വിളക്കുപാറയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക്... സ്വന്തം ശബ്ദവുമായി ഒരപൂര്‍വ യാത്ര - Bahrain Keraleeya Samajam

Saturday, April 17, 2010

demo-image

വിളക്കുപാറയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക്... സ്വന്തം ശബ്ദവുമായി ഒരപൂര്‍വ യാത്ര

കൊല്ലത്തെ വിളക്കുപാറയില്‍ നിന്ന് ലോസ് ആഞ്ചലസിലെ കൊഡാക് തിയറ്ററിലേക്കുള്ള ദൂരം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖകനെന്ന നിലക്കുള്ള 15 വര്‍ഷങ്ങളല്ല, അത് അദ്ദേഹത്തിന്റെ ജീവിതകാലം തന്നെയാണ്; 39 വര്‍ഷങ്ങള്‍.
ഓസ്കാര്‍ എന്ന ഒരേയൊരു നിമിത്തമല്ല, കേള്‍ക്കാത്ത ശബ്ദങ്ങള്‍ മലയാളിയെ കേള്‍പ്പിച്ച ഈ പ്രതിഭയെ സൃഷ്ടിച്ചത്. ഓസ്കാറിനുമുമ്പും അതിനുശേഷവും ഒരുപക്ഷേ അതില്ലെങ്കില്‍ പോലും റസൂല്‍ എന്ന ശബ്ദം ഉണ്ടാകുമായിരുന്നുവെന്ന് സ്വന്തം ജീവിതം സാക്ഷിയാക്കി നിശãബ്ദം പറഞ്ഞുതരികയായിരുന്നു, കേരളീയ സമാജത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ റസൂല്‍ പൂക്കുട്ടി. തന്റെ തൊഴിലില്‍ 15 വര്‍ഷം കൊണ്ട് ആര്‍ജിച്ച അനുഭവങ്ങള്‍ ഒരു സാധാരണക്കാരന്റെ ലാളിത്യത്തോടെയും ഒരു ദാര്‍ശനികന്റെ പാകതയോടുമാണ് അദ്ദേഹം വിവരിച്ചത്.
സ്കൂളിലും കോളജിലും മലയാളം പഠിച്ച ഒരാള്‍ക്ക് ലോകത്തെ തന്റെ ശബ്ദം കേള്‍പ്പിക്കാനാകുമെന്ന് തെളിയിച്ച നിമിഷമായിരുന്നു ഓസ്കാറിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മികവ് കൈവരിക്കണമെന്ന ഒരു ഇന്ത്യക്കാരനുള്ള ആന്തരികപ്രേരണയുടെ സാക്ഷാല്‍ക്കാരമായിരുന്നു 'സ്ലംഡോഗ് മില്യനയര്‍'ക്കു ലഭിച്ച അംഗീകാരം. ഓസ്കാര്‍ നേടി തിരിച്ചുവന്നപ്പോള്‍, ഇത് ഏതൊരു ഇന്ത്യക്കാരനും പ്രാപ്തമാണെന്ന് മറ്റ് ഇന്ത്യക്കാര്‍ കൂടി തിരിച്ചറിയുകയായിരുന്നു.
ഓസ്കാര്‍ ലഭിച്ചശേഷമാണ് മലയാള സിനിമ അംഗീകരിച്ചത് എന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന്, ക്ലേശകരമായ സ്വന്തം സിനിമായാത്ര വിശദീകരിച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം മലയാള സിനിമ ചെയ്യണം എന്ന ആഗ്രഹവുമായാണ് വന്നത്. എന്നാല്‍ ലൈവ് റെക്കോര്‍ഡിംഗ് തുടങ്ങിയ ആശയങ്ങള്‍ക്കുപറ്റിയ ഇടമായിരുന്നില്ല അന്ന് മലയാളം. തുടര്‍ന്ന് ചെന്നൈയില്‍ കമല്‍ഹാസനെ ചെന്നുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: തമിഴ് വിപണിക്ക് മനീഷ കൊയ്രാളയെയാണ് വേണ്ടത്. എന്നാല്‍, മനീഷക്കാകട്ടെ തമിഴ് അറിയുകയുമില്ല''. അഭിനയത്തിന് ഭാഷ പ്രധാന ഘടകമാണെന്ന വാദത്തെ റസൂല്‍ പൂക്കുട്ടി നേരിട്ടു; റഷ്യന്‍ സിനിമയില്‍ ഉക്രൈന്‍ നടിമാരാണ് കൂടുതലും അഭിനയിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ പ്രബലമായി നില്‍ക്കുന്ന ഇത്തരം യാഥാസ്ഥിതികത്വങ്ങളോടാണ് യുവാവായ റസൂലിന് പൊരുതേണ്ടിവന്നത്. ഒരുവേള, സിനിമ വേണ്ട, നിര്‍ത്തിവച്ച നിയമപഠനം പുനരാരംഭിച്ചാലോ എന്നുപോലും തോന്നിയ സമയം. നിയതി ഒടുവില്‍ റസൂലിനെ മുംബൈയിലെത്തിച്ചു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദി ഗോവയിലേക്ക് മാറ്റുന്നതിനുമുമ്പ്, മുംബൈയില്‍ നടന്ന അവാസാന ഫെസ്റ്റിവലിന്റെ സമയം. ഏഴാം ദിവസം മുംബൈയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു സ്ഥലത്ത് ടെലിവിഷനുവേണ്ടിയുള്ള ഷൂട്ടിംഗിന് ശബ്ദലേഖകനെ ആവശ്യമുണ്ടെന്നറിഞ്ഞു. അവിടെയെത്തുമ്പോള്‍ പഠിച്ച ശബ്ദവും ധരിച്ച വസ്ത്രവും മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. ആദ്യം തിരിച്ചുപോന്നു. മുംബൈയില്‍ എട്ടുപേര്‍ താമസിക്കുന്ന മുറിയില്‍ അന്ന് എനിക്കുമാത്രമായിരുന്നു ഇങ്ങനെയൊരു ഓഫറെങ്കിലുമുണ്ടായിരുന്നത്. അതോര്‍ത്തപ്പോള്‍ വീണ്ടും പോയി. ഷൂട്ടിംഗിന്റെ രണ്ടാമത്തെ ഷെഡ്യൂളില്‍ ചേര്‍ന്നു. ആ സമയത്ത് മാതാവ് ആശുപത്രിയിലാണെന്ന് വിവരം കിട്ടി. ചികില്‍സക്ക് കുറച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ 8000 രൂപ തന്നു. അത് വലിയൊരനുഭവമായിരുന്നു.
എനിക്ക് ജോലി ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവുമാത്രമായിരുന്നില്ല അത്. ഒരു വലിയ കലയുടെ സൃഷ്ടിയേക്കാളും മഹത്തരമാണ്, നല്ല മകനാകുന്നത്, നല്ല സഹോദരനാകുന്നത്, നല്ല ഭര്‍ത്താവാകുന്നത്.ടെലിവിഷനിലെ റെക്കോര്‍ഡിംഗിലും മറ്റും വലിയ മാറ്റം നടക്കുന്ന കാലം കൂടിയായിരുന്നു അത്. തുടക്കത്തിലേ, പ്രതിഭാശാലികളായ സിനിമാപ്രവര്‍ത്തകരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അത് 'ബ്ലാക്ക്' വരെയുള്ള ചരിത്രം.ഒരു വഴക്കിന്റെ കൂടി ഫലമായിരുന്നു 'സ്ലംഡോഗ് മില്യനയര്‍'. വഴക്കുണ്ടാക്കുന്നവന്‍ സത്യം പറയുന്നവനുമായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ഡാനി ബോയ്ലേയുടെ 'ട്രെയിന്‍സ്പോര്‍ട്ടിംഗ് ഇന്‍ മൈ റൂം' എന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ മുറിയിലുണ്ടായിരുന്നു. ബോയ്ലേ 'സ്ലംഡോഗ്' ചെയ്യുന്നതായി അറിഞ്ഞിരുന്നുവെങ്കിലും ഞാനതിലേക്ക് വീണുപോകുമെന്ന് കരുതിയില്ല. അത് അവിശ്വസനീയ യാത്രയായിരുന്നു. വ്യത്യസതമായൊരു പഠനപ്രക്രിയ, അല്ല, പഠിച്ചതെല്ലാം മറന്ന്, പഠനത്തെതന്നെ അപനിര്‍മിക്കേണ്ടിവന്ന അനുഭവം.ഡാനി പുതിയ വഴികള്‍ തേടുന്ന സംവിധായകനാണ്. ഒരു കാമറക്കുപകരം അഞ്ച് കാമറുകള്‍ വരെ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആള്‍. മുംബൈയിലെ ജീവിതം അതേപടിയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. ഞാനും കാത്തിരുന്നത് അതിനുവേണ്ടിയായിരുന്നു. സാങ്കേതിക വിദ്യകൊണ്ട് മനുഷ്യജീവിതത്തെ അതേപടി പകര്‍ത്തുക. അനവധി ശബ്ദങ്ങള്‍ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്ന മുംബൈയുടെ കേള്‍വിയും ശ്രദ്ധയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക, എന്നിട്ട് നഗരത്തിന്റെ 'സൌണ്ട് സ്കേപ്പ്' റെക്കോര്‍ഡ് ചെയ്യുക; തലച്ചോറും ഇന്ദ്രിയങ്ങളും അനുഭവിക്കുന്ന അതേ ശബ്ദം.
ഒരു കാലഘട്ടം പുനരാവിഷ്കരിച്ച 'പഴശãിരാജ' വെല്ലുവിളിയായിരുന്നു. യുദ്ധരംഗങ്ങള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ചെയ്തത്.കേരളത്തിലെ തിയറ്ററുകളിലെ ശബ്ദക്രമീകരണത്തിലെ നിലവാരമില്ലായ്മ അദ്ദേഹം തുറന്നുകാട്ടി. തിയറ്ററിലെ സീറ്റിംഗില്‍ പോലും നിലവാരം ഉറപ്പാക്കുമ്പോള്‍, സൌണ്ട് സിസ്റ്റത്തിന്റെ നിലവാരത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല. ഒരു ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവര്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത്, ഒരു സിനിമ കാണാന്‍ 40 രൂപ വരെ ടിക്കറ്റിന് മുടക്കേണ്ടിവരുന്നുണ്ട്. അവര്‍ക്കുവേണ്ടി നാം ഒന്നും കൊടുക്കുന്നില്ല. ഇത് ബുദ്ധിപരമായ ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ ഉച്ചപ്പടമെന്നുപറഞ്ഞ് കണ്ടുവളര്‍ന്നവരാണ് തന്റെ തലമുറ. എന്താണ് നല്ല സിനിമ എന്ന് കാണിച്ചുകൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഇന്തോ^ യു.എസ് സിനിമകളാണ് റസൂല്‍ പൂക്കുട്ടിയുടെ അടുത്ത പ്രൊജക്റ്റ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ 'ഇന്ദ്രന്‍' എന്ന പേരില്‍ തമിഴിലും 'റോബോട്ട്' എന്ന പേരില്‍ ഹിന്ദിയിലും ഇറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

News from Madyamam News Paper

Pages