കേരളീയ സമാജം അംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായം നല്‍കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കും - Bahrain Keraleeya Samajam

Wednesday, March 31, 2010

demo-image

കേരളീയ സമാജം അംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായം നല്‍കാന്‍ സ്ഥിരം സംവിധാനം നടപ്പാക്കും

കേരളീയ സമാജത്തിലെ എല്ലാ കുടുബാംഗങ്ങള്‍ക്കും സൌജന്യ വൈദ്യപരിശോധനക്കുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ശനിയാഴ്ച വൈകീട്ട് സമാജത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച അംഗം ജോസ് എം. ജോര്‍ജിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുകയോ ഗുരുതര രോഗങ്ങള്‍ ബാധിക്കുകയോ ചെയ്യുന്ന സമാജം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയില്‍ കുറയാത്ത സഹായധനം നല്‍കാനുള്ള സ്ഥിരം സംവിധാനവും അംഗങ്ങളുടെ സഹായത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജോസ് എം. ജോര്‍ജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണത്തിന് സമാജം തുടക്കം കുറിച്ചു. അല്‍ റിഫ എസ്റ്റേറ്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ജോസ് 11 വര്‍ഷമായി ബഹ്റൈനിലുണ്ടെങ്കിലും കുടുംബം സാമ്പത്തിക പരാധീനതയിലാണ്. എട്ടും പത്തും വയസ്സായ രണ്ട് കുട്ടികളും ഭാര്യയും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജോസ്. വീട് വച്ചതിന്റെ വായ്പ പോലും അടച്ചുതീര്‍ക്കാനായിട്ടില്ല. ജോസിന്റെ കുടുംബത്തിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15 നകം സമാജം ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി ആഷ്ലി ജോര്‍ജിനെ ബന്ധപ്പെടണം (36500103). ജോസ് എം. ജോര്‍ജിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടിന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സമാജം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ലൈഫ് അംഗം എ.കെ ബാലന്‍, ജോസിന്റെ ബന്ധുക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി പൂര്‍ത്തിയാക്കിയത്. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കേരളീയ സമാജം കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ തുടക്കം കൂടിയാണിതെന്ന് ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി പറഞ്ഞു. അനുശോചനയോഗത്തില്‍ പി.വി മോഹന്‍കുമാര്‍, മധു മാധവന്‍,പി.എം ഫാറൂഖ്, അബ്ദുറഹ്മാന്‍ എന്നിവരും പങ്കെടുത്തു.

Pages