സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും - Bahrain Keraleeya Samajam

Breaking

Wednesday, July 18, 2012

സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും

അശ്വമേധം, ടിപ്പുവിന്‍െറ ആര്‍ച്ച എന്നീ നാടകാവതരണങ്ങളും നാടക പരിശീലന കളരികളും ജി.സി.സിതല റേഡിയോ നാടക മത്സരവും നാടകോത്സവങ്ങളുമടക്കം പോയ വര്‍ഷം അവിസ്മരണീയമാക്കിയ ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ തുടക്കമാകും. നാടക സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജനപ്രിയ നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ലഘു ഗാനമേള യുമുണ്ടാകും. തുടര്‍ന്ന് ‘ചോരണ കൂര’ എന്ന നാടകം അരങ്ങേറും. ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ലോഗോയുടെ അനാവരണവും നടക്കും.വിപുലമായ പരിപാടികളാണ് ഈവര്‍ഷം സ്കൂള്‍ ഓഫ് ഡ്രാമ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക പരിശീലന ശില്‍പശാലയും ആരംഭിക്കുന്നുണ്ട്. മനോജ് നാരായണനാണ് ശില്‍പശാലക്കു നേതൃത്വം നല്‍കുന്നത്. കേരള സംഗീത നാടക അക്കാദമിയുമായി സാഹചരിച്ച് നാടക രചന, സംവിധാനം, പ്രകാശ ശബ്ദ രംഗ നിയന്ത്രണം തുടങ്ങി നാടകത്തിന്‍െറ പ്രധാന മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുതകും വിധം രൂപപ്പെടുത്തിയ നാടക പഠന പദ്ധതിക്കും ഈ അവസരത്തില്‍ തുടക്കമാകുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. സമകാലിക വിഷയങ്ങളെ നാടക രൂപത്തില്‍ അവതരിപ്പിക്കുന്നത്തിന് പരിശീലനം നല്‍കുന്നതോടൊപ്പം നവീന അരങ്ങിന്‍െറ സാധ്യതകളും പരിചയപ്പെടുത്തുകയാണ് നാടക ശില്‍പശാലകള്‍ വഴി സമാജം ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാവുന്നതാണ്. സമകാലിക ദാമ്പത്യ ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തിനോക്കുന്ന നാടകമായ ‘ചോരണ കൂര’ ജയപ്രകാശ് കൂളൂരാണ് രചിച്ചത്. കാന്തന്‍െറയും കാന്തയുടെയും ജീവിതത്തിലെ മുഹൂര്‍ത്തങ്ങളിലൂടെ സമകാലിക സമൂഹത്തിലെ കുടുംബ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന നാടകത്തില്‍ കേന്ദ്ര കഥാപത്രങ്ങളായ കാന്തനേയും കാന്തയേയും അവതരിപ്പിക്കുന്നത് ദിനേഷ് കുറ്റിയിലും ശ്രീക്കുട്ടി രമേഷും ചേര്‍ന്നാണ്. ദിനേഷ് കുറ്റിയിലാണ് നാടകം സംവിധാനം ചെയ്യുന്നത്. ദിനേഷ് മാവൂര്‍ രംഗ പടവും ഉണ്ണി ചെമ്മരത്തൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷി കേഷ് ശിവ സംഗീത നിയന്ത്രണവും നിര്‍വഹിക്കുന്നു. രാജീവ് വെള്ളിക്കോത്ത്, ഹൃദ്യ സുരേഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091 ) ശിവകുമാര്‍ കൊല്ലറോത്ത് (36044417 ) എന്നിവരുമായി ബന്ധപ്പെടണം

No comments:

Pages