കുംഭം, മീനം മാസങ്ങളില്‍ തെയ്യത്തിനുവേണ്ടി വടക്കന്‍ മലബാറിലെ കാവുകളെങ്ങനെയാണോ ഒരുങ്ങുന്നത്, അതുപോലെ ചമയങ്ങള്‍ നിറഞ്ഞ അണിയറയായിരിക്കുകയാണ് കേരളീയ സമാജം. ചുവപ്പും കറുപ്പും മഞ്ഞയും കോരിയൊഴിച്ച ചയമങ്ങളും മരത്തിലും തുണിയിലും രൂപം കൊള്ളുന്ന ഉടയാടകളുമെല്ലാം നിറഞ്ഞ തെയ്യക്കാവ്. 'ഗോത്രായനം' എന്ന നാടന്‍കലാമേളക്കെത്തിയ തെയ്യക്കാരാണ് അണിയറയിലെ ആദ്യവസാനക്കാരുടെ വേഷത്തില്‍.
വടകര സ്വദേശികളായ ശിവദാസന്‍, അഖിലേഷ്, രാജേഷ്, സതീഷ്, രതീഷ് എന്നിവരാണ് തെയ്യം കെട്ടാന്‍ ബഹ്‌റൈനിലെത്തിയിരിക്കുന്നത്. വടകര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ അനുഷ്ഠാനപരമായി തെയ്യം കെട്ടുന്ന ഇവര്‍ കരിങ്കുട്ടി ചാത്തന്‍, രക്തചാമുണ്ഡി, ഭഗവതി എന്നീ വേഷങ്ങളാണ് 'ഗോത്രായന'ത്തില്‍ മൂന്നുദിവസങ്ങളായി കെട്ടിയാടുക. നാട്ടിലിപ്പോള്‍ തെയ്യം ഉറഞ്ഞാടുന്ന സമയമാണ്. ആ തിരക്കില്‍ നിന്നാണ് ഇവര്‍ എത്തിയിരിക്കുന്നത്.
രണ്ടുമണിക്കൂറെടുത്താണ് മുഖത്തെഴുത്തും ചമയവും പൂര്‍ത്തിയാക്കുക. ആട്ടവും രണ്ടുമണിക്കൂറിലേറെ നീളും. ഇവിടെ അരമണിക്കൂറേ ആട്ടത്തിനുള്ളൂ എങ്കിലും കേമമാക്കാന്‍ തന്നെയാണ് അഞ്ചുപേരുടെയും പുറപ്പാട്. മതപരമായ വിശ്വാസത്തിന് ഊന്നല്‍ നല്‍കുന്നതിനുപകരം തെയ്യത്തിലെ തിയറ്റര്‍ അംശങ്ങളായ കലാശത്തിനും നൃത്തത്തിനും അഭിനയത്തിനുമെല്ലാം പ്രധാന്യം നല്‍കിയാണ് ഇവിടെ കെട്ടിയാടുന്നതെന്ന് ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ നമ്പ്യാര്‍ പറഞ്ഞു.
കാവ് എന്ന അനുഷ്ഠാനഘടനകം തിയറ്റര്‍ സംവിധാനത്തിനകത്താണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചമയങ്ങളും അതിനുള്ള കോപ്പുകളും അതേപടി ഉപയോഗിക്കുന്നു. മനയോലയും കുരുത്തോലയും അടക്കമുള്ള നാടന്‍ സാധനങ്ങള്‍ നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്.
നമ്പൂതിരി കൊന്ന ചെറുമന്‍ മേലാളര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ പുനര്‍ജനിക്കുന്നതാണ് കരിങ്കുട്ടിച്ചാത്തന്‍. ആ നിലക്ക് ഇത് പുതിയ കാലത്തും പ്രസക്തമായ വേഷമാണെന്ന് നമ്പ്യാര്‍ പറഞ്ഞു. രക്തചാമുണ്ഡി പുരാവൃത്തത്തിന്റെയും ഭഗവതി മാതൃദേവതാസങ്കല്‍പത്തിലും അധിഷ്ഠിതമായ വേഷങ്ങളാണ്.
No comments:
Post a Comment