സമാജം ബാലകലോല്‍സവത്തില്‍ എല്ലാ മലയാളികള്‍ക്കും മല്‍സരിക്കാം - Bahrain Keraleeya Samajam

Breaking

Tuesday, April 20, 2010

സമാജം ബാലകലോല്‍സവത്തില്‍ എല്ലാ മലയാളികള്‍ക്കും മല്‍സരിക്കാം

ബഹ്റൈനിലെ എല്ലാ മലയാളി കുട്ടികളുടെയും പങ്കാളിത്തത്തില്‍ കേരളീയ സമാജം ബാലകലോല്‍സവം അടുത്തമാസം 13ന് തുടങ്ങും. 45 ദിവസം നീളുന്ന മല്‍സരങ്ങളില്‍ 140 ഇനങ്ങളില്‍ 3000ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫൈനലില്‍ 1500ഓളം കുട്ടികള്‍ പങ്കെടുക്കും. ഇതാദ്യമായാണ് ബാലകലോല്‍സവം എല്ലാ മലയാളികള്‍ക്കുമായി വിപുലപ്പെടുത്തുന്നത്. സമാജം അംഗങ്ങളുടെ കുട്ടികളില്‍ മാത്രമായി മല്‍സരം ഒതുങ്ങുന്നതുകൊണ്ട്, മല്‍സരങ്ങളുടെ ഗുണനിലവാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു. മല്‍സരശേഷിയില്ലാത്തതുമൂലം നാട്ടിലും മറ്റും ഇവിടത്തെ കുട്ടികള്‍ പിന്തള്ളപ്പെടുന്നു. ഇതിന് പരിഹാരമെന്ന നിലക്കാണ് മല്‍സരം വിപുലമാക്കുന്നത്. ഭാവിയില്‍ ഇത് ഇന്ത്യന്‍ സമൂഹത്തിനാകെ തുറന്നുകൊടുക്കാനുള്ള ആലോചനയുണ്ട്. സംഗീത, നൃത്ത പരിപാടികളിലെ വിധിനിര്‍ണയത്തിലുണ്ടാകുന്ന പരാതി ഒഴിവാക്കാന്‍ നാട്ടില്‍ നിന്ന് വിധികര്‍ത്താക്കളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പ് ഇനങ്ങളില്‍ സമാജത്തിനുപുറമേ സംഘടനകള്‍, ക്ലബുകള്‍, സ്കൂളുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പുകളെ സ്പോണ്‍സര്‍ ചെയ്യാം. നാട്ടിലെ യുവജനോല്‍സവ മാന്വല്‍ പ്രകാരമാണ് മല്‍സരം നടത്തുക. കലാപ്രതിഭ, തിലകം എന്നിവക്കുപുറമേ ഇത്തവണ സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന അവാര്‍ഡുകളും ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പും നല്‍കും. മലയാള ഭാഷയുടെ പ്രോല്‍സാഹനത്തിന് മലയാള പ്രസംഗമല്‍സരം ഇത്തവണയുമുണ്ട്. ഇതിന് പ്രവേശന ഫീസ് ഇല്ല. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സമാജം ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ട്രോഫിയുണ്ട്. 20ഓളം ചാമ്പ്യന്‍ഷിപ്പ്അവാര്‍ഡുകള്‍ ഇത്തവണ നല്‍കും. കഥാപ്രസംഗം, ടാബ്ലോ, ഏതു ഭാഷയിലുമുള്ള മോണോ ആക്റ്റ്, ഫ്ലവര്‍ അറൈജ്മെന്റ്, പോസ്റ്റര്‍ ഡിസൈന്‍ തുടങ്ങിയ പുതിയ പരിപാടികള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി. ഹരികൃഷ്ണന്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് ബാലകലോല്‍സവത്തിന് നേതൃത്വം നല്‍കുന്നത്. മോഹന്‍രാജ് സ്റ്റേജിനങ്ങളുടെയും ടിജി മാത്യു രചനാമല്‍സരങ്ങളുടെയും വിനോദ് കാഞ്ഞങ്ങാട് ഗ്രൂപ്പിനങ്ങളുടെയും പ്രിന്‍സ് നടരാജന്‍ ഐ.ടി വിഭാഗത്തിന്റെയും കണ്‍വീനര്‍മാരാണ്.ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ബി. ഹരികൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Pages