പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനേത്ഘാടനം - Bahrain Keraleeya Samajam

Breaking

Wednesday, April 7, 2010

പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനേത്ഘാടനം

കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഈ മാസം 16ന് രാത്രി എട്ടിന് നടക്കും. ഓസ്കാര്‍ അവാര്‍ഡ് ജേതാവും പ്രമുഖ ശബ്ദലേഖകനുമായ റസൂല്‍ പൂക്കുട്ടിയാണ് മുഖ്യാതിഥി. അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫാണ് വിശിഷ്ടാതിഥി. പ്രമുഖ നര്‍ത്തകി ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടവും ഇതോടനുബന്ധിച്ചുണ്ടാകുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.സമാജം അംഗങ്ങളല്ലാത്തവര്‍ക്കും സ്ഥാനാരോഹണചടങ്ങ് കാണാന്‍ അവസരമുണ്ടാകുമെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു. കൃത്യമായ സമയക്രമം പാലിക്കുന്നതിനാല്‍ 7.30നുതന്നെ ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങിന് മുന്നോടിയായി മോഹന്‍രാജ് തയാറാക്കിയ, സമാജത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ഓഡിയോ വിഷ്വല്‍ പരിപാടി പ്രദര്‍ശിപ്പിക്കും. സമാജത്തില്‍ ബാറ്റ്മിന്റന്‍ കളിക്കിടെ ഹൃദയാഘാതം വന്ന് മരിച്ച ജോസിന്റെ കുടുംബത്തിന് സമാജം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നാല് ലക്ഷത്തോളം രൂപ ചടങ്ങില്‍ കൈമാറും. ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ടി.ജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. 'സ്ലംഡോഗ് മില്യനയര്‍' എന്ന സിനിമയിലൂടെ ഓസ്കാറും അതിനുശേഷം പത്മശ്രീയും നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സമകാലിക ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിലൊരാളായാണ് അറിയപ്പെടുന്നത്. മുസാഫിര്‍, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സവാരിയ, ദുസ് കഹാനിയാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശബ്ദലേഖനത്തിന് പുതിയ മാനം നല്‍കിയ റസൂല്‍ 'സ്ലംഡോഗ് മില്യനയര്‍' എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമയിലെ സൌണ്ട് എഞ്ചിനീയറിംഗിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചു. സാങ്കേതിക വിദ്യയുടെ ഏറ്റവും നവീനമായ സങ്കേതങ്ങളുപയോഗിച്ച് സംസ്കാരത്തെയും സൌന്ദര്യശാസ്ത്രത്തെയും സംയോജിപ്പിക്കുന്ന കലാപ്രയോഗമാണ് റസൂല്‍ പൂക്കുട്ടിയുടെ സവിശേഷത. കര്‍ണാടക സംഗീതം മുതല്‍ മോഹിനിയാട്ടം വരെയുള്ള ശാസ്ത്രീയ കലകളുടെ പ്രയോഗത്തിലും ഗവേഷണത്തിലും മികച്ച സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന ഡോ. ദീപ്തി ഓംചേരി ഭല്ല വിശ്രുത സംഗീതജ്ഞ ഡോ. ലീല ഓംചേരിയുടെയും പ്രശസ്ത നാടകകൃത്തും കലാകാരനുമായ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയുടെയും മകളാണ്. ദല്‍ഹി സര്‍വകലാശാലയിലെ സംഗീത, കലാ ഫാക്കല്‍റ്റിയിലെ കര്‍ണാടക സംഗീത വിഭാഗം റീഡറായ ദീപ്തി കര്‍ണാടക സംഗീതം അഭ്യസിച്ചത് അമ്മയില്‍ നിന്നും ടി.എസ് രാഘവനില്‍ നിന്നുമാണ്. തുടര്‍ന്ന് യൂനുസ് ഹുസൈന്‍ ഖാന്‍, ദാഗര്‍ സഹോരന്മാര്‍ എന്നിവരില്‍ നിന്ന് ഹിന്ദുസ്ഥാനി പഠിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയില്‍ നിന്ന് മോഹിനിയാട്ടവും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സദനം ബാലകൃഷ്ണന്‍, ഗുരു ഗോപിനാഥ് തുടങ്ങിയവരില്‍ നിന്ന് കഥകളിയും പഠിച്ചു. ഇന്ത്യയിലെ പ്രമുഖ നൃത്ത^,സംഗീത ഫെസ്റ്റിവലുകളിലെ സജീവ സാന്നിധ്യമായ ദീപ്തി വിദേശ കലാ ഫെസ്റ്റിവലുകളില്‍ ഭാരതീയ കലയുടെ അഭിജാത മുദ്രയാണ്. അമ്മ ലീല ഓംചേരിക്കൊപ്പം ഭാരതീയ സംഗീതത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളീയ സമാജത്തില്‍ ഒരു മണിക്കൂറോളം അവര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. എല്ലവര്‍ക്കും സ്വാഗതം

No comments:

Pages