ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് ടി. പത്മനാഭന് - Bahrain Keraleeya Samajam

Breaking

Sunday, December 9, 2012

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് ടി. പത്മനാഭന്

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരം ടി. പത്മനാഭന്. 50001രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഈമാസം 16ന് വൈകീട്ട് ഏഴിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. കെ.എസ്. രവികുമാര്‍, ആര്‍കിടെക്ട് ജി. ശങ്കര്‍, പി.വി. രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍, കെ.ജി. ശങ്കരപ്പിള്ള, ഡോ. കെ.എസ്. രവികുമാര്‍, പി.കെ. പാറക്കടവ്, ബെന്യാമിന്‍ തുടങ്ങിയവര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും. ആറ് പതിറ്റാണ്ടായി മലയാള ചെറുകഥയെ അനുപമ രചനകള്‍കൊണ്ട് സമ്പന്നമാക്കുന്ന ടി. പത്മനാഭന്‍ ആ സാഹിത്യ രൂപത്തിന്‍െറ വളര്‍ച്ചക്കും അംഗീകാരത്തിനുമായി നടത്തിയ ആശയ സമരങ്ങളും സംവാദങ്ങളും മലയാള സാഹിത്യ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണെന്ന് ജൂറി വിലയിരുത്തി. ഏകാകിയായ മനുഷ്യന്‍െറ ആകുലതകളും ആത്മ സംഘര്‍ഷങ്ങളും നിഷേധാത്മകമല്ലാത്ത ജീവിത ബോധത്തിന്‍െറ ആഖ്യാനങ്ങളാക്കി മാറ്റിയ ഹൃദയത്തോട് സംവദിക്കുന്ന കാവ്യാത്മകമായ രചനകളാണ് ടി. പത്മനാഭന്‍െറ ചെറുകഥകളെന്നും ജൂറി ചൂണ്ടിക്കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി. മുഹമ്മദ്, സി. രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു എന്നിവര്‍ക്കാണ് കേരളീയ സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം വരെ 25000 രൂപയായിരുന്ന അവാര്‍ഡ് തുക ഇത്തവണ ഇരട്ടിയാക്കുകയായിരുന്നു. കേരളീയ സമാജത്തിന്‍െറ ഈവര്‍ഷത്തെ ജി.സി.സി സാഹിത്യ ശില്‍പശാല ഈമാസം 16, 17 തീയതികളില്‍ നടക്കും. ഗള്‍ഫിലെ നൂറോളം കവികളും കഥാകൃത്തുക്കളും പങ്കെടുക്കുന്ന ശില്‍പശാലയില്‍ കഥകളുടെയും കവിതകളുടെയും അവതരണവും വിലയിരുത്തിലുകളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ആഷ്ലി ജോര്‍ജ്, മുരളീധരന്‍ തമ്പാന്‍, എ.സി.എ. ബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Pages