എഴുത്തുകാര്‍ ഇന്നെത്തും; കേരളീയ സമാജം സാഹിത്യ ക്യാമ്പിന് നാളെ തുടക്കം - Bahrain Keraleeya Samajam

Breaking

Thursday, November 3, 2011

എഴുത്തുകാര്‍ ഇന്നെത്തും; കേരളീയ സമാജം സാഹിത്യ ക്യാമ്പിന് നാളെ തുടക്കം

ഗള്‍ഫ് മലയാളികളുടെ രചനാ- വായനാ ലോകങ്ങളെ സമകാലികമാക്കാനും ഭാവുകത്വത്തിന് ഉണര്‍വുപകരാനുമുദ്ദേശിച്ച് കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ജി.സി.സി സാഹിത്യ ക്യാമ്പിന് നാളെ തുടക്കമാകും. 60 ലധികം പേര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, സേതു, കെ ആര്‍ മീര, അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ ഇന്നെത്തും. മൂന്നു ദിവസങ്ങളില്‍ ആറു സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്‍റ് പി. വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിക്കും. സേതു, കെ. ആര്‍ മീര, ബാലചന്ദ്രന്‍ വടക്കേടത്ത്, ബെന്യാമിന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആദ്യ സെഷനില്‍ മലയാള സാഹിത്യം, ഭാഷ, വായന എന്നിവയെകുറിച്ച് ക്ളാസ് നടക്കും. പുതിയ കാലത്തെ എഴുത്ത്, സാഹിത്യ രൂപപരിണാമങ്ങള്‍, വായന എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചയുമുണ്ടാകും. തുടര്‍ന്ന് പുതിയ കാല സാഹിത്യ രചനകള്‍, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ക്ളാസ് നടക്കും. രാത്രി സാംസ്കാരിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ സേതുവിന് സമ്മാനിക്കും. ശനിയാഴ്ച വൈകീട്ട് 7.30ന് എഴുത്തുകാര്‍ രചനാനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങളുമായി പങ്കിടും. തുടര്‍ന്നു കഥ- കവിത ചര്‍ച്ച. ക്യാമ്പ് അംഗങ്ങളുടെ സജീവമായ പങ്കാളിത്തം സെഷനുകളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഞായറാഴ്ച വിവിധ സെഷനുകളില്‍ മലയാള കവിതയിലെ പുതിയ പ്രവണതകള്‍, പെണ്ണെഴുത്ത് എന്നിവയെ ആസ്പദമാക്കി ചര്‍ച്ചകളും ക്ളാസുകളും നടക്കും. വൈകീട്ട് 7.30 ന് സാംസ്കാരിക സമ്മേളനത്തോടെ ക്യാമ്പ് സമാപിക്കും. വെള്ളി, ഞായര്‍ തീയതികളിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ക്യാമ്പിന് അനുബന്ധമായി നടത്തിയ സാഹിതീ സന്ധ്യ, സാഹിത്യ ഉദ്യാനം, സൈബര്‍ മീറ്റ്, ടോക്ക് ഷോ എന്നിവ ശ്രദ്ധേയമായിരുന്നു. സാഹിത്യ ഉദ്യാനത്തിന്‍െറ അവസാന മിനുക്കുപണി നടക്കുന്നു. ജി. സി. സി രാജ്യങ്ങളില്‍ നിന്ന് ക്യാമ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ ക്രമീകരണം പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികള്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ഭക്ഷണം, താമസം എന്നിവ ഒരുക്കുന്നതിന് പ്രവര്‍ത്തിക്കുന്നു. ബഹ്റൈനിലെ ദൂരസ്ഥലങ്ങില്‍ നിന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഹന സൗകര്യമുണ്ട്.
രജിസ്ട്രേഷന്‍, ക്യാമ്പ് സമയക്രമം തുടങ്ങിയ വിവരങ്ങളറിയാന്‍ സമാജം ഓഫീസുമായോ ബിനോജ് മാത്യു (36665376), മോഹന്‍രാജ് (39234535 ) എന്നിവരുമായോ ബന്ധപ്പെടാം. സാഹിത്യ അക്കാദമിയുടെ ജി.സി.സിയിലെ ആദ്യ എക്സ്റ്റന്‍ഷന്‍ സെന്‍ററായ കേരളീയ സമാജം കഴിഞ്ഞവര്‍ഷമാണ് ജി.സി.സിയിലെ മലയാളി എഴുത്തുകാരെ പങ്കെടുപ്പിച്ച് ആദ്യ ക്യാമ്പ് സംഘടിപ്പിച്ചത്. എം മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, കെ.പി രാമനുണ്ണി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 75ഓളം പേര്‍ പങ്കെടുത്തു.

No comments:

Pages