സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനോദ്ഘാടനം നാലിന്; ഊര്‍മിള ഉണ്ണി മുഖ്യാതിഥി - Bahrain Keraleeya Samajam

Breaking

Tuesday, July 2, 2013

സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനോദ്ഘാടനം നാലിന്; ഊര്‍മിള ഉണ്ണി മുഖ്യാതിഥി

കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഈമാസം നാലിന് സമാജത്തില്‍ നടക്കും. ചടങ്ങില്‍ ചലച്ചിത്ര താരം ഊര്‍മിള ഉണ്ണി മുഖ്യാതിഥിയായിരിക്കുമെന്ന് സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍ എന്നിവര്‍ അറിയിച്ചു. ഇതോടനത്തോടനുബന്ധിച്ച് ‘മാരിയപ്പന്‍െറ പുരയിലെ കുട്ടികള്‍’ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാര്‍ രചിച്ച നാടകത്തിന് ദിനേശ് കുറ്റിയിലാണ് ദൃശ്യഭാഷ്യം ഒരുക്കുന്നത്. ഷാജഹാന്‍ പത്തനാപുരം, പ്രദീപ് പതേരി, സുവിത രാകേഷ്, ശ്രീജിത്ത് ഫാറൂക്, അഭിഷിത്ത് ധര്‍മരാജ്, ആര്യാ ലക്ഷ്മി എന്നിവര്‍ നാടകത്തില്‍ വേഷമിടും. പ്രകൃതിയും മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും അവക്ക് നേരെയുള്ള കടന്നു കയറ്റങ്ങളുമാണ് നാടകത്തിന്‍െറ പ്രമേയം. ദിനേശ് മാവൂര്‍ രംഗപടവും ആന്‍റണി പെരുമാനൂര്‍ പ്രകാശ നിയന്ത്രണവും ഹൃഷികേശ് ശിവ സംഗീത സംവിധാനവും നിര്‍വഹിക്കും. കൂടാതെ പ്രമുഖ നാടക ഗാനങ്ങളുടെ രംഗാവിഷ്കരണവുമുണ്ടാകും. വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് സ്കൂള്‍ ഓഫ് ഡ്രാമ ഈ വര്‍ഷം ഒരുക്കുന്നതെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് പറഞ്ഞു. ഈ വര്‍ഷം നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം സംഗീത നാടക അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതോടൊപ്പം റേഡിയോ നാടക മത്സരവും കുട്ടികള്‍ക്കായി ഇംഗ്ളീഷ് നാടക മത്സരമായ ഡ്രമാറ്റിക്ക എന്നിവയും നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നാടക ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും പരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന മികച്ച നാടകങ്ങള്‍ അരങ്ങില്‍ എത്തിക്കുന്നതിനും സ്ക്കൂള്‍ ഓഫ് ഡ്രാമ മുന്‍കൈയെടുക്കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കായി ഏര്‍പ്പെടുത്തിയ ഭരത് മുരളി അവാര്‍ഡ്, നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലന കളരികള്‍ എന്നിവയും ഈ വര്‍ഷം നടത്തും. എന്‍.കെ. വീരമണി കണ്‍വീനറും ദിനേഷ് കുറ്റിയില്‍, ജോയിന്‍റ് കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ഈ വര്‍ഷത്തെ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്്. വിശദ വിവരങ്ങള്‍ക്ക് 33494427, 36044417 നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Pages