ഗൗരവമുള്ള നിരൂപണങ്ങളില്ലാത്തത് വായനയുടെ പ്രതിസന്ധി: ബെന്യാമിന്‍ - Bahrain Keraleeya Samajam

Breaking

Wednesday, June 22, 2011

ഗൗരവമുള്ള നിരൂപണങ്ങളില്ലാത്തത് വായനയുടെ പ്രതിസന്ധി: ബെന്യാമിന്‍

ഗൗരവകരമായ പുസ്തക നിരൂപണങ്ങളില്ലാതാകുന്നതാണ് ഇന്ന് വായന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബെന്യാമിന്‍. വായിക്കപ്പെടേണ്ട പുസ്തകങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്ന നരേന്ദ്രപ്രസാദിനെപ്പോലുള്ള നിരൂപകരുടെ അഭാവം ഇന്ന് പ്രകടമാണ്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങള്‍ വായനക്കാരിലെത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളീയ സമാജം സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനവും വായനാദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പുസ്തകങ്ങള്‍ ഉണ്ടാകാത്തതല്ല, അവയെ വേണ്ടവിധം പരിചയപ്പെടുത്തുന്നില്ല എന്നതാണ് ഇതിനുകാരണം. ഈ സാഹചര്യത്തില്‍ സാഹിത്യവേദികള്‍ ഗൗരവകരമായ വായനയെയും പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്താന്‍ മുന്‍കൈയെടുക്കണം. വായനക്കാരുടെ അഭിരുചിക്കനുസരിച്ച രചനയായതുകൊണ്ടുകൂടിയാണ് 'ആടുജീവിതം' ശ്രദ്ധിക്കപ്പെട്ടതെന്ന് ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

'ബെന്യാമിന്‍' എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ കേരളീയ സമാജവും സാഹിത്യവേദിയും വലിയ പങ്കാണ് വഹിച്ചതെന്ന് താന്‍ അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. വിവര സാങ്കേതിക വിദ്യയില്‍ വായനക്ക് ഒരുപാട് സാധ്യതകള്‍ നല്‍കുന്നുണ്ട്. പക്ഷേ, സമീപകാലത്ത് വായന തിരശ്ചീനമായാണ് വളരുന്നത്. അത് നല്ല സൂചനയല്ല. ആഴത്തിലുള്ള വായനയാണ് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ജി.സി.സി തല സാഹിത്യക്യാമ്പ് അടക്കം ഗള്‍ഫ് മേഖലയിലാകെ ശ്രദ്ധിക്കപ്പെടുംവിധമായിരുന്നു സമാജം സാഹിത്യവേദിയുടെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും നടക്കുക. ഗള്‍ഫ് മേഖലാതല കവിതാ ക്യാമ്പ്, സംവാദങ്ങള്‍, സാഹിത്യമല്‍സരങ്ങള്‍, അക്കാദമികളുമായി ചേര്‍ന്ന് ശില്‍പശാലകള്‍ എന്നിവ ഈ വര്‍ഷവും നടത്തും. ആക്റ്റിംഗ് സെക്രട്ടറി കെ.എസ് സജുകുമാര്‍ സംസാരിച്ചു.

'വായനയും ഇ- വായനയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സുധി പുത്തന്‍വേലിക്കര വായന എന്ന വിഷയം അവതരിപ്പിച്ചു. ഗൗരവമായ വായനയുടെ അഭാവവും അതുവഴി നാം സ്വായത്തമാക്കുന്ന മൂല്യങ്ങളുടെ അഭാവവും സമൂഹത്തെ ഗുരുതരമായി ബാധിച്ചതായി സമകാലിക വാര്‍ത്തകളില്‍ നിന്ന് വായിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ നല്‍കുന്ന അടുപ്പം, ഏകാഗ്രത എന്നിവ തന്നെയാണ് പുതിയ ലോകത്തും പുസ്തകങ്ങള്‍ക്ക് പ്രിയമേറാന്‍ കാരണം.

കമ്പ്യൂട്ടറുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും വായന ടാബ്ലെറ്റുകളിലേക്കും കീശയിലൊതുക്കാവുന്ന മൊബൈല്‍ ഉപകരണങ്ങളിലേക്കും മാറുകയാണെന്ന് സജി മാര്‍ക്കോസ് പറഞ്ഞു. ചിത്രങ്ങള്‍, വീഡിയോ, ഭൂപടം തുടങ്ങി നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ഇ വായന പുതിയ തലം തന്നെ പുസ്തകങ്ങള്‍ക്ക്എ നല്‍കും. എന്നാല്‍, സര്‍ഗാത്മക രചനകള്‍ ഇ വായനയില്‍ ലഭ്യമാകാനുള്ള ഇപ്പോഴത്തെ കാലതാമസം ക്രമേണ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പഴയ വായനയില്‍ നിന്ന് പുതിയ വായനയിലേക്കുള്ള കാലം വളരെ ചുരുങ്ങിയതാണെന്ന് ബെന്യാമിന്‍ പറഞ്ഞു. ഇ വായനയിലേക്ക് കാലെടുത്തുവക്കാന്‍ നമ്മുടെ ചിരപരിചിത വായനാശീലങ്ങള്‍ ചെറിയ തടസം സൃഷ്ടിക്കുമെങ്കിലും അത് വളരെ എളുപ്പം മറികടക്കാന്‍ കഴിയും. ബ്ലോഗുകളുടെ നിലവാരത്തില്‍ വന്ന കുറവിനെ സംവാദത്തില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു. അതേസമയം, അവഗണിക്കാനാകാത്ത വിധം ബ്ലോഗുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വളരുകയാണെന്നും അഭിപ്രായമുയര്‍ന്നു.

സാഹിത്യവേദി കണ്‍വീനര്‍ എ കണ്ണന്‍ നേതൃത്വം നല്‍കി. ശ്രീദേവി മേനോന്‍ അവതാരികയായിരുന്നു. ഡി സലിം മോഡറേറ്ററായിരുന്നു.

ഹൃദ്യ സുരേഷ് കവിത ചൊല്ലി. സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും രാധാകൃഷ്ണന്‍ ഒഴൂര്‍ നന്ദിയും പറഞ്ഞു.

No comments:

Pages