അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം; അണിയറയില്‍ 'അശ്വമേധം' ഒരുങ്ങി - Bahrain Keraleeya Samajam

Breaking

Wednesday, February 29, 2012

അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം; അണിയറയില്‍ 'അശ്വമേധം' ഒരുങ്ങി

അര നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച കെ.പി.എ.സി യുടെ 'അശ്വമേധം' നാടകം വീണ്ടും അരങ്ങില്‍ എത്തിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് കേരളീയ സമാജം പ്രവര്‍ത്തകര്‍. നാടകം ഇവിടെ പുന:സൃഷ്ടിക്കപ്പെടുന്നത് പൂര്‍ണമായും ബഹ്റൈനിലെ നാടക പ്രവര്‍ത്തകരാലാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്. അശ്വമേധം ആദ്യമായി വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുഖ്യ കഥാപാത്രമായ സരോജത്തെ അവതരിപ്പിച്ച നടി കെ.പി.എ.സി ലളിതയുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് നാടകാവതരണം.
അശ്വമേധത്തിന്റെ കേന്ദ്ര കഥാപാത്രമായ സരോജത്തെ അവതരിപ്പിക്കുന്നത് നാടകപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും ഗായികയുമായ ഹൃദ്യ സുരേഷാണ്. ബഹ്റൈനില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹൃദ്യ കേരളീയ സമാജം ബാലകലോല്‍സവത്തില്‍ കലാ പ്രതിഭയായും ഗള്‍ഫ് മേഖല റേഡിയോ നാടക മത്സരത്തില്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മറ്റൊരു കേന്ദ്ര കഥാപാത്രമായ ഡോക്ടര്‍ തോമസിനെ അവതരപ്പിക്കുന്ന ശിവകുമാര്‍ കുളത്തൂപുഴ ബഹ്റൈനില്‍ 16 വര്‍ഷക്കാലമായി കലാ രംഗത്ത് സജീവമാണ്. നാട്ടില്‍ അമച്വര്‍ നാടക ങ്ങളില്‍ അഭിനയിച്ചതിനു പുറമെ ചലച്ചിത്രങ്ങളില്‍ നൃത്ത സംവിധാന മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹ്റൈനില്‍ അരങ്ങേറിയ വിവിധ നാടകങ്ങളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ആകാശവാണിയില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹനായി വേഷമിടുന്ന സേതുമാധവന്‍ 18 വര്‍ഷമായി ബഹ്റൈനിലെ കലാരംഗത്തുണ്ട്. കോളജ് തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സേതു തന്റെ ആദ്യ പ്രവാസ ഭൂമികയായ കൊല്‍ക്കത്തയിലും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സദാനന്ദന്‍ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വടകര സ്വദേശിയായ ശിവകുമാര്‍ കൊല്ലറോത്ത് ആണ്. 14 വര്‍ഷമായി നാടകരംഗത്ത് സജീവമായ ശിവകുമാര്‍ 25ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ കേരളീയ സമാജം നടത്തിയ നാടക മത്സരങ്ങളില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ശിവകുമാര്‍ നാട്ടില്‍ സംസ്ഥാന നാടക മത്സരത്തിലും മികച്ച നടനുള്ള അവാര്‍ഡ് നേടിയിരുന്നു.
മറ്റൊരു ശ്രദ്ധേയമായ വേഷമായ ഗോവിന്ദന്‍ എന്ന കുഷ്ഠരോഗ ബാധിതിതനെ അവതരിപ്പിക്കുന്നത് ദിനേശ് കുറ്റിയിലാണ്. ബഹ്റൈനില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദിനേശ് എട്ട് വര്‍ഷത്തോളം കോഴിക്കോട് പ്രൊഫെഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി നടത്തിയ സംസ്ഥാന കേരളോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദിനേശ് വിവിധ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേശവസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജഹാന്‍ പത്തനാപുരം 24 വര്‍ഷമായി ബഹ്റൈനിലെ നാടക രംഗത്തുണ്ട്. 30ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ വര്‍ഷം കേരളീയ സമാജം നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്ക്കാരം നേടി , സ്കൂള്‍ തലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ഷാജഹാന്‍ കേരളത്തിലും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയ ഉണ്ണികൃഷ്ണന്‍ ഇവിടെ ആറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സമാജം നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബഹ്റൈനില്‍ അരങ്ങേറിയ വിവിധ നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബിജു കുട്ടോത്ത് , ലിണ്ട മനോഹരന്‍, ഗണേഷ് മൊകേരി എന്നിവര്‍ക്കൊപ്പം നര്‍ത്തകിയായ കലാമണ്ഡലം ജിദ്യ ജയനും പ്രധാന വേഷമണിയുന്നു. പ്രകാശ്, മിജോഷ് മൊറാഴ, നന്ദകുമാര്‍ എടപ്പാള്‍, രാംനാഥ്, സാന്ദ്ര ശിവകുമാര്‍, കാര്‍ത്തിക ഉണ്ണികൃഷ്ണന്‍,ഹൃത്വിക് ശിവ, നമിത നന്ദകുമാര്‍ എന്നിവരും വിവിധ വേഷങ്ങളില്‍ അരങ്ങിലെത്തുന്നു.
സമാജം സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ മോഹന്‍ രാജാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബഹറിനില്‍ വിവിധ നാടകങ്ങള്‍ അണിയിച്ചൊരുക്കിയ മോഹന്‍രാജ് സംവിധാനം ചെയ്ത മൊസാര്‍ട്ട് സലേരി എന്ന ഇംഗ്ളീഷ് നാടകം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പി.ടി. തോമസ് സംഗീതവും ബിജു എം സതീഷ് രംഗപടവും നിര്‍വഹിക്കുന്നു. ശബ്ദ നിയന്ത്രണം ജോസ് ഫ്രാന്‍സിസും പ്രകാശ നിയന്ത്രണം ഉണ്ണി ചെമ്മരത്തൂരമാണ് കൈകാര്യം ചെയ്യുന്നത്.
മാര്‍ച്ച് ഒന്നിന് വൈകീട്ട് 7.45 ന് സമാജം അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായാണ് അശ്വമേധം അവതരിപ്പിക്കുന്നത്. രണ്ടിന് വൈകീട്ട് നാലു മണിക്ക് പൊതു ജനങ്ങള്‍ക്കായും അവതരപ്പിക്കുന്നുണ്ട്. രണ്ടു ദിവസവും പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി(39848091 ), അശ്വമേധം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വിനോദ് കാഞ്ഞങ്ങാട്(36272368 ) ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ആഷ്ലി ജോര്‍ജ് (36500103 ) എന്നിവരുമായി ബന്ധപ്പെടണം.

1 comment:

ഒരു കുഞ്ഞുമയിൽപീലി said...

ആശംസകള്‍ നേരുന്നു

Pages