വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി ശാസ്ത്ര ലോകത്തെ അതികായകന്‍ - Bahrain Keraleeya Samajam

Breaking

Sunday, June 10, 2012

വിദ്യാര്‍ഥികള്‍ക്ക് വിരുന്നൊരുക്കി ശാസ്ത്ര ലോകത്തെ അതികായകന്‍

ലോക പ്രശസ്തനായ ശാസ്ത്രജ്ഞനെ മുന്നില്‍ കിട്ടിയപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സംശയങ്ങളുടെ മാലപ്പടക്കം. കുട്ടികള്‍ കേട്ടും കണ്ടുമറിഞ്ഞ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ഡോ. ജി. മാധവന്‍ നായരുമായി സംവദിക്കാന്‍ കേരളീയ സമാജം ഒരുക്കിയ വേദിയില്‍ ചോദ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍െറ തലയെടുപ്പൊന്നുമില്ലാതെ മാധവന്‍ നായരുടെ ലാളിത്യം നിറഞ്ഞ മറുപടിയും വിശദീകരണവും ഉപദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് അറിവിന്‍െറ പുതിയ വാതയാനങ്ങള്‍ തുറന്നു. ഒന്നര മണിക്കൂറോളം നീണ്ട ‘മുഖാമുഖം’ പരിപാടിയില്‍ ആകാശത്തും താഴെയുമുള്ള നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടു. ഇന്ത്യയുടെ ബഹിരാകാശ ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു മാധവന്‍ നായര്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ശാസ്ത്ര മേഖലയില്‍ കഴിഞ്ഞ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ച അദ്ദേഹം പുതിയ ദൗത്യങ്ങളെക്കുറിച്ചും വാചാലനായി. ഗവേഷണങ്ങളുടെ വികാസത്തിനും കണ്ടെത്തലിനുമനുസരിച്ച് രാജ്യത്തുണ്ടായ വികസന നേട്ടങ്ങളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിരത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയെങ്കിലും അവിടെ വെള്ളത്തിന്‍െറ അംശമുണ്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന ഫലമാണ്. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് രാജ്യ സമ്പത്തില്‍നിന്ന് കോടികള്‍ ചെലവഴിക്കുമ്പോള്‍ സാധാരണക്കാരന് എന്താണ് നേട്ടമെന്നായിരുന്നു ഒരു കുരുന്നിന്‍െറ സംശയം. കടലില്‍ മത്സ്യം എവിടെയാണ് കൂടുതല്‍ ലഭ്യമാവുകയെന്ന് ഉപഗ്രഹങ്ങളിലൂടെ കണ്ടെത്താനാകും. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നല്ല മണ്ണിന്‍െറ ലഭ്യതയെക്കുറിച്ച ശാസ്ത്രത്തിന്‍െറ കണ്ടെത്തല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാനും കൂടുതല്‍ വിളവ് ലഭിക്കാനും ഇടയാക്കുന്നു. ശാസ്ത്ര ഗവേഷണത്തിന്‍െറ നേട്ടം പാവപ്പെട്ടവരെന്നൊ പണക്കാരെന്നൊ ഭേദമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനാകുമെന്നതിനാല്‍ ഇതിനു വേണ്ടി ചെലവഴിക്കുന്ന പണം പാഴാകില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ശാസ്ത്രജ്ഞനാകാനും ലീഡര്‍ഷിപ്പിനും ആവശ്യമായത് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ‘ചുറ്റുപാടുകളെക്കുറിച്ച് ശക്തവും വ്യക്തവുമായ നിരീക്ഷണമുണ്ടാകണം. മറ്റുള്ളവരുമായി വിവരങ്ങള്‍ പങ്കുവെക്കുകയും പരസ്പരം കൂടിയാലോചന നടത്തുകയും ചെയ്യുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉരുത്തിരിയും. ടീം വര്‍ക്കിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ചെറു പ്രായത്തില്‍തന്നെ ഗവേഷണ തല്‍പ്പരരാവുകയും അലസതയില്ലാതെ ചുറ്റുപാടുകളെക്കുറിച്ച് പഠിക്കുകയും ചെയ്താല്‍ വിജയം കൊയ്യാനാകും’ -അദ്ദേഹം തുടര്‍ന്നു. ചാന്ദ്രയാന്‍ ദൗത്യങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഫ്രാന്‍സിസ് കൈതാരം സ്വാഗതം പറഞ്ഞു. രാജ്യത്തെ നിരവധി സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

No comments:

Pages