കേരളീയ സമാജം 'സെസി'ല്‍ 1000 പാസ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി - Bahrain Keraleeya Samajam

Breaking

Friday, March 12, 2010

കേരളീയ സമാജം 'സെസി'ല്‍ 1000 പാസ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി

കേരളീയ സമാജത്തില്‍ തുടങ്ങിയ എംബസി കോണ്‍സുലര്‍ സര്‍വസീസില്‍ ആയിരം പാസ്പോര്‍ട്ടുകളുടെ സേവനം പൂര്‍ത്തിയാക്കി.
ഗള്‍ഫ് മേഖലയില്‍ തന്നെ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ 'സെസി'ന് ഇന്ത്യന്‍ സമൂഹത്തിന്റെ മികച്ച പ്രതികരണം ലഭിച്ചു. 'സെസി'ല്‍ 1000 പാസ്പോര്‍ട്ട് തികച്ചതിന്റെ ആഘോഷം ഇന്നലെ നടന്നു.
സമാജം സെസിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു. ഇപ്പോള്‍ മൂന്നുദിവസം കൊണ്ടാണ് നടപടി പൂര്‍ത്തിയാക്കുന്നത്. ഇത് അല്‍പം കൂടി വേഗത്തിലാക്കാനും കൌണ്ടറുകളുടെ എണ്ണം കൂട്ടാനും ശ്രമിക്കാം. യാതൊരു അധികച്ചെലവുമില്ലാതെയാണ് സെസ് പ്രവര്‍ത്തിച്ചത്. പാസ്പോര്‍ട്ട് സേവനം ഔട്ട്സോഴ്സ് ചെയ്യുകയാണെങ്കില്‍ ഒരു പാസ്പോര്‍ട്ടിന് ആറു ദിനാര്‍ വരെ അധികം നല്‍കേണ്ടിവരും. ഈ സ്ഥാനത്താണ് വളണ്ടിയര്‍ സേവനം വഴി ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. സെസ് തുടര്‍ന്നുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് സമാജം കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നുദിവസങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഞായറാഴ്ച എംബസിയിലെത്തിച്ച് വ്യാഴാഴ്ചയോടെ സമാജത്തില്‍ നിന്ന് വിതരണം ചെയ്യും. തിരക്ക് ഏറിയതിനെതുടര്‍ന്ന് 'സെസ്' പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലും കളക്ഷന് എത്തുന്നവര്‍ക്ക് രേഖകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സെസ് കോ^ഓഡിനേറ്റര്‍ എം.കെ സിറാജുദ്ദീന്‍ പറഞ്ഞു. എംബസിയില്‍ നിന്ന് പരിശീലനം ലഭിച്ച 12ലേറെ സ്ത്രീ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് 'സെസ്' പ്രവര്‍ത്തിക്കുന്നത്. അപേക്ഷ പൂരിപ്പിക്കാനും മറ്റും ഇവര്‍ തന്നെ സഹായം നല്‍കുന്നു.

എംബസി സേവനങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവപ്പുകളിലൊന്നായിരുന്നു സെസ്. അവധിദിനമായ വെള്ളിയാഴ്ചകളില്‍ എംബസി കൌണ്ടര്‍ തുറന്ന് പരീക്ഷണാര്‍ഥം പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍, ഈ സൌകര്യം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് കണ്ടതിനെതുടര്‍ന്നാണ് സമാജത്തില്‍ 'സെസ്' തുടങ്ങാന്‍ തീരുമാനിച്ചത്.

മൂന്നുലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം പരിഹരിക്കുന്നത് അത്ര പ്രായോഗികമല്ലെന്ന് 'സെസ്' ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന് സമ്മതിച്ച മന്ത്രി, ഇതുമൂലമുണ്ടാകുന്ന പരിമിതി മറികടക്കാന്‍ ഇത്തരം എക്റ്റന്‍ഷന്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു.

സമാജത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 'സെസ്' വളണ്ടിയര്‍മാരെ ആദരിച്ചു.
എംബസി കോണ്‍സുലര്‍ ഓഫീസര്‍ ശൈലേഷ്, ലേബര്‍ ഓഫീസര്‍ കെ.ആര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ്, ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Pages