പഴയിടമെത്തി; സമാജം സദ്യ നാളെ - Bahrain Keraleeya Samajam

Thursday, September 6, 2012

demo-image

പഴയിടമെത്തി; സമാജം സദ്യ നാളെ

: ഓണ സദ്യയൊരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തി. സമാജം സദ്യ ഒരുക്കത്തിലമര്‍ന്നു. നാട്ടിലെ ഓണത്തിരക്കുകളെല്ലാം കഴിഞ്ഞാണ് പഴയിടത്തിന്‍െറ വരവ്. നല്ല കല്യാണത്തിരക്കുമുണ്ടായിരുന്നു. ഇതിനിടയില്‍ ഷാര്‍ജയിലും ദുബൈയിലും മലയാളി സംഘടനകളുടെ സദ്യയൊരുക്കാന്‍ പറന്നെത്തി. ഈ ഓണക്കാലത്ത് ഇതിനകം ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പിയതായി പഴയിടം പറഞ്ഞു. ബഹ്റൈനില്‍ പഴയിടത്തിന്‍െറ രണ്ടാം വരവാണിത്. കഴിഞ്ഞ തവണ സമാജത്തിന്‍െറ സദ്യ ഒരുക്കാനെത്തിയതിന്‍െറ നല്ല ഓര്‍മകളുമായാണ് ഇത്തവണത്തെ വരവ്. ലിസ്റ്റനുസരിച്ച സാധനങ്ങളെല്ലാം ഒരുങ്ങിയതായി ഉറപ്പാക്കിയ ശേഷം അച്ചാറും ഉപ്പേരിയും വറവിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സഹായത്തിന് എറണാകുളത്തുകാരനായ വേണുഗോപാലുമുണ്ട്. മറ്റാരെയും നാട്ടില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. ‘വിദേശത്ത് പോകുമ്പോള്‍ അവിടുത്തെ സംഘാടകരുടെ പങ്കാളിത്തമാണ് പ്രധാനം. എല്ലാവരെയും വെപ്പിന് പങ്കാളികളാക്കുന്നതാണ് ശീലം’ -പഴയിടം കൂട്ടിച്ചേര്‍ത്തു. ’90ല്‍ പാചക രംഗത്തേക്കു വന്ന പഴയിടം പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 2004ന് ശേഷം ഒരു വര്‍ഷം ഏതാണ്ട് 10-11 ലക്ഷം പേര്‍ക്ക് സദ്യ വിളമ്പിക്കാണും. അങ്ങനെ വരുമ്പോള്‍ കലോത്സവങ്ങളും അമ്പല പരിപാടികളും കല്യാണങ്ങളുമെല്ലാം അടക്കം 75-80 ലക്ഷം പേര്‍ക്ക് ഇതുവരെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. മറ്റു ഭക്ഷണങ്ങള്‍ക്ക് പുതിയ രീതികളും രുചികളും പരീക്ഷിക്കപ്പെടുമ്പോള്‍ പാരമ്പര്യം നിലനിര്‍ത്തുകയെന്നതാണ് സദ്യക്ക് പ്രധാനം. ജനങ്ങളുടെ ആഗ്രഹവും അതാണ്. പ്രകൃതിയുമായുള്ള സന്തുലനമാണ് പച്ചക്കറി കഴിക്കുന്നതിലൂടെ സാധിക്കുന്നത്. അത് കൈവിട്ടാല്‍ ജനം സദ്യയും കൈവിടും -പഴയിടം വിശദീകരിച്ചു. ഈമാസം തന്നെ മസ്ക്കറ്റിലും കുവൈത്തിലും സദ്യ ഒരുക്കാനുണ്ട്. കേരളീയ സമാജത്തിന്‍െറ സദ്യയില്‍ 3500 പേര്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്. അഞ്ച് പന്തികളിലായാണ് ഭക്ഷണം വിളമ്പുക. രാവിലെ 11, 12, 12.45, 1.30, 2.15 എന്നിങ്ങനെയാണ് ഓരോ പന്തിയുടെയും സമയം നിശ്ചയിച്ചത്. ഒരേസമയം 540 പേരെ ഉള്‍ക്കൊള്ളിക്കാനാണ് സംവിധാനം ഒരുക്കിയതെന്ന് സദ്യയുടെ ഏകോപനം നിര്‍വഹിക്കുന്ന എന്‍.കെ. മാത്യൂ പറഞ്ഞു. കൂപ്പണുകളുടെ വിതരണം പുരോഗമിക്കുന്നു.

Pages