
മലയാളിയുടെ കാപട്യങ്ങളെ അതിരൂക്ഷമായി ആക്രമിച്ച് വിമര്‍ശകന്‍ കൂടിയായ സക്കറിയ, മലയാള സാഹിത്യം, ഭാഷ, സംസ്കാരം എന്നിവക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണതികളെ ഉദ്ഘാടന പ്രഭാഷണത്തില്‍ സൂക്ഷ്മമായി വിലയിരുത്തി.മലയാളിക്കുവേണ്ടി നിലകൊള്ളുന്നു എന്ന് സ്വയം പറയുന്ന രാഷ്ട്രീയം, മതം, ജാതി, മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നുതന്നെയാണ് മലയാളവും കേരളവും അനുഭവിക്കുന്ന അടിസ്ഥാന പ്രതിസന്ധി ഉല്‍ഭവിക്കുന്നതെന്ന് സക്കറിയ പറഞ്ഞു. ഭാഷ ശക്തമാകുന്നത് സമൂഹത്തിന്റെ വളര്‍ച്ചക്കൊപ്പമാണ്. എന്നാല്‍, രാഷ്ട്രീയമായും സാമ്പത്തികമായും വിശ്വാസപരമായും തകര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഭാഷയാണ് ഇന്ന് മലയാളം. കുടിവെള്ളമടക്കം പൌരന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നും നിറവേറ്റാന്‍ കഴിയാത്ത സമൂഹമാണ് ഇന്ന് കേരളത്തിലേത്. ഇങ്ങനെയൊരു സമൂഹത്തിന്റെ ഭാഷയും പ്രതിസന്ധിയിലായിരിക്കും. മലയാളം പഠിച്ചതുകൊണ്ട് കുടുംബത്തെ രക്ഷിക്കാനാകില്ല. സ്വന്തം ഭാഷ അവന് അന്നം കൊടുക്കുന്നില്ല. ആ ഭാഷക്കുപിന്നിലെ സമൂഹം തകര്‍ന്നുപോയി. അതുകൊണ്ടാണ് അതിജീവന വിദഗ്ധനായ ശരാശരി മലയാളി, നിസ്സഹായതയോടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിടുന്നത്.ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് വാക്കുകളാണ്. ഏറ്റവും ലാഭകരമായ ഒരൊറ്റ വ്യവസായമേയുള്ളൂ, മാധ്യമ വ്യവസായം. മറ്റൊന്ന് ഭക്തി വ്യവസായമാണ്. കേരളത്തിലെ ഏറ്റവും പ്രമുഖ ആള്‍ദൈവം വര്‍ഷത്തില്‍ 10 മാസവും വിദേശത്താണ്. ആള്‍ദൈവം എന്തുകൊണ്ട് പരമദരിദ്രരായ കോടികള്‍ ജീവിക്കുന്ന ബീഹാറിലും യു.പിയിലും ചെന്ന് താമസിക്കുന്നില്ല?സാഹിത്യവും സാഹിത്യകാരനും ഇത്തരം കുത്തകകളുടെ കളിപ്പാട്ടങ്ങളാണ്, പ്രത്യേകിച്ച് മാധ്യമ കുത്തകകളുടെ. മാധ്യമ വ്യവസായം നിയന്ത്രിക്കുന്നത് രാഷ്ട്രിയ/മത/ജാതി വ്യവസായമാണ്. ഈ സാഹചര്യത്തില്‍ മലയാള ഭാഷ രാഷ്ട്രീയ അധികാരത്തിന്റെ ഭാഷയായി മാറിയിരിക്കുന്നു. ഇംഗ്ലീഷ് പഠിച്ചവന്‍ പെട്ടിയെടുത്ത് മലയാളം പഠിച്ച രാഷ്ട്രീയക്കാരന്റെ പുറകെ നടക്കുന്നു.കേരളത്തില്‍ ഭൂരിപക്ഷവും മലയാളം സംസാരിക്കുന്നിടത്തോളം ഭാഷ മരിക്കില്ല. ഭാഷയാണ് ഒരാളുടെ ആദ്യത്തെയും അവസാനത്തെയും തിരിച്ചറിയല്‍ കാര്‍ഡ്. ഇതിന്റെ പുറത്ത് സൌകര്യപൂര്‍വം മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂടി ഒട്ടിച്ചുചേര്‍ത്താണ് മലയാളി നടക്കുന്നത്.മലയാളം വ്യാപകമായി ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഭക്തി വ്യവസായക്കാരുമാണ്. അതുപക്ഷെ മലയാളിയെ രക്ഷിക്കാനല്ല, സ്വന്തം ഗൂഢതാല്‍പര്യം സംരക്ഷിക്കാനാണ്. അതുകൊണ്ട് നേരു പറയാനുള്ള ഭാഷയല്ലാതായിരിക്കുന്നു മലയാളം. ഇവരിലൂടെ വളരുന്നത് വ്യാജ ഭാഷണങ്ങളാണ്. രാഷ്ട്രീയക്കാരനും മാധ്യമങ്ങളും പുരോഹിതനും കള്ളം പറയുമ്പോള്‍ പൌരന്‍ നിസ്സഹായനാകുന്നു. അവന്‍ അനുസരണയുള്ള നായയെപ്പോലെ വാലാട്ടുന്നു. ഇത് മലയാള ഭാഷയുടെ ചരിത്രപരമായ പരിമാണമായിരിക്കാം എന്ന് സക്കറിയ സൂചിപ്പിച്ചു.ഒരു കോടി മലയാളികള്‍ കേരളത്തിന് പുറത്ത് ജീവിക്കുന്നു. ഈ ആഗോള ജീവിതം അസാധാരണങ്ങളായ അനുഭവതലങ്ങളെ മലയാളത്തിലെത്തിക്കാന്‍ പര്യാപ്തമാണ്. 50^60കളില്‍ മലയാളത്തില്‍ ആധുനികതാ പ്രസ്ഥാനം തുടങ്ങിയത് പരദേശവാസം നല്‍കിയ അന്യതയില്‍ നിന്നാണ്. 70^80കളില്‍ ഗള്‍ഫിലേക്ക് പോയ തലമുറ അനുഭവിച്ച സമ്മര്‍ദത്തിന് വ്യക്തിയുടെ ഭാവനകളെയും സ്വപ്നങ്ങളെയും മുക്കിക്കളയാനുള്ള ശക്തിയുണ്ടായിരുന്നു. പരദേശത്തുള്ള ഒരു മലയാളി നാട്ടില്‍ ഒരു കുടുംബത്തെ പോറ്റുന്നവനാണ്. ബഹ്റൈനിലെ രണ്ടു ലക്ഷം മലയാളികള്‍ കേരളത്തില്‍ രണ്ടു ലക്ഷം മലയാളികുടുംബങ്ങളെ, അതിലുള്ള 8^ 10 ലക്ഷം പേരെ, പോറ്റുന്നു. അഞ്ചു ലക്ഷം പേര്‍ക്കുപോലും തൊഴില്‍ നല്‍കുന്ന പ്രസ്ഥാനം കേരളത്തില്‍ ഇല്ലെന്നും ഓര്‍ക്കണം. ഈയൊരു രക്ഷാമാര്‍ഗത്തെക്കുറിച്ച്, അറബികളും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരും ഗൌരവത്തോടെ പഠിച്ചിട്ടില്ല.ഗള്‍ഫിലെ കുടിയേറ്റക്കാരില്‍ സാംസ്കാരികമായ ഒറ്റപ്പെടലിന്റെ വികാരം ഇല്ല. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികള്‍ക്കിടയില്‍ ഇത് ശക്തമാണ്. അവിടത്തെ ബുദ്ധിപരവും സാംസ്കാരികവും രാഷ്ട്രീയവുമായ അടിസ്ഥാനങ്ങളോട് ഒപ്പത്തിനൊപ്പം നിന്ന് ഏറ്റുമുട്ടാന്‍ കഴിയാത്തതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികള്‍ നാട്ടിലെപ്പോലെ തങ്ങള്‍ക്ക് എളുപ്പം അണിയാവുന്ന മതത്തിന്‍െയും ജാതിയുടെയും സുരക്ഷിതത്വത്തിലേക്ക് പോകുന്നു. പള്ളിയോടും അമ്പലത്തോടും ആള്‍ദൈവങ്ങളോടും ചേര്‍ന്നുനിന്ന് തങ്ങളുടെ സ്വത്വം സ്ഥാപിക്കുന്നു. ഇത് നിസ്സഹായതയുടെ പ്രശ്നം കൂടിയാണ്. എന്നാല്‍ ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ കേരളീയമായ വേരുകളുടെ പ്രസരിപ്പുള്ളതുകൊണ്ട് മത^ ജാതി ഭ്രാന്ത് ഇല്ല. അതേസമയം, ഇവിടെ മലയാളി ബലിമൃഗമായാണ് ജീവിക്കുന്നത്. തങ്ങളെ സാമ്പത്തിക അഭയാര്‍ഥികളാക്കിത്തീര്‍ത്ത അതേ രാഷ്ട്രീയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവര്‍ ഇവിടെയും ഒട്ടിച്ചുവച്ചിരിക്കുന്നു. പ്രവാസികള്‍ ജോലി ചെയ്യുന്ന എവിടെയും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ അത്ര സൌകര്യമുള്ള കെട്ടിടം കണ്ടിട്ടില്ലെന്ന് സക്കറിയ പറഞ്ഞു. ഇത് ബഹറൈനിലെ മലയാളികളോടുള്ള പ്രതിബന്ധതയുടെ ശക്തികേന്ദ്രമായി നിലകൊള്ളുന്നു.മുന്‍മന്ത്രി എം.കെ മുനീര്‍ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിന്‍ എന്നിവര്‍ സംസാരിച്ചു. മലയാളം പാഠശാല വിദ്യാര്‍ഥികള്‍ ഒ.എന്‍.വിയുടെ 'മലയാളം' എന്ന കവിത അവതരിപ്പിച്ചു. ഭരത്ശ്രീ രാധാകൃഷ്ണന്‍ സംവിധാനം ചെയ്‌ത ' ഇനി എന്തുവില്‌ക്കുവാന്‍ ബാക്കി' എന്ന നൃത്തശില്‌പം എന്നിവയും ഉണ്ടായിരുന്നു,ചടങ്ങിന് തുടക്കം കുറിച്ച് മോഹിനിയാട്ടവുമുണ്ടായിരുന്നു
No comments:
Post a Comment