പ്രവാസികള്‍ കേരളത്തിന്‍െറ സാഹചര്യം അറിഞ്ഞ് മുതല്‍മുടക്കണം -മന്ത്രി ഷിബു ബേബിജോണ്‍ - Bahrain Keraleeya Samajam

Breaking

Saturday, February 11, 2012

പ്രവാസികള്‍ കേരളത്തിന്‍െറ സാഹചര്യം അറിഞ്ഞ് മുതല്‍മുടക്കണം -മന്ത്രി ഷിബു ബേബിജോണ്‍

കേരളത്തിന്‍െറ സാഹചര്യം മനസ്സിലാക്കി സംസ്ഥാനത്ത് നിക്ഷേപം ഇറക്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു. എല്ലാ കാര്യത്തിലും കേരളത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ബഹ്റൈനൊ ദുബൈയിയൊ മനസ്സില്‍വെച്ച് കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ വരുമ്പോഴാണ് പ്രവാസികള്‍ക്ക് പരാതിയും പരിഭവങ്ങളുമുണ്ടാകുന്നത്. പഞ്ചായത്ത് ഓഫീസിലേക്കും വില്ളേജ് ഓഫീസിലേക്കുമൊക്കെ നിരവധി തവണ നടക്കേണ്ടി വരുമ്പോള്‍ മടുപ്പ് പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്തിന്‍െറ സാഹചര്യം അങ്ങനെയാണെന്ന് ആദ്യമേ മനസ്സില്‍ കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളക്ക് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളില്‍ നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കുവൈത്തില്‍നിന്ന് തിരുവനന്തപുരത്തെ തന്‍െറ ഓഫീസില്‍ കാണാന്‍ വന്ന സഹപാഠിക്ക് പറയാനുണ്ടായിരുന്നത് എയര്‍പോര്‍ട്ടിലെ എയറോ ബ്രിഡ്ജിന്‍െറ കുറവിനെക്കുറിച്ചായിരുന്നു. ഇതിന്‍െറ പേരില്‍ സര്‍ക്കാരിന്‍െറ മനോഭാവത്തെയും വികസന സമീപനത്തെയുമൊക്കെ അദ്ദേഹം കുറ്റം പറഞ്ഞു. ഇതേസമയത്ത് തന്‍െറ മണ്ഡലത്തില്‍ മരത്തടി കൊണ്ടുള്ള പാലം ഇടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാനാവാത്ത അവസ്ഥയുണ്ടായി. ഏതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കേണ്ടത്? ഇത് കേരളത്തിന്‍െറ പ്രത്യേക സാഹചര്യമാണ്. വ്യത്യസ്തമായ ആവശ്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ച വികസന നയമാണ് രൂപപ്പെടുത്തേണ്ടത്. ഈ നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുതല്‍മുടക്കുന്നവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയെന്ന് അഭിമാനിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍, ഓരോ വര്‍ഷവും ഐ.എ.എസ് കഴിഞ്ഞിറങ്ങുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്‍െറ അപചയമാണ് ഇത് സൂചിപ്പിക്കുന്നത്. ജോലി നേടാനുള്ള ലക്ഷ്യം മാത്രമായി വിദ്യാഭ്യാസത്തെ കാണുമ്പോഴാണ് അപചയം സംഭവിക്കുന്നത്. ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയില്‍ പി.വി. രാധാകൃഷ്ണപിള്ള ചെയ്ത സേവനങ്ങള്‍ ശ്ളാഘനീയമാണ്. മറ്റ് മേഖലയേക്കാള്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്‍െറ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. രവി പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാധാകൃഷ്ണപിള്ളയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഉപഹാരം അംബാസഡര്‍ മോഹന്‍കുമാറും കേരളീയ സമാജത്തിന്‍െറ പുരസ്കാരം വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാനും സമ്മാനിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, ജി.കെ. നായര്‍, എം. മുകുന്ദന്‍, നടന്‍ മുകേഷ്, പത്മശ്രീ ജി. ശങ്കര്‍, സോമന്‍ ബേബി, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ഗീസ് കാരക്കല്‍ സ്വാഗതവും ഭഗവാന്‍ അസര്‍പോട്ട നന്ദിയും പറഞ്ഞു. ജി. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള ഗാനമേളയും കോട്ടയം നസീറിന്‍െറ കോമഡിഷോയും ഉണ്ടായിരുന്നു.

No comments:

Pages