അക്ഷരമുത്തുകള്‍ കൊത്തിയെടുക്കും കുഞ്ഞരിപ്രാവുകള്‍ ഞങ്ങള്‍' എന്നുപാടിയും ആ അക്ഷരങ്ങളുടെ കൗതുകങ്ങളിലൂഞ്ഞാലാടിയും 400ഓളം കുട്ടികള്‍ മാതൃഭാഷാ പഠനത്തിന് തുടക്കം കുറിച്ചു. ഗള്‍ഫിലെ തന്നെ മാതൃഭാഷാ പഠനത്തിന്റെ ഏറ്റവും വിപുലമായ കളരിയായ കേരളീയ സമാജം പാഠശാലയുടെ പുതിയ അധ്യയന വര്‍ഷം എംബസി ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബെന്യാമിന്‍, സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, പാഠശാല അധ്യാപകര്‍, കുട്ടികളുടെ രക്ഷിതാക്കള്‍, സമാജം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പാഠശാല വിദ്യാര്‍ഥിനി അഞ്ജു ശിവദാസ് അവതാരകയായിരുന്നു.
തങ്ങളുടെ കുട്ടികള്‍ മലയാളം മറക്കരുതെന്ന ആഗ്രഹത്തോടെയാണ് രക്ഷിതാക്കള്‍ അഞ്ചുവയസ്സുമുതലുള്ള കുട്ടികളെ പാഠശാലയിലേക്ക് കൊണ്ടുവന്നത്.
400 പേരില്‍ 80 ശതമാനവും ബഹ്‌റൈനില്‍ ജനിച്ചുവളര്‍ന്നവരാണ്. അതുകൊണ്ടുതന്നെ മലയാളവുമായി ഒരുതരത്തിലുള്ള ബന്ധവും ഇവര്‍ക്കില്ല. സംസാരിക്കാന്‍ അത്യാവശ്യം വാക്കുകള്‍ മാത്രമാണ് ഇവരുടെ കൈമുതല്‍.
'വാക്കുകള്‍ കൂട്ടിച്ചൊല്ലാനറിയാത്ത' ഈ കിടാങ്ങള്‍ മൂന്നാം ക്ലാസിലെത്തുമ്പോള്‍ കവിത ചൊല്ലാനും അഞ്ചാം ക്ലാസിലെത്തുമ്പോള്‍ പത്രം വായിക്കാനും ശേഷിയുള്ളവരാകുന്നു. ഏഴാം ക്ലാസുകഴിഞ്ഞാല്‍ എഴുത്തിന്റെയും വായനയുടെയും കാര്യത്തില്‍ സ്വയം പര്യാപ്തരാകുന്നു. ജി ശങ്കരക്കുറുപ്പും സുഗതകുമാരിയും കുഞ്ഞുണ്ണിമാഷും മുതല്‍ സിപ്പി പള്ളിപ്പുറം വരെയുള്ളവരുടെ കവിതകളില്‍ മുങ്ങിത്തപ്പിയാണ് കുട്ടികള്‍ ഭാഷയുടെ നവരസം നുകരുന്നത്.
ഏഴാം ക്ലാസുവരെയാണ് പാഠശാലയിലുള്ളത്. പഠിപ്പിന്റെ നിലവാരമനുസരിച്ചാണ് ക്ലാസ് കയറ്റം. ഒരു ക്ലാസില്‍ ശരാശരി 20 കുട്ടികള്‍. 36 കുട്ടികള്‍ വരെയുള്ള ക്ലാസുണ്ട്. ഇത്തവണ പ്രവേശനം നേടിയവരില്‍170 പേര്‍ തുടക്കക്കാരാണെന്ന് പാഠശാലയുടെ പ്രധാന അധ്യാപകനായ സുധി പുത്തന്‍വേലിക്കര പറഞ്ഞു. ഇവരെ വിവിധ ക്ലാസുകളാക്കി തിരിക്കും. കേരള സര്‍ക്കാര്‍ സിലബസാണ് ഇവിടെയും. കൂടാതെ ഭാഷയും സാഹിത്യവും ചരിത്രവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ പ്രത്യേക ക്ലാസുകളും. കൂടുതല്‍ ശാസ്ത്രീയമായി പുനര്‍ക്രമീകരിച്ച സിലബസാണ് ഇത്തവണ നടപ്പാക്കുന്നത്. കഴിഞ്ഞകാല പോരായ്മകള്‍ നികത്തിയാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. മൂന്നു ടേമുകളില്‍ ഒരു വര്‍ഷത്തെ പഠനം അവസാനിക്കും. ടേം പരീക്ഷകളും വാര്‍ഷിക പരീക്ഷയുമുണ്ട്.
ഭാഷയില്‍ പരിശീലനവും ഉന്നത യോഗ്യതയും നേടിയ 19 അധ്യാപകരാണ് പാഠശാലക്ക് നേതൃതം നല്‍കുന്നത്. പലരും ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ കൂടിയാണ്. ബിജു എം സതീഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് പാഠശാലയുടെ നേതൃത്വം.
ബഹ്റൈന്‍ കേരളീയ സമാജം പാഠശാലയുടെ പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍ നിര്‍വഹിക്കുന്നു.
No comments:
Post a Comment