ആയിരം അക്ഷരദീപങ്ങള്‍ കൊളുത്തി കുരുന്നുകള്‍ മലയാള മുറ്റത്തേക്ക്... - Bahrain Keraleeya Samajam

Breaking

Wednesday, April 28, 2010

ആയിരം അക്ഷരദീപങ്ങള്‍ കൊളുത്തി കുരുന്നുകള്‍ മലയാള മുറ്റത്തേക്ക്...

ആയിരം അക്ഷരദീപങ്ങള്‍ കൊളുത്തി പ്രവാസിയുടെ ഒരു തലമുറ മലയാളത്തിന്റെ മുറ്റത്തേക്ക് കാലെടുത്തുവക്കുന്നു. കേരളീയ സമാജത്തിലെ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനേല്‍സവം നാളെ രാത്രി എട്ടിന് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആയിരം ദീപങ്ങള്‍ കൊളുത്തി അക്ഷരപ്പാട്ടും കളികളുമായാണ് കുട്ടികളെ മലയാളം ക്ലാസിലേക്ക് വരവേല്‍ക്കുക. പാഠശാല എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നുവെന്ന സവിശേഷത കൂടി ഇത്തവണത്തെ പ്രവേശനോല്‍സവത്തിനുണ്ട്.നിലവിലുള്ള 175 കുട്ടികളെ കൂടാതെ, പുറത്തുനിന്ന് 50ഓളം കുട്ടികള്‍ പാഠശാലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുന്നതായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് പറഞ്ഞു. 15 അധ്യാപകരടങ്ങുന്ന സംഘമാണ് പാഠശാലക്ക് നേതൃത്വം നല്‍കുന്നത്.മലയാള ഭാഷാ പഠനം വിപുലമാക്കാന്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. പ്രവാസികളായ കുട്ടികള്‍ക്കുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച 'എന്റെ മലയാളം' പദ്ധതിയുടെ കേന്ദ്രം ബഹ്റൈനില്‍ തുടങ്ങാനുള്ള ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ ദല്‍ഹിയില്‍ മാത്രമാണ് ഈ പദ്ധതിക്ക് കേരളത്തിനുപുറത്ത് കേന്ദ്രമുള്ളത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇന്ത്യക്കുപുറത്ത് 'എന്റെ കേരള'ത്തിന്റെ ആദ്യ കേന്ദ്രം ബഹ്റൈനാകും. മാത്രമല്ല, പാഠശാലയിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും.മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനത്തിനുള്ള പാഠശാലയില്‍ അഞ്ചുമുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം. നാട്ടിലെ സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രത്യേക സിലബസനുസരിച്ചാണ് ഭാഷാപഠനം. ഇപ്പോള്‍ ഏഴ് ക്ലാസുകളും തുടക്കക്കാര്‍ക്ക് ഒരു ക്ലാസുമാണുള്ളത്. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ ഇത്തവണ ക്ലാസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. 300ഓളം കുട്ടികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് ബിജു എം സതീഷ് പറഞ്ഞു. ഭാഷാ പഠനത്തെക്കൂടാതെ കവിത, കഥ, പ്രബന്ധ രചന, പ്രസംഗം എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ബുധനാഴ്ചകളില്‍ രാത്രി എട്ടുമുതല്‍ 9.30വരെയാണ് ക്ലാസ്. പഠനം സൌജന്യമാണ്. പാഠശാലയുടെ പ്രവര്‍ത്തനം ആകര്‍ഷകമാക്കാന്‍ നാട്ടില്‍ നിന്ന് പ്രശസ്തരായ അധ്യാപകരെ കൊണ്ടുവന്ന് കവിത^ കഥ ചൊല്ലല്‍, എഴുത്തുകാരുമായുള്ള സംവാദം എന്നിവ സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്

No comments:

Pages