'ഭാഷ, സംസ്‌കാരം, സാഹിത്യം, സമൂഹം': കേരളീയ സമാജം സെമിനാര്‍ ശ്രദ്ധേയമായി - Bahrain Keraleeya Samajam

Breaking

Wednesday, September 8, 2010

'ഭാഷ, സംസ്‌കാരം, സാഹിത്യം, സമൂഹം': കേരളീയ സമാജം സെമിനാര്‍ ശ്രദ്ധേയമായി


ഭാഷ, സാഹിത്യം, സംസ്‌കാരം, സമൂഹം, സെമിനാര്‍ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ ശില്‍പ്പശാലയുടെ മുന്നോടിയായി നടത്തിയ സെമിനാര്‍ മലയാള ഭാഷ നേരിടുന്ന പുതിയ വെല്ലുവിളികളെകുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയായി മാറി. 'ഭാഷ, സംസ്‌കാരം, സാഹിത്യം, സമൂഹം' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ വിവിധ കലാ സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് വിപുലമായ പദ്ധതികളാണ് സമാജം ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് രാധാകൃഷ്ണ പിള്ള വിശദീകരിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകല അക്കാദമി തുടങ്ങിയവയുടെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ വേദിയായി ബഹ്‌റൈന്‍ ഈ വര്‍ഷം മാറുകയാണ്. സെപ്റ്റംബര്‍ 9 മുതല്‍ നടക്കുന്ന ത്രിദിന സാഹിത്യ ശില്‍പ്പശാലക്ക് പുറമേ ചിത്രകല ക്യാമ്പ്, നാടക പഠന കളരി , ഭാഷ പഠനത്തിനുള്ള സ്ഥിരം വേദി തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ക്ക് സര്‍ക്കാരിന്റെ അതതു ഏജന്‍സികളുമായി കൂടിയാലോചനകള്‍ നടത്തി രൂപരേഖ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു .ഭാഷയുടെ വിവിധ സംവേദന രീതികളെക്കുറിച്ചും രൂപങ്ങളെകുറിച്ചും യോഗത്തില്‍ അധ്യക്ഷം വഹിച്ച സുധീഷ് കുമാര്‍ സംസാരിച്ചു. ഭാഷ, നാഗരികത, ഇവയുടെ ഉല്‍പ്പത്തിയും വളര്‍ച്ചയും , കേരളീയ സമൂഹത്തിന്റെ ഭാഷാ പശ്ചാത്തലം തുടങ്ങിയവയെകുറിച്ച് പി ടി നാരായണന്‍ സംസാരിച്ചു .മലയാള ഭാഷ പുതിയ കാലത്തിനനുസൃതമായി ഒരു ജ്ഞാന ഭാഷയായി മാറേണ്ടത് അനിവാര്യമാണെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു . മാറുന്ന കാലത്തില്‍ ശാസ്ത്ര- സാങ്കേതിക വിദ്യകളെ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോവുന്നത് വഴി നമ്മുടെ ഭാഷക്ക് ഫലപ്രദമായി പുതിയ തലമുറകളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയാതെ വരുന്നു. തമിഴ്, അറബിക് തുടങ്ങിയ ഭാഷകളില്‍ ഇപ്പോള്‍ നടന്നു വരുന്ന പുതിയ പദാവലികള്‍ , ശൈലികള്‍ , പ്രയോഗങ്ങള്‍ തുടങ്ങിയവക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും മലയാള ഭാഷയിലും കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .യോഗത്തില്‍ ഈ വിഷയങ്ങളെകുറിച്ചുള്ള ചര്‍ച്ചയും നടന്നു .ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകല്‍ക്കനുസരിച്ചു പുതിയ കൂട്ടിചേര്‍ക്കലുകള്‍ ഭാഷയില്‍ ഉണ്ടായാല്‍ മാത്രമേ ഭാഷയുടെ സംവേദന ശേഷി വര്‍ധിക്കുകയുള്ളൂ എന്ന് സെമിനാര്‍ നിരീക്ഷിച്ചു . ഇന്റര്‍നെറ്റ്, ബ്ലോഗ് തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും എന്ന അഭിപ്രയത്തോടൊപ്പം ദൃശ്യ മാധ്യമങ്ങള്‍ ഭാഷയെ വികൃതമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സെമിനാറില്‍ ഉയര്‍ന്നു. യോഗത്തില്‍ സമാജം സാഹിത്യ വിഭാഗം സെക്രടറി ബിജു എം സതിഷ് സ്വാഗതവും ശ്രീ രാധാകൃഷ്ണന്‍ ഒഴുര്‍ നന്ദിയും രേഖപ്പെടുത്തി. സമാജം സാഹിത്യ ശില്‍പ്പശാലയുടെ മുന്നാമത് അനുബന്ധ പരിപാടിയായാണ് സെമിനാര്‍ സംഘടിപ്പിക്കപെട്ടത്. മുന്‍പ് നടന്ന കഥ-കാവ്യ സന്ധ്യ, സമൂഹ ചിത്ര രചന ക്യാമ്പ് എന്നിവയും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ യു. എ. ഇ , ഖത്തര്‍, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ വിവിധ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ത്തന്നെ ഇദം പ്രദമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. നോവല്‍, ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍. പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

No comments:

Pages