
മനസ്സിന്‍െറയും ശരീരത്തിന്‍െറയും രുചികളെ ഒരേപോലെ തൃപ്തിപ്പെടുത്തുന്നതായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പുണ്യം. അത് ബഹ്റൈന്‍ മലയാളി സമൂഹത്തിനേകിയത് മറക്കാനാകാത്തൊരു ഓണസദ്യ. വയറുനിറയെ ഉണ്ടിട്ടും ‘ഇനി ഒരു പഴവും അല്‍പം പ്രഥമനും കൂടിയായാലോ’ എന്ന ‘ഐതിഹ്യമാല’യിലെ കുട്ടിപ്പട്ടരുടെ ശങ്ക ബാക്കി വെക്കാത്ത, ചേരുവകളും വേവും പാകവും സ്വാദും അളവുമെല്ലാം പാകത്തിനൊത്ത നളപാകം.
വിളമ്പലിനുമുണ്ടായിരുന്നു ഈ ‘പാകം’. ആദ്യം പരിപ്പിനും നെയ്യിനും മാത്രമായി അല്‍പം ചോറ്; പിന്നെ സാമ്പാറിന്. സാമ്പാറുകൂട്ടി ഊണുകഴിഞ്ഞാല്‍, ഒരു കടുകുമണി പോലും ഇലയില്‍ ബാക്കിയാകില്ല; അത്ര കൃത്യം, വിഭവങ്ങളുടെ അളവ്. അവിയലും തോരനും അല്‍പം കൂടിയുണ്ടെങ്കില്‍ കുറച്ചുകൂടി ചോറുണ്ണാമെന്ന നാവിന്‍െറ ഉല്‍സാഹത്തെ നാലുതരം പായസങ്ങളുടെ രുചി നിരുല്‍സാഹപ്പെടുത്തി. അട പ്രഥമന്‍, ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, പാലട എന്നിവയുടെ മധുരം അടക്കാന്‍ വീണ്ടും ചോറും പുളിശ്ശേരിയും മോരും.
വിളമ്പലുകാരുടെയും കൈകാര്യക്കാരുടെയും ചടുലത കൂടിയായപ്പോള്‍ 25 വിഭവങ്ങളും ഒരു നിമിഷത്തെ കാത്തിരിപ്പുപോലുമില്ലാതെ ചിട്ടയോടെ ഓരോ ഇലയിലുമെത്തി. കാത്തിരിപ്പില്ലാതെ പന്തികളിലേക്ക് ആളുകള്‍ക്കെത്താനായി.
പന്തികളില്‍നിന്ന് പന്തികളിലേക്ക് രുചി പടരുമ്പോള്‍, അധ്വാനത്തിന്‍െറ ചാരിതാര്‍ഥ്യത്തില്‍ സ്റ്റേജിനുപുറകിലെ ഹാളില്‍ സഹായിക്കൊപ്പം തനിച്ചിരിക്കുകയായിരുന്നു മോഹനന്‍ നമ്പൂതിരി. ‘ഊണ് നന്നായി’ എന്നറിയിച്ചപ്പോള്‍ രുചികരമായൊരു ചിരി മറുപടി.
കേരളീയ സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2400 പേരാണ് സദ്യയുണ്ടത്. 300 കിലോ അരി വേണ്ടിവന്നു. ഫ്രഷ് പച്ചക്കറി നാട്ടില്‍നിന്ന് വരുത്തി. വാര്‍പ്പുകളും ചെമ്പുകളും മുതല്‍ പകര്‍ച്ചക്കും വിളമ്പാനുമുള്ള പാത്രങ്ങള്‍ വരെ സമാജത്തിന്‍െറ സ്വന്തമായിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വനിതാവിഭാഗം പ്രവര്‍ത്തകരടക്കം 200ഓളം പേര്‍ കഷണം അരിയാനും മറ്റു പണികളിലും വ്യാപൃതരായി. അടുക്കളയുടെ ചിട്ടവട്ടങ്ങളിലും സൗകര്യങ്ങളിലും മാത്രമല്ല, സഹായിക്കാനുള്ളവരുടെ കൂട്ടായ്മയിലും ബഹ്റൈന്‍ പുതിയ അനുഭവമായിരുന്നുവെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു.
ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തതോടെ ആദ്യ പന്തിക്ക് ഇലയിട്ടു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, ഡോ. രവി പിള്ള, സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ അംബാസഡര്‍ക്കൊപ്പം ഊണുകഴിച്ചു
No comments:
Post a Comment