കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും - Bahrain Keraleeya Samajam

Breaking

Thursday, September 27, 2012

കേരളീയ സമാജം എഴുത്തിനിരുത്ത്: ആദ്യാക്ഷരം കുറിക്കാന്‍ സുഗതകുമാരിയെത്തും

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അവസാന വാരം വിപുലമായ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 23ന് വൈകീട്ട് 7.30ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചര്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് വിപുലമായ നവരാത്രി ആഘോഷ പരിപാടികളും അരങ്ങേറും. ഒക്ടോബര്‍ 24ന് പുലര്‍ച്ചെ നാലിന് നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി ടീച്ചര്‍ ബഹ്റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും. 2000ല്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ആദ്യാക്ഷരം കുറിക്കല്‍ കഴിഞ്ഞ 12 വര്‍ഷമായി മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.ലോകമെമ്പാടുമുള്ള മലയാളി പ്രവാസികള്‍ക്ക് മാതൃകയായി ഒട്ടേറെ നൂതന പരിപാടികള്‍ ആരംഭിച്ച കേരളീയ സമാജം ഈ രംഗത്തും പുതിയ ചുവടുവെപ്പാണ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2000ല്‍ സുഗത കുമാരി ടീച്ചര്‍ തന്നെയാണ് ചരിത്രം കുറിച്ച ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരേതനായ ഡോ. സുകുമാര്‍ അഴീക്കോട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, ടി. പത്മനാഭന്‍, എം.ജി. രാധാകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജി. ശങ്കര പിള്ള, കെ.എന്‍. ഗോപാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരാണ് ഇതിനകം സമാജത്തിന്‍ന്‍െറ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു .

No comments:

Pages