മറ്റൊരു വേഷത്തിലേക്ക് പപ്പേട്ടന്‍ തിരിച്ചുപോകുന്നു - Bahrain Keraleeya Samajam

Breaking

Friday, February 25, 2011

മറ്റൊരു വേഷത്തിലേക്ക് പപ്പേട്ടന്‍ തിരിച്ചുപോകുന്നു

17 വര്‍ഷം പ്രവാസി മലയാളിയുടെ കലാഭിരുചികള്‍ക്ക് ദീപ്ത സാന്നിധ്യമേകിയ പപ്പന്‍ ചിരന്തന പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്നലെ നാട്ടിലേക്കുമടങ്ങി. 15 വയസ്സുമുതല്‍ കേരളത്തിലും പുറത്തുമുള്ള സ്‌റ്റേജുകളില്‍ സാന്നിധ്യമറിയിച്ച പപ്പന്‍ ബഹ്‌റൈനിലെത്തിയുമുതല്‍ വിശ്രമമില്ലാത്ത അരങ്ങുജീവിതത്തിനുടമയായിരുന്നു. ഒരു മാന്‍പവര്‍ കമ്പനിയുടെ വിസയിലെത്തിയ അദ്ദേഹത്തിന് തുടക്കത്തില്‍ വിമാനത്താവളത്തിലെ കാറ്ററിംഗ് വിഭാഗത്തിലായിരുന്നു ജോലി. പിന്നീടാണ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായത്.
ബാലെകളിലും അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചിരുന്ന കണ്ണൂര്‍ ഏഴോം സ്വദേശിയായ പപ്പന്‍ 1969ല്‍ 15ാം വയസ്സിലാണ് സ്ത്രീ വേഷത്തില്‍ അരങ്ങിലെത്തിയത്. നാടകം കാലടി ഗോപിയുടെ 'പാപികള്‍ക്ക് പറുദീസ'. സ്ത്രീവേഷമായിരുന്നു. ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ ഭര്‍ത്താവ് ദാമോദരന്‍ മാസ്റ്ററായിരുന്നു സംവിധാനം. ശ്രീമതി ടീച്ചറുടെ ബ്ലൗസാണ് അന്ന് ധരിച്ചത്. നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍ കെ. നായര്‍, മാമുക്കോയ, സീനത്ത് എന്നിവര്‍ അരങ്ങുവാഴുന്ന കാലത്ത് പപ്പനും അവര്‍ക്കൊപ്പമുണ്ടായിരന്നു. 1980ല്‍ കോഴിക്കോട് 'ചിരന്തന'യിലെത്തി. 1988ല്‍ കെ.ടിയുടെ 'തീക്കനലി'ലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേരിയ വ്യത്യാസത്തിനാണ് പപ്പന് നഷ്ടമായത്. കെ.ടി മുഹമ്മദ്, ഇബ്രാഹിം വേങ്ങര തുടങ്ങിയവരുടേതടക്കമുള്ള 200ഓളം നാടകങ്ങളുടെ അനുഭവങ്ങളുമായാണ് 1994ല്‍ പപ്പന്‍ ബഹ്‌റൈനിലെത്തിയത്.
1997ല്‍ 'തേവാരം' എന്ന നാടകത്തിലെ വേഷത്തിലൂടെ ബഹ്‌റൈനില്‍ അരങ്ങേറ്റം. പ്രകാശ് വടകരയായിരുന്നു സംവിധാനം. പത്തുനാടകങ്ങള്‍ സംവിധാനം ചെയ്തു. 30ഓളം നാടകങ്ങളില്‍ അഭിനയിച്ചു. കേരളീയ സമാജത്തിന്റെയും 'പ്രതിഭ'യുടെയും നിരവധി സ്‌റ്റേജുകള്‍ പപ്പേട്ടന്‍ അവിസ്മരണീയമാക്കി. 2005ല്‍ 'ഇത് ഭൂമിയാണ്' എന്ന നാടകം സംവിധാനം ചെയ്തു. കേരളീയ സമാജത്തിന്റെ സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഗുരുതുല്യനായ കെ.ടിയുടെ മുന്നില്‍ തന്നെയായിരുന്നു അവതരണം.
40 വര്‍ഷത്തെ അഭിനയജീവിതം പിന്നിട്ട പപ്പന്‍ ചിരന്തനയുടെ കലാജീവിതത്തിന് പ്രണാമമര്‍പ്പിച്ച് കേരളീയ സമാജം 2009 ഒക്‌ടോബര്‍ 23ന് സാമുവല്‍ ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' അവതരിപ്പിച്ചു. കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിന് കാരണമായ 'വികടയോഗി' എന്ന നാടകത്തിലും കഴിഞ്ഞവര്‍ഷം പപ്പന്‍ പങ്കാളിയായി.
17 വര്‍ഷത്തെ പ്രവാസജീവിതം തന്നിലെ കലാകാരനെ സംബന്ധിച്ച് വിലപ്പെട്ടതായിരുന്നുവെന്ന് പപ്പന്‍ പറഞ്ഞു. നാട്ടിലേതിനേക്കാളും മികച്ച പ്രേക്ഷകരും നടന്മാരും സംവിധായകരുമൊക്കെയാണ് ഇവിടെയുള്ളത്. നടനായി സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെയുള്ള കേരളത്തിന്റെ പരിച്‌ഛേദമാണ് കാണികള്‍. അതൊരു വലിയ അനുഭവമാണ്. ഇതില്‍ നിന്നെല്ലാം വലിയ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രവാസ ജീവിതത്തില്‍ അപൂര്‍വം പേര്‍ക്കുമാത്രം ലഭിക്കുന്ന ഈ വലിയ സമ്പാദ്യവുമായാണ് താന്‍ മടങ്ങുന്നത്. നാട്ടിലെ കലാപ്രവര്‍ത്തനവുമായി അതിനെ കണ്ണിചേര്‍ക്കണം. രണ്ടുപതിറ്റാണ്ടുമുമ്പത്തെപ്പോലെ നാടുമുഴുവന്‍ ഓടിനടന്ന് അഭിനയിക്കുന്ന വിശ്രമമില്ലാത്ത നടനായി മാറണമെന്ന മനസ്സുമായാണ് പപ്പേട്ടന്‍ മടങ്ങിയത്.
പപ്പന്‍ ചിരന്തനക്ക് കേരളീയ സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ഉപഹാരം നല്‍കി

No comments:

Pages