ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാന്‍ സുകുമാര്‍ അഴീക്കോട്. - Bahrain Keraleeya Samajam

Breaking

Sunday, September 26, 2010

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാന്‍ സുകുമാര്‍ അഴീക്കോട്.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാന്‍ സുകുമാര്‍ അഴീക്കോട്. ഇത്തവണത്തെ സമാജം സാഹിത്യ പുരസ്‌കാരം സ്വീകരിക്കാനാണ് അഴീക്കോടെത്തുന്നത്. അടുത്ത മാസം നടക്കുന്ന നവരാത്രിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗായകരായ പി. ജയചന്ദ്രനും ഗായത്രിയുമുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയചന്ദ്രന്‍ ബഹ്‌റൈനില്‍ ഗാനമേളയ്‌ക്കെത്തുന്നത്. വിദ്യാരംഭത്തില്‍ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി വിവരമറിയിക്കണമെന്നും അംഗങ്ങളല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് കുട്ടികളെയാണ് എഴുത്തിനിരുത്തുന്നത്.

നവരാത്രിയാഘോഷത്തിന്റെ ആദ്യദിനമായ ഒക്ടോബര്‍ 14-ന് രാത്രി 7.30-ന് പി. ജയചന്ദ്രനും ഗായത്രിയും നയിക്കുന്ന ഗാനമേള. പരിപാടിക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നും എന്നാല്‍ സമാജാംഗങ്ങള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ 15-ന് രാത്രി 7.30-ന് സമാജം സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, സുകുമാര്‍ അഴീക്കോടിന് സമ്മാനിക്കും. തുടര്‍ന്ന് സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം ഫ്യൂഷന്‍ സംഗീതപരിപാടി അരങ്ങേറും. ഒക്ടോബര്‍ 16-ന് വൈകിട്ട് 7.30-ന് അഴീക്കോടുമായി അഭിമുഖം. തുടര്‍ന്ന് നൂറോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി.
ഒക്ടോബര്‍ 17-ന് വിജയദശമി ദിനത്തില്‍ വെളുപ്പിന് അഞ്ച് മുതല്‍ അഴീക്കോട് കുട്ടികളെ എഴുത്തിനിരുത്തും. വാര്‍ത്താസമ്മേളനത്തില്‍ സമാജം ഭാരവാഹികളായ എന്‍.കെ. വീരമണി, അബ്ദുല്‍ റഹിമാന്‍, സജുകുമാര്‍, ഗിരീഷ്, സജു കുടശ്ശനാട് എന്നിവരും പങ്കെടുത്തു.

No comments:

Pages