്ച സാഹിത്യകാരന്‍മാര്‍ക്ക് ഒമാന്‍-കേരള സാഹിത്യപുരസ്കാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെ മലയാളം അധ്യാപകന്‍ കൃഷ്ണദാസ്, സാംസ്കാരിക പ്രവര്‍ത്തകനായ ഫസലുല്‍റഹ്മാന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷിനോജ് കെ.ഷംസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഈവര്‍ഷവും മസ്കത്ത് പുസ്തകമേളയില്‍ 500ലധികം മലയാള പുസ്തകങ്ങളുമായി അല്‍ബാജ് പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് മസ്കത്ത് പുസ്തകമേളയില്‍ മലയാള പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമെത്തുന്നത്. ഡീസി ബുക്സിന്റെ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ പുസ്തകോല്‍സവത്തിലെത്തിക്കും. മേളയില്‍ അതിഥിയായി എത്തുന്ന 'ആടുജീവിത'ത്തിന്റെ കഥാകാരന്‍ മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ പുസ്തകസ്റ്റാളില്‍ 'മീറ്റ് ദി ഓഥര്‍' പരിപാടിയില്‍ അനുവാചകരുമായി ആശയവിനിമയത്തിനുണ്ടാകും. അദ്ദേഹം ഒപ്പിട്ട പുസ്തകങ്ങളും നല്‍കും. മാര്‍ച്ച് ഒന്നിന് രാത്രി ഒമ്പതിന് കലാസാംസ്കാരിക സംഘടനയായ 'തനിമ' ഹഫാ ഹൗസ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം ഒമാനിലെ വായനാ സമൂഹവുമായി സംവദിക്കുന്നുണ്ട്. ഒമാനില്‍ സമീപകാലത്തായി ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മലയാള പുസ്തകമാണ് 'ആടുജീവിത'മെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അല്‍ബാജ് ബുക്സ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് റിയാസ് പറഞ്ഞു.

No comments:

Pages