ആദ്യ തലമുറക്ക് ആദരവുമായി 'വികടയോഗി' വീണ്ടും അരങ്ങില്‍ - Bahrain Keraleeya Samajam

Breaking

Thursday, June 17, 2010

ആദ്യ തലമുറക്ക് ആദരവുമായി 'വികടയോഗി' വീണ്ടും അരങ്ങില്‍


കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിന് കാരണക്കാരായ പ്രവാസി മലയാളി കൂട്ടായ്മക്ക് 63 വര്‍ഷത്തിനുശേഷം സമാജത്തിന്റെ പുതിയ തലമുറ ആദരം അര്‍പ്പിക്കുന്നു. സമാജം രൂപവത്കരിക്കാനിടയാക്കിയ 'വികടയോഗി' എന്ന നാടകം ആറുപതിറ്റാണ്ടിനുശേഷം ജൂലൈ 23ന് ബഹ്‌റൈനിലെ മലയാളി സഹൃദയര്‍ക്കുമുന്നില്‍ അരങ്ങേറുകയാണ്. സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ പപ്പന്‍ ചിരന്തനയാണ് 'വികടയോഗി' സംവിധാനം ചെയ്യുന്നത്.
എന്‍.പി ചെല്ലപ്പന്‍നായര്‍ രചിച്ച 'വികടയോഗി' 63 വര്‍ഷം മുമ്പ് എം.എന്‍ ബാഹുലേയന്റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്. 1947 കാലഘട്ടത്തില്‍ ബാപ്‌കോയിലും സൈനിക വിഭാഗത്തിലും ജോലി ചെയ്തിരുന്ന മലയാളികളെ കോര്‍ത്തിണക്കിയാണ് ഈ നാടകം അവതരിപ്പിച്ചത്. ഈ നാടകത്തിനുവേണ്ടി രൂപം കൊണ്ട കൂട്ടായ്മാണ് കേരളീയ സമാജത്തിന്റെ രൂപവത്കരണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ബാഹുലേയന്‍ ബാപ്‌കോ ജീവനക്കാരനായിരുന്നു.
പിന്നീടുള്ള മലയാളി തലമുറകള്‍ക്ക് കലയുടെയും സംസ്‌കാരത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവം പകര്‍ന്ന് കേരളീയ സമാജം ബഹ്‌റൈനിലെ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വിപുലമായ മലയാളി കൂട്ടായ്മയായി മാറി. ഈയൊരു അസ്തിത്വത്തിലേക്ക് കേരളീയ സമാജത്തെ വളര്‍ത്തുന്നതിന് കാരണക്കാരായ പൂര്‍വ തലമുറക്കുള്ള സമര്‍പ്പണമായാണ് 'വികടയോഗി' വീണ്ടും അരങ്ങിലെത്തുന്നത്.
'വികടയോഗി'യുടെ കോപ്പി സമാജം ലൈബ്രറിയിലുണ്ട്. 'മലയാള വായനശാല റിഫ' എന്നാണ് പുസ്തകത്തിലുള്ള സീല്‍. സമാജത്തിലേക്ക് പുസ്തകം ആരോ സംഭാവന നല്‍കിയതാണെന്ന് കരുതുന്നു.
ചെറിയ അശ്രദ്ധകളില്‍ നിന്നുണ്ടാകുന്ന കുടുംബ കലഹങ്ങളാണ് നാടകത്തിന്റെ പ്രമേയം. പഴയ അവതരണ സങ്കേതത്തില്‍ ചിട്ടപ്പെടുത്തിയ ഈ നാടകത്തിന്റെ സംഭാഷണങ്ങള്‍ പഴയ 'പണ്ഡിത ഭാഷ'യിലാണ് എഴുതിയിരിക്കുന്നത്. വൈദ്യുതിയില്ലാത്ത കാലത്ത് അവതരിപ്പിക്കാന്‍ പാകത്തിലാണ് രംഗ സജ്ജീകരണം. സംഗീതോപകരണം വായിക്കുന്നവര്‍ക്ക് വേദിയില്‍ നടന്മാരേക്കാള്‍ പ്രാധാന്യമുണ്ടായിരുന്ന കാലം. ഇവയെല്ലാം വലിയ മാറ്റങ്ങളില്ലാതെയാണ് അവതരിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് പപ്പന്‍ ചിരന്തന പറഞ്ഞു. ഹാര്‍മോണിയം, തബല, വയലിന്‍ എന്നിവ സ്‌റ്റേജില്‍ ലൈവായി ഉപയോഗിക്കും.
മനോഹരന്‍ പാവറട്ടി, ജയശങ്കര്‍, ബിനോയ്കുമാര്‍, ഗീത ജനാര്‍ദ്ദനന്‍, ഷീജ വീരമണി, ജയ രവികുമാര്‍, ഒ.വി കൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. മനോഹരന്‍ പാവറട്ടിയാണ് നാടകത്തിന്റെ ഏകോപനം. ബഹ്‌റൈനിലെ നാടകപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ചടങ്ങളില്‍ നാടകത്തിന്റെ പൂജ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി ഉദ്ഘാടനം ചെയ്തു. സ്‌ക്രിപ്റ്റ് പപ്പന്‍ ചിരന്തന അഭിനേതാക്കള്‍ക്ക് കൈമാറി.
മുന്‍ ജനറല്‍ സെക്രട്ടറി മധു മാധവന്‍, അസി. സെക്രട്ടറി എ. കണ്ണന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി സജി കുടശ്ശനാട് സ്വാഗതവും മനോഹരന്‍ പാവറട്ടി നന്ദിയും പറഞ്ഞു.

No comments:

Pages