ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം കുട്ടികളെ അവഹേളിക്കുന്നത്: കേരളീയ സമാജം - Bahrain Keraleeya Samajam

Breaking

Tuesday, November 1, 2011

ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം കുട്ടികളെ അവഹേളിക്കുന്നത്: കേരളീയ സമാജം

യുവജനോല്‍സവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം കുട്ടികളെ അവഹേളിക്കുന്നതാണെന്ന് കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാനും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ബഹ്റൈനില്‍ കേരളീയ സമാജമാണ് യുവജനോല്‍സവം നടത്തുന്നത് എന്നതിനാല്‍, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറിയുടെ പരാമര്‍ശം സമാജം ബാലകലോല്‍സവവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമാണ്.
30 വര്‍ഷമായി കേരളീയ സമാജം യുവജനോല്‍സവം നടത്തുന്നു. 45 ദിവസം നീളുന്ന സമാജം ബാലകലോല്‍സവം ജി.സി.സിയില്‍ മലയാളി കുട്ടികള്‍ക്കായി നടത്തുന്ന ഏറ്റവും വിപുലമായ കലാമേളയാണ്. സംസ്ഥാന യുവജനോല്‍സവ മാന്വല്‍ അനുസരിച്ച്, കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളുമടങ്ങുന്ന വലിയ സദസ്സിനുമുന്നിലാണ് കുട്ടികള്‍ അവരുടെ കഴിവ് മാറ്റുരക്കുന്നത്. രണ്ടുവര്‍ഷമായി കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും പങ്കാളിത്തവും ബാലകലോല്‍സവത്തിന് ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്കൂളില്‍ മുമ്പ് ‘ഹാര്‍മണി’ എന്ന പേരില്‍ നടന്നിരുന്ന ഇന്‍റര്‍ സ്കൂള്‍ യുവജനോല്‍സവത്തില്‍ ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. നാട്ടിലെ യുവജനോല്‍സവത്തിന്‍െറ മാതൃകയില്‍, കുട്ടികളുടെ കഴിവുകള്‍ ശരിയായി മാറ്റുരക്കാന്‍ കഴിയുംവിധം അരങ്ങേറിയിരുന്ന ‘ഹാര്‍മണി’ സാമ്പത്തിക ധൂര്‍ത്ത് എന്നുപറഞ്ഞാണ് ഇപ്പോഴത്തെ ഭരണസമിതി നിര്‍ത്തലാക്കിയത്. പക്ഷേ, കുട്ടികളെ സംബന്ധിച്ച് അത് വലിയ നിക്ഷേപം തന്നെയായിരുന്നു. പുതുതായി തുടങ്ങിയ യുവജനോല്‍സവത്തില്‍, ക്ളാസ് മുറിക്കുള്ളില്‍ ഒന്നോ രണ്ടോ അധ്യാപകരുടെ മുന്നിലാണ് കുട്ടികള്‍ക്ക് കഴിവ് പ്രകടിപ്പിക്കേണ്ടിവരുന്നത്. കലാമല്‍സരങ്ങളുടെ മാനദണ്ഡമനുസരിച്ച് ഇത് വികലമായ രീതിയാണ്. രാവിലെ പരീക്ഷയും വൈകീട്ട് ഇനങ്ങളുടെ അവതരണവും. ഇതിനെ മല്‍സരം എന്നുതന്നെ പറയാനാകില്ല. സ്കൂളാകുമ്പോള്‍ പഠിക്കുന്ന കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞെന്നുവരും; സമാജം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മലയാളികളായ കുട്ടികള്‍ക്കുവേണ്ടി മാത്രം ചില സംഘടനകള്‍ നടത്തുന്ന യുവജനോല്‍സമാണ് ജി.സി.സിയിലെ ഏറ്റവും വലിയ കലാമേളയെന്നും അതിനാണ് നിലവാരമുള്ളതെന്നുമുള്ള അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഇ.എ സലിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

No comments:

Pages