മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തുമായി ജാനകി ടീച്ചര്‍ മലയാളം പാഠശാലയില്‍ - Bahrain Keraleeya Samajam

Breaking

Saturday, October 13, 2012

മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തുമായി ജാനകി ടീച്ചര്‍ മലയാളം പാഠശാലയില്‍

മൂന്ന് പതിറ്റാണ്ട് കേരളത്തിലെ പാഠശാലയിലെ കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്ന ജാനകി ടീച്ചര്‍ ക്ളാസെടുക്കാന്‍ എത്തിയപ്പോള്‍ ബഹ്റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. താല്‍ക്കാലികമായെങ്കിലും തങ്ങള്‍ക്ക് കിട്ടിയ പുതിയ ടീച്ചറെ കുരുന്നുകള്‍ക്ക് നന്നേ ബോധിച്ചു. അതീവ താല്‍പര്യത്തോടെ അവര്‍ ജാനകി ടീച്ചറുടെ ക്ളാസിന് കാതോര്‍ത്തു. ഇത് കെ.പി. ജാനകി ടീച്ചര്‍. കോഴിക്കോട് ബാലുശ്ശേരി സബ് ജില്ലയിലെ എരമംഗലം എല്‍.പി സ്കൂളിലായിരുന്നു ടീച്ചറുടെ അധ്യാപനം. ഇവിടെ 25 വര്‍ഷത്തോളം അധ്യാപികയായും പിന്നീട് അഞ്ചു വര്‍ഷം പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ച് നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത അനുഭവ സമ്പത്തിനുടമയാണവര്‍. വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ടീച്ചര്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായ മകള്‍ സീജ ദേവന്‍െറ കുടുബത്തിന്‍െറ കൂടെ കുറച്ചുനാള്‍ ചെലവഴിക്കാനെത്തിയതായിരുന്നു. സീജ ദേവന്‍ മലയാള പാഠശാലയിലെ അധ്യാപിക കൂടിയാണ്. പാഠശാല പ്രവര്‍ത്തകരുടെ താല്‍പര്യ പ്രകാരമാണ് നാലു ദിനം ജാനകി ടീച്ചര്‍ പാഠശാലയില്‍ ക്ളാസെടുക്കാനെത്തിയത്. ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാന്‍ ഇത്രയും വ്യവസ്ഥാപിതമായ സംവിധാനം തന്നെ ആശ്ചര്യപ്പെടുത്തിയതായി ജാനകി ടീച്ചര്‍ പറഞ്ഞു. ‘മലയാളം പഠിക്കാനുള്ള ബഹ്റൈനിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും താല്‍പര്യം ഏറെ സന്തോഷം പകരുന്നതാണ്. നാട്ടിലുള്ള കുട്ടികളേക്കാള്‍ ഭാഷയോട് ഇവിടുത്തെ കുട്ടികള്‍ താല്‍പര്യം കാണിക്കുന്നുണ്ട്’-ടീച്ചര്‍ തന്‍െറ ക്ളാസ് അനുഭവം ‘ഗള്‍ഫ് മാധ്യമ’വുമായി പങ്കുവെച്ചു. ഇപ്പോള്‍ ആറാം ക്ളാസ് വരെയാണ് പാഠശാലയിലുള്ളത്. കുട്ടികള്‍ക്ക് മലയാള വിജ്ഞാന ശാലയിലേക്ക് കടക്കാന്‍ ഇത് മതിയാവില്ല. ഇനിയും മുകളിലോട്ടുള്ള ക്ളാസുകളെക്കുറിച്ച് ചിന്തിക്കണം. എന്നാലേ കുട്ടികള്‍ക്ക് പത്രം വായിക്കാനും മലയാള സാഹിത്യത്തെ പരിചയപ്പെടാനും സാധിക്കൂ. പത്ര പാരായണം കുട്ടികളെ ശീലിപ്പിക്കണമെന്നും ടീച്ചര്‍ നിര്‍ദേശിച്ചു.

No comments:

Pages