കേരളീയ സമാജം സാഹിത്യ പുരസ്കാരം കാവാലം നാരായണ പണിക്കര്‍ക്ക് - Bahrain Keraleeya Samajam

Breaking

Wednesday, October 7, 2015

കേരളീയ സമാജം സാഹിത്യ പുരസ്കാരം കാവാലം നാരായണ പണിക്കര്‍ക്ക്

015-16 വര്‍ഷത്തെ ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത നാടകകൃത്തും സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരെ തെരഞ്ഞെടുത്തതായി സമാജം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാള കലാ സാഹിത്യ രംഗത്തും ഭാഷക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് സമാജം സാഹിത്യ പുരസ്കാരം നല്‍കി വരുന്നതെന്ന് ആക്ടിങ് പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍ എന്നിവര്‍ പറഞ്ഞു. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ബഹ്റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് ഒക്ടോബര്‍ 23,24 തീയതികളില്‍ നടക്കുന്ന സാഹിത്യ പരിപാടികളുടെ ഭാഗമായ ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് സേതു കാവാലം നാരായണ പണിക്കര്‍ക്ക് സമ്മാനിക്കും. ഡോ.കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണ പിള്ള, സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. സാഹിത്യ-കലാ രംഗങ്ങളില്‍ കേരളത്തനിമയില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന സമാനതകളില്ലാത്ത വടവൃക്ഷമാണ് കാവാലം നാരായണ പണിക്കരെന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. വിവിധ രംഗങ്ങളില്‍ സ്വന്തം വഴി വെട്ടിത്തുറന്ന വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്‍െറ നാട്ടുപാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആധുനിക ഭാവുകത്വവുമായി സംവദിച്ചവയാണ് അദ്ദേഹത്തിന്‍െറ കലാസൃഷ്ടികള്‍. ഈ നിലയില്‍ മലയാളിയുടെ സാഹിത്യ-കലാ അനുഭവങ്ങളെ സമ്പുഷ്ടമാക്കിയ കാവാലത്തിന് സമാജം സാഹിത്യ പുരസ്കാരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ജൂറി വ്യക്തമാക്കി. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി.പദ്മനാഭന്‍, പ്രൊഫ. എം.കെ സാനു, പ്രൊഫ.ശങ്കരപിള്ള എന്നിവര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

No comments:

Pages