മിനേഷ്, ബഹറിൻ
മുല്ലപെരിയാര്‍ അണക്കെട്ട് കേരളീയ സമൂഹത്തിലും ആഗോളതലത്തിലും മാനവികതയുടെ മുകളില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ ബഹറിനിലെ ഏറ്റവും വലിയ മലയാളി പ്രവാസ കൂട്ടായ്മയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഡ്യ സമ്മേളനം മലയാളിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ബഹറിന്‍ നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.
ഡാം സുരക്ഷയെകുറിച്ച് അനുനിമിഷം ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതാണ് എന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള ചടങ്ങില്‍ ആവശ്യപ്പെട്ടു.
പ്രവാസ സമൂഹത്തിന്റെ ആകുലതകള്‍ അദ്ദേഹം ചടങ്ങുമായി പങ്കുവെച്ചു. തമിഴ് ജനതയുടെ ജലലഭ്യത എന്ന ആവശ്യവും കേരളത്തിനു വളരെ പ്രധാനപെട്ട വിഷയമാണ്. അതുകൊണ്ട് തന്നെ ഇരു സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ കാലവിളംബം കൂടാതെയുള്ള ചര്‍ച്ചകള്‍ നടത്തി ഇതു സംബന്ധിച്ച് കേരള സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഭീതി അകറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന്റെ ഭാഗമായി സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഒപ്പുകള്‍ സഹിതമുള്ള നിവേദനം പ്രധാനമന്ത്രി, കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് സമാജം കൈമാറുമെന്ന് അദ്ദേഹം സദസ്സിനെ അറിയിച്ചു.
തുടര്‍ന്നു സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സേവ് മുല്ലപ്പെരിയാര്‍ പ്രമേയം അവതരിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണിനിരന്നിട്ടുള്ള കേരള ജനതയ്ക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രമേയത്തില്‍ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരങ്ങള്‍ക്ക് സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബഹറിനിലെ മലയാളി സമൂഹത്തിനു വേണ്ടി സമാജം ആവശ്യപ്പെട്ടു.
ബഹറിനിലെ മലയാളികളുടെ ഈ വിഷയത്തിലുള്ള ജാഗ്രതയും കരുതലും അനുഭാവവുമായി സമാജം ബാലവേദി, മലയാളം പാഠശാല എന്നിവയിലെ കുട്ടികള്‍ മെഴുകുതിരികളും ചിരാതുകളും തെളിയിച്ചു. ബിജു എം സതീഷ് മുല്ലപ്പെരിയാര്‍ ഐക്യ ദാര്‍ഢ്യ പ്രതിജ്ഞ സദസ്സിനു ചൊല്ലികൊടുത്തു.
തുടര്‍ന്നു സംസാരിച്ച സജി മാർക്കോസ് ഈ വിഷയത്തില്‍ അടിയന്തിരമായി കേരളത്തിലെ മൂന്നു കോടി ജനങ്ങളുടെ ഇച്ഛാശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് അഭിപ്രായപെട്ടു. ഡാമിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ് എന്ന സി എസ് എം ആര്‍ സംഖത്തിലുണ്ടായിരുന്ന കേരള പ്രതിനിധിയുടെ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനു മുന്നില്‍ ലഭിച്ചിട്ട് ആറുമാസമായി. വിദൂര നിയന്ത്രണ വാഹനവും ക്യാമറയും ഉപയോഗിച്ച് നടത്തിയിട്ടുള്ള പഠനത്തില്‍ ഡാമിന് വലിയതോതിലുള്ള ബലക്ഷയം സംഭവിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഒരു ഭൂചലനം ഈ ഡാമിന്റ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന വസ്തുത മലയാളികള്‍ പോലും പൂർണ്ണമായ വിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡാം സുരക്ഷിതമാണെന്നും മറ്റും തമിഴ് ജനതയ്ക്ക് മുന്നിലും പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നുണ്ട്. മുപ്പത്തിഅഞ്ചു ലക്ഷം പേരുടെ ജീവിതം തുലാസില്‍ നില്‍ക്കുന്ന ഈ അവസരത്തിലും ഇടുക്കി അണക്കെട്ടിന്റെ ബലത്തെപറ്റിയോ ഭ്രംശ മേഖലയില്‍ പുതിയൊരു ഡാം ഉണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയോ വേണ്ട വിധത്തിലുള്ള ഒരു പഠനവും നടത്താതെയാണ് പുതിയ ഡാം എന്ന നിര്‍ദ്ദേശം നാം മുന്നോട്ടു വെക്കുന്നത് എന്ന് മറക്കരുത്. അടിയന്തിരമായി ഈ വിഷയത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. അതേസമയം അപകടാവസ്ഥയിലുള്ള ഡാം ഡീക്കമ്മീഷൺ ചെയ്യുന്നതിൽ കാലതാമസം പാടില്ല. ഇടുക്കി ഡാമിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഭരണകൂടത്തിന്റെ സത്വര ശ്രദ്ധ വേണ്ട വിഷയത്തിൽ പരിഹരിക്കപ്പെടാത്തത് നമ്മുടെ സംവിധാനങ്ങളുടെ അപര്യാപ്തതയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥയും അതുണ്ടാക്കുന്ന ഗുരുതരമായ സുരക്ഷഭീഷണിയും ചടങ്ങില്‍ സംസാരിച്ച എബ്രഹാം സാമുവല്‍, രാജു കല്ലുംപുറം എന്നിവര്‍ പങ്കുവെച്ചു. കാവേരി നദീ ജലതര്‍ക്കം പരിഹരിക്കപ്പെട്ടത് പോലെ ഇരു സംസ്ഥാനങ്ങളുമായി കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ രമ്യതയിലുള്ള ചര്‍ച്ചകളിലൂടെയുള്ള ഒരു പരിഹാരമാണ് വേണ്ടത് എന്ന് ഡി. സലിം അഭിപ്രായപെട്ടു. ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു സ്വാഗതവും മിനേഷ് ആര്‍. മേനോന്‍ നന്ദിയും പറഞ്ഞു.
Source:http://www.nammudeboolokam.com/2011/12/blog-post_05.html
Monday, December 5, 2011
മുല്ലപ്പെരിയാര്‍ ജനതയ്ക്ക് മരതക ദ്വീപിന്റെ ഐക്യദാര്‍ഢ്യം.
Tags
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Tags:
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment