പ്രവാസി മലയാളികളുടെ ഓരോ പുരസ്കാരവും വിലപ്പെട്ടത്: സേതു - Bahrain Keraleeya Samajam

Breaking

Sunday, November 6, 2011

പ്രവാസി മലയാളികളുടെ ഓരോ പുരസ്കാരവും വിലപ്പെട്ടത്: സേതു

ഭാഷയെയും സാഹിത്യത്തെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികള്‍ തരുന്ന ഓരോ പുരസ്കാരവും വിലപ്പെട്ടതാണെന്ന് സേതു. കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാറില്‍നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികളുടെ ഭാഷയോടുള്ള മമത മറ്റ് നാടുകളെ അപേക്ഷിച്ച് ഏറെ സവിശേഷമാണ്. താനടക്കമുള്ള എഴുത്തുകാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ രചനകളെ അതീവ സ്നേഹത്തോടെ ഇന്നും ഓര്‍ക്കുന്ന നിരവധി ഗള്‍ഫ് മലയാളികളെ വിദേശ യാത്രകളില്‍ കണ്ടുമുട്ടാന്‍ ഇടയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭാഷയെ അവഗണിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ളീഷില്‍ പ്രാവീണ്യം നേടുന്നതിനോപ്പം മാതൃഭാഷയിലും യുവതലമുറ ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മനസിന്‍െറ അടിത്തട്ടുകളെ ഇളക്കി മറക്കുന്ന രചനകള്‍ മലയാളത്തിനു സമ്മാനിച്ച സേതുവിന് ലഭിക്കുന്ന പുരസ്കാരത്തിലൂടെ മലയാള സാഹിത്യമാണ് ആദരിക്കപ്പെടുന്നതെന്ന് ആശംസ നേര്‍ന്ന അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപെട്ടു. അക്കാദമിയുടെ പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ ഭാഷയെയും സാഹിത്യത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്‍െറ ഭാഗമായി കേരളത്തിനു പുറത്തും ഗള്‍ഫിലും ക്യാമ്പുകള്‍, എഴുത്തുകാരുടെ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കും. പ്രസാധകരുടെ ശ്രദ്ധ ലഭിക്കാതെ പോകുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനും അവാര്‍ഡ് നല്‍കാനും അക്കാദമി മുന്‍കൈ എടുക്കും.
പുതിയ കാലഘട്ടത്തിലും മലയാളത്തിലെ മികച്ച നോവലുകള്‍ എഴുതുന്നത് ആധുനികതയുടെ വക്താക്കളായ എഴുത്തുകാരാണ് എന്ന് അക്കാദമി വൈസ് പ്രസിഡന്‍റ് ബാലചന്ദ്രന്‍ വടക്കേടത്ത് നിരീക്ഷിച്ചു. സേതുവിന്‍െറയും മുകുന്ദന്‍െറയും പുതിയ രചനകള്‍ ഇതിനു ശക്തമായ പിന്‍ബലങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിന്‍െറ കാലം അസ്തമിക്കുന്നോ എന്ന ആശങ്ക ഇല്ലാതാക്കുന്നതാണ് പ്രവാസികള്‍ കാണിക്കുന്ന അക്ഷരസ്നേഹം എന്ന് കെ. ആര്‍ മീര പറഞ്ഞു. സുല്‍ഫിയുടെ ‘അക്ഷരക്കിനാവ്’ എന്ന കുട്ടികള്‍ക്കുള്ള കവിതാ സമാഹാരത്തിന്‍െറ ആദ്യ പ്രതി കെ .ആര്‍ മീരക്ക് നല്‍കി പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്തു. സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബെന്യാമിന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു , വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്യാമ്പില്‍ ഇന്നുരാവിലെ 9.30ന് ‘ആധുനികതയും ഉത്തരാധുനികതയും’ എന്ന സെഷനില്‍ സേതു, കെ.ആര്‍ മീര, ബെന്യാമിന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ‘പെണ്ണെഴുത്തിന്‍്റെ വഴികള്‍’ എന്ന സെഷന്‍. ‘പെണ്ണെഴുതുമ്പോള്‍’ എന്ന വിഷയം കെ.ആര്‍ മീരയും ‘എന്‍െറ സ്ത്രീ കഥാപാത്രങ്ങള്‍’ എന്ന വിഷയം സേതുവും ‘എഴുത്തിലെ ലിംഗഭേദങ്ങള്‍’ എന്ന വിഷയം പെരുമ്പടവം, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരും അവതരിപ്പിക്കും. വൈകീട്ട് 7.30ന് സമാപന സമ്മേളനം. നാളെ രാവിലെ 9.30ന് എഴുത്തുകാരുമായി മുഖാമുഖം.

No comments:

Pages