പ്രത്യേകതരം രുചികള്‍, 25 വിഭവങ്ങള്‍; സമാജം ഓണസദ്യ വെള്ളിയാഴ്ച - Bahrain Keraleeya Samajam

Breaking

Wednesday, September 14, 2011

പ്രത്യേകതരം രുചികള്‍, 25 വിഭവങ്ങള്‍; സമാജം ഓണസദ്യ വെള്ളിയാഴ്ച

നാലുതരം പായസം അടക്കം 25 തരം തനി കേരളീയ വിഭവങ്ങളുമായി കേരളീയ സമാജം ഓണസദ്യയുടെ ഊട്ടുപുര സജ്ജമായി. ആറുവര്‍ഷമായി സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിനെത്തുന്ന 20,000ഓളം പേരെ ഒറ്റപ്പന്തിയിലിരുത്തിയൂട്ടുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യയൊരുക്കുന്നത്. ഓണസദ്യക്ക് പ്രത്യേക രുചി നല്‍കുംവിധം സവിശേഷമായ വിഭവങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അട പ്രഥമന്‍, പുതിയ തരം ബ്ളെന്‍ഡഡ് പായസം, ചെറുപയര്‍- ഗോതമ്പ് മിക്സഡ് പായസം, അമ്പലപ്പുഴ പാല്‍പ്പായസം എന്നിവയാണ് പായസങ്ങള്‍. പ്രഥമനുള്ള അട പരമ്പരാഗതമായി വാഴയിലയില്‍ മാവ് അണിഞ്ഞ് പുഴുങ്ങിയെടുക്കുകയാണ് ചെയ്യുക. സദ്യക്ക് അപ്രതീക്ഷിത രുചി നല്‍കാന്‍ മോഹനന്‍ നമ്പൂതിരിയുടെ പ്രത്യേക ചേരുവകളോടുകൂടിയ വിഭവങ്ങളുമുണ്ടാകും. ഇതിന്‍െറ ചേരുവ കൃത്യമായി പറയുന്നവര്‍ക്ക് സമാജം സമ്മാനവും നല്‍കും. വെള്ളിയാഴ്ച രാവിലെ 11.30ന് അംബാസഡര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആദ്യ പന്തിക്ക് ഇലയിടും. ഡോ. രവി പിള്ള വിശിഷ്ടാതിഥിയാണ്. സമാജം അംഗങ്ങളും ക്ഷണിതാക്കളും അടക്കം 2000 പേര്‍ നാലു പന്തികളിലായി സദ്യയുണ്ണും. തിരക്ക് നിയന്ത്രിക്കാന്‍ സീറ്റ് നമ്പര്‍ സഹിതമാണ് കൂപ്പണ്‍ നല്‍കുന്നത്. നാളെ 200ഓളം പേരുടെ പങ്കാളിത്തത്തോടെ അടുക്കള സജീവമാകും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘവും സഹായത്തിനുണ്ടാകും. മധു മാധവനാണ് ഓണസദ്യ കണ്‍വീനര്‍.
ഒരുവിധ കൃത്രിമ ചേരുവകളും ഉപയോഗിക്കാതെയാണ് മോഹനന്‍ നമ്പൂതിരി വിഭവങ്ങള്‍ തയാറാക്കുന്നത്. വിപണിയിലെ കൃത്രിമക്കൂട്ടുകളില്ലാതെ തന്നെ രുചികരമായ വിഭവങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് ഇന്ന് രാത്രി എട്ടിന് സമാജം വനിതാവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹനന്‍ നമ്പൂതിരി വിശദീകരിക്കും. വീട്ടമ്മമാര്‍ക്കും താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാം.
ഓണാഘോഷത്തിന്‍െറ പത്തുദിവസം നീണ്ട കലാപരിപാടികള്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. സമാജം പ്രതീക്ഷിച്ച എല്ലാ മലയാളികളുടെയും കൂട്ടായ്മയാണ് ഇത്തവണയുണ്ടായത്. അവസാനദിവസം ബഹളമുണ്ടാക്കിയവരോട് പരിഭവമില്ളെന്നും അല്‍പം കൂടി അച്ചടക്കം വേണ്ടതായിരുന്നുവെന്നും കഴിയാവുന്നത്രയാളുകള്‍ക്ക് സമാജം തുറന്നുകൊടുത്തതുകൊണ്ടുള്ള ബഹളമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ട്രഷറര്‍ കെ.എസ് സജുകുമാര്‍, മധു മാധവന്‍ എന്നിവര്‍ക്കൊപ്പം പഴയിടം മോഹനന്‍ നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Pages