പി.വി.രാധാക്യഷ്ണ പിള്ളയ്ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ - Bahrain Keraleeya Samajam

Breaking

Tuesday, January 10, 2012

പി.വി.രാധാക്യഷ്ണ പിള്ളയ്ക്ക് പ്രവാസി ഭാരതീയ സമ്മാന്‍

ജയ്പൂര്‍: പ്രവാസി ഭാരതീയ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റും ബഹ്റൈന്‍ വൈദ്യുതി മന്ത്രാലയത്തില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുമായ പി.വി. രാധാകൃഷ്ണ പിള്ള തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം കുണ്ടറ അലിന്‍ഡിലും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലും സേവനമനുഷ്ഠിച്ച ശേഷമാണ് 1992ല്‍ ബഹ്റൈന്‍ വൈദ്യുതി മന്ത്രാലയത്തില്‍ ചേര്‍ന്നത്. തുടര്‍ന്നു ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തു സജീവമായി. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റെന്ന നിലയില്‍ പ്രകടമാക്കിയ സംഘടനാ പാടവമാണു പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

സമാജത്തിന്റെ ആസ്ഥാനമന്ദിരം ബഹ്റൈനിലെ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി വളര്‍ന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗള്‍ഫ് കേന്ദ്രം ഇവിടെയാണ്. കേരള സാഹിത്യ അക്കാദമിയുടെ ക്യാംപുകള്‍ക്കും വേദിയാകുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് കേന്ദ്രം ആരംഭിക്കാനും ശ്രമമുണ്ട്. ഇന്ത്യന്‍ എംബസിയുടെ ചടങ്ങുകള്‍ക്കും സമാജം ഓഫിസ് വേദിയാകുന്നു. ഓഫിസിനോടു ചേര്‍ന്ന് 2,500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. സമാജത്തിന്റെ സ്കൂള്‍ ഓഫ് മലയാളത്തില്‍ 600 കുട്ടികള്‍ മാതൃഭാഷ പഠിക്കുന്നു. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗള്‍ഫ് യുവജനോല്‍സവവും വിദ്യാരംഭ ചടങ്ങുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പ്രവാസി പൊതു പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നതെന്നു രാധാകൃഷ്ണ പിള്ള പറഞ്ഞു. കൊല്ലം ഓയൂര്‍ സരോജ സദനില്‍ ലതയാണു ഭാര്യ. മക്കള്‍: രാധിക, രഞ്ജിനി. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഇതു മൂന്നാം തവണയാണ് ബഹ്റൈനിലേക്ക് എത്തുന്നത്. 2008 ല്‍ ഡോ. രവിപിള്ളയ്ക്കും, 2009 ല്‍ സോമന്‍ ബേബിക്കുമായിരുന്നു ഇതിനു മുന്‍പ് പുരസ്കാരം.

No comments:

Pages